റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങാൻ ഇന്ത്യക്ക് അമേരിക്കയുടെ അനുമതി”വേണമെന്ന തരത്തിലുള്ള പ്രചാരണം ചില രാഷ്ട്രീയ-മാധ്യമ വൃത്തങ്ങളിൽ ഉയരുന്നുണ്ടെങ്കിലും, ഈ വ്യാഖ്യാനം യാഥാർത്ഥ്യത്തെ തെറ്റായി അവതരിപ്പിക്കുന്നതാണന്ന് വിദഗ്ധർ പറയുന്നു. ഇന്ത്യയുടെ ഊർജ നയം സ്വതന്ത്രവും ദേശീയ താൽപര്യങ്ങളെ അടിസ്ഥാനമാക്കിയുമുള്ളതാണെന്നതാണ് ഔദ്യോഗിക നിലപാട്.
2026 ഫെബ്രുവരിയിലെ കണക്കുകളെടുത്തുനോക്കിയാൽ റഷ്യ ഇന്ത്യയുടെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ വിതരണക്കാരനായി തുടരുകയാണ്. ഇന്ത്യൻ റിഫൈനറികൾ ദിവസേന ഏകദേശം 10 ലക്ഷം മുതൽ 17 ലക്ഷം ബാരൽ വരെ റഷ്യൻ ക്രൂഡ് ഇറക്കുമതി ചെയ്യുന്നുണ്ട്. ഇത് ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയുടെ ഏകദേശം 25 മുതൽ 30% വരെ വരും
അതായത് ഒരു മാസത്തിൽ ഏകദേശം 2.8 കോടി മുതൽ 4.8 കോടി ബാരൽ വരെ റഷ്യൻ എണ്ണ ഇന്ത്യ വാങ്ങുന്നുണ്ടെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത്രയും വലിയ തോതിലുള്ള വ്യാപാരം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ എണ്ണ വാങ്ങൽ വിദേശ രാജ്യങ്ങളുടെ അനുമതിയാൽ നിയന്ത്രിക്കപ്പെടുന്നു എന്ന വാദം യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നില്ലെന്ന് നിരീക്ഷകർ പറയുന്നു.
ഇന്ത്യയ്ക്ക് എണ്ണയെന്നത് ഒരു നയതന്ത്ര സഹായമല്ല, മറിച്ച് തന്ത്രപ്രധാനമായ ആവശ്യകതയാണ്. രാജ്യത്തിന്റെ മൊത്തം ക്രൂഡ് ഓയിൽ ആവശ്യത്തിന്റെ 85 ശതമാനത്തിലധികം ഇറക്കുമതിയിലൂടെയാണ് ഇന്ത്യ നിറവേറ്റുന്നത്. അതിനാൽ വില, വിതരണ സ്ഥിരത, ജിയോ പൊളിറ്റിക്കൽ സാഹചര്യം, ആഭ്യന്തര വിലക്കയറ്റം എന്നിവ പരിഗണിച്ചാണ് സർക്കാർ എണ്ണ വാങ്ങൽ നയം രൂപപ്പെടുത്തുന്നത്.
2022ൽ ആരംഭിച്ച റഷ്യ– യുക്രൈൻ യുദ്ധത്തിന് ശേഷം ഇന്ത്യ തന്റെ ഊർജ വിതരണ സ്രോതസുകൾ വൈവിധ്യമാർന്നതാക്കിയിട്ടുണ്ട്. കുറഞ്ഞ വിലയിൽ ലഭ്യമായ റഷ്യൻ ക്രൂഡ്, ഇന്ത്യൻ റിഫൈനറികൾക്ക് സാമ്പത്തികമായി ഗുണകരമായതോടെ ഇറക്കുമതി വർധിക്കുകയും ചെയ്തു. ഇത് ആഭ്യന്തര വിപണിയിലെ ഇന്ധനവില സ്ഥിരതയോടെ നിലനിർത്താനും സഹായിച്ചു.
അതേസമയം ഇന്ത്യ അമേരിക്കയുമായി മാത്രമല്ല, റഷ്യ, ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെയുള്ള വിവിധ വിതരണ രാജ്യങ്ങളുമായി തുടർച്ചയായ നയതന്ത്ര ചർച്ചകളും വ്യാപാര ബന്ധങ്ങളും തുടരുന്നുണ്ട്. പക്ഷെ ഇത്തരം ചർച്ചകളെ “അനുമതി” എന്ന രീതിയിൽ വ്യാഖ്യാനിക്കുന്നത് യാഥാർത്ഥ്യത്തെ തെറ്റായി അവതരിപ്പിക്കുന്നതാണെന്ന് വിദഗ്ധർ പറയുന്നു.
ഇക്കാര്യത്തിൽ ഇന്ത്യയുടെ നിലപാട് തുടക്കം മുതൽ വ്യക്തമാണ്. ദേശീയ താൽപര്യവും വിപണിയിലെ സാഹചര്യങ്ങളും അടിസ്ഥാനമാക്കിയാണ് ഊർജം വാങ്ങൽ തീരുമാനങ്ങൾ എടുക്കുന്നത്. അമേരിക്ക റഷ്യൻ എണ്ണ വാങ്ങലുമായി ബന്ധപ്പെട്ട് സമ്മർദ്ദങ്ങൾ ഉയർത്തിയ സാഹചര്യത്തിലും ഇന്ത്യ ഇറക്കുമതി പൂർണമായി നിർത്തിയിട്ടില്ല. പകരം വിവിധ വിതരണ സ്രോതസുകളുമായി ബന്ധം നിലനിർത്തിക്കൊണ്ട് തന്നെ തന്ത്രപരമായ നയതന്ത്രം തുടരുകയാണ്.
പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുകയും ഖത്തർ താൽക്കാലികമായി വാതക ഉൽപ്പാദനം നിർത്തിവെക്കുകയും ചെയ്ത സാഹചര്യത്തിൽ ആഗോള ഊർജ വിപണിയിൽ സമ്മർദ്ദം ഉയരുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ഉത്തരവാദിത്വമുള്ള ഒരു സർക്കാർ കൂടുതൽ വിതരണ മാർഗങ്ങൾ ഉറപ്പാക്കുക തന്നെയാണ് ചെയ്യുക.
ഇതിന്റെ പശ്ചാത്തലത്തിൽ റഷ്യ ഇന്ത്യയ്ക്ക് ഇപ്പോഴും പ്രധാനമായ ഒരു വിതരണ മാർഗമായി തുടരുകയാണ്. ഇന്ത്യയുടെ എണ്ണ നയം ആശയാധിഷ്ഠിതമോ വിദേശ രാജ്യങ്ങൾ നിർണ്ണയിക്കുന്നതോ അല്ല. മറിച്ച് അത് പ്രായോഗികവും സ്വതന്ത്രവുമായ സാമ്പത്തിക ആവശ്യകതകളെ അടിസ്ഥാനമാക്കിയുള്ള നയമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇന്ത്യ പോലുള്ള രാജ്യത്തിന്റെ വലുപ്പവും ആവശ്യകതകളും കണക്കിലെടുക്കുമ്പോൾ രാജ്യങ്ങൾ അവരുടെ ഊർജ തീരുമാനങ്ങൾ മറ്റാരുടെയും കൈകളിൽ ഏൽപ്പിക്കുകയില്ല. അതുപോലെ ഇക്കാര്യത്തിൽ മികച്ച വിലയും സ്ഥിരതയും ഉറപ്പാക്കുന്ന മാർഗങ്ങൾ കണ്ടെത്തി ജനങ്ങളുടെ താൽപര്യം സംരക്ഷിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.


















































