ന്യൂഡൽഹി: ബാറ്റിങ്ങിൽ വീണ്ടും പരാജയപ്പെട്ടുവെങ്കിലും ബോളിങ്ങിൽ കരുത്തുകാട്ടി ഇന്ത്യ.ട്വന്റി20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 210 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് നമിബീയ 18.2 ഓവറിൽ 116 റൺസിന് ഓൾഔട്ടായി. ഇന്ത്യയ്ക്ക് 93 റൺസ് വിജയം. മൂന്നു വിക്കറ്റെടുത്ത മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തിയും രണ്ടു വിക്കറ്റെടുത്ത അക്ഷർ പട്ടേലും ചേർന്നാണ് നമീബിയയെ കറക്കിവീഴ്ത്തിയത്. ഹാർദിക് പാണ്ഡ്യയും രണ്ടു വിക്കറ്റെടുത്തപ്പോൾ അർഷ്ദീപ് സിങ്, ജസ്പ്രീത് ബുമ്ര എന്നിവർ ഓരോ വിക്കറ്റ് വീതമെടുത്തു. ഒരാൾ ഹിറ്റ് വിക്കറ്റായി.
അതേസമയം റൺസ് അടിസ്ഥാനത്തിൽ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണ് ഇത്. 2012 ലോകകപ്പിൽ ഇംഗ്ലണ്ടിനതിരെ നേടിയ 90 റൺസ് ജയമായിരുന്നു ഇതുവരെയുണ്ടായിരുന്നതിൽ കൂറ്റൻ വിജയം. ഈ ജയത്തോടെ ഗ്രൂപ്പ് എയിൽ രണ്ടു മത്സരങ്ങളിൽനിന്ന് രണ്ടു ജയവുമായി ഇന്ത്യ, പാക്കിസ്ഥാനെ മറികടന്ന് ഒന്നാമതായി. അതേസമയം ഈ വിജയങ്ങൾക്കൊണ്ട് ഇന്ത്യയ്ക്ക് ആശ്വസിക്കാനാവില്ലെന്ന് ഉറപ്പ്. കാരണം താരതമ്യേന കുഞ്ഞന്മാരെന്നു വിശ്വസിക്കുന്ന യുഎസിനും നമീബിയയ്ക്കുമെതിരെ പോലും ഇന്ത്യൻ വെടിക്കെട്ട് ബാറ്റർമാർ പതറുന്ന കാഴ്ചയാണ് കഴിഞ്ഞ രണ്ടു മത്സരങ്ങളിലും കാണാൻ കഴിഞ്ഞത്. 15ന് പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഇതേ കളി പുറത്തെടുത്താൽ ഇന്ത്യയ്ക്ക് വിയർക്കേണ്ടി വരുമെന്ന് ഉറപ്പ്.
ഡൽഹിയിൽ നടന്ന രണ്ടാം മത്സരത്തിൽ സാമാന്യം ഭേദപ്പെട്ട തുടക്കമാണ് നമീബിയയ്ക്ക് ലഭിച്ചത്. ഓപ്പണർമാർ ചേർന്ന് 33 റൺസ് കൂട്ടിച്ചേർത്തു. നാലാം ഓവറിൽ അർഷ്ദീപ് സിങ്ങാണ് നമീബിയയുടെ ആദ്യ വിക്കറ്റ് വീഴ്ത്തിയത്. 15 പന്തിൽ 22 റൺസെടുത്ത ജാൻ ഫ്രൈലിങ്കാണ് പുറത്തായത്. പിന്നീട് പവർപ്ലേയിൽ വിക്കറ്റ് വീഴ്ത്താതെ നമീബിയ സൂക്ഷിച്ചു. ഇതോടെ പവർപ്ലേ അവസാനിക്കുമ്പോൾ 1ന് 57 എന്ന നിലയിലായിരുന്നു. എന്നാൽ എട്ടാം ഓവറിൽ വരുൺ ചക്രവർത്തിയാണ് കൂട്ടുകെട്ട് പൊളിച്ചത്. 29 റൺസെടുത്ത ലോറൻ സ്റ്റീൻകാംപിന്റെ കുറ്റി വരുൺ തെറിപ്പിച്ചു. നമീബിയയുടെ ടോപ് സ്കോററും ലോറൻ തന്നെ. പത്താം ഓവറിൽ വരുണിന്റെ ഇരട്ട പ്രഹരത്തോടെ നമീബിയ പൂർണമായും അടിയറവ് പറഞ്ഞുവെന്നുതന്നെ പറയാം.
ഒരു പന്തിന്റെ ഇടവേളയിൽ ജാൻ നിക്കോൾ ലോഫ്റ്റി -ഈറ്റൺ (13), ജെ.ജെ. സ്മിത്ത് (0) എന്നിവരാണ് പുറത്തായത്. തൊട്ടടുത്ത ക്യാപ്റ്റൻ ജെറാർഡ് ഇറാസ്മസിനെ (18) അക്ഷർ പട്ടേലും വീഴ്ത്തി. പിന്നീടങ്ങോട്ട് വന്നവർ വന്നവർ പെട്ടെന്നുതന്നെ കൂടാരം കയറി. മലാൻ ക്രൂഗർ (5), റൂബൻ ട്രംപൽമാൻ (6), ബെർണാഡ് ഷോൾട്സ് (4), ബെൻ ഷിക്കോംഗോ (0) എന്നിവർ രണ്ടക്കം കാണാതെ വീണു. വിക്കറ്റ് കീപ്പർ സെയ്ൻ ഗ്രീൻ (11) 17–ാം ഓവറിൽ ‘ഹിറ്റ്’ വിക്കറ്റായതോടെ നമീബിയയുടെ പതനം പൂർത്തിയായി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് ലോകകപ്പിലെ കന്നി മത്സരം കളിച്ച സഞ്ജുവിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. എട്ടു പന്തിൽ 22 റൺസെടുത്ത് പുറത്തായി. അവസാന നാലു പന്തിൽ മൂന്നു സിക്‌സറും ഒരു ബൗണ്ടറിയും നേടിയ ശേഷമാണ് സഞ്ജു പുറത്തായത്. ബെൻ ഷിക്കോംഗോയുടെ പന്തിൽ ലൗറൻ സ്റ്റീൻകാമ്പാണ് ക്യാച്ചെടുത്തത്.
പതിയെ തുടങ്ങിയ ഇഷാൻ കിഷൻ പിന്നീട് ആക്രമിച്ചു കളിച്ചു. 20 പന്തിൽ നിന്ന് ഇഷാൻ അർധ സെഞ്ചുറി തികച്ചത്. 5 ഫോറും നാലു സിക്‌സറും സഹിതമാണ് ഇഷാൻ അർധ സെഞ്ചറി തികച്ചത്. തകർപ്പനടി തുടർന്ന ഇഷാന്റെ ഇന്നിങ്‌സ് 61 റൺസിൽ അവസാനിച്ചു. 24 പന്തിൽ നിന്നാണ് ഇഷാന്റെ സ്‌കോറിങ്. ഗെർഹാർഡ് ഇറാസ്മസിന്റെ പന്തിൽ ബെൻ ഷിക്കോംഗോയാണ് ഇഷാനെ പുറത്താക്കിയത്.
പിന്നീട് വന്ന ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് 12 റൺസ് മാത്രമാണ് നേടാനായത്. ബെർണാഡ് ഷോൾട്‌സിനാണ് വിക്കറ്റ്. 25 റൺസെടുത്ത തിലക് വർമ ഗെർഹാർഡ് ഇറാസ്മസിന്റെ പന്തിൽ പുറത്തായി. അഞ്ചാം വിക്കറ്റിൽ ഒന്നിച്ച ഓൾറൗണ്ടർമാരായ ഹാർദിക് പാണ്ഡ്യയും ശിവം ദുബെയും ചേർന്നാണ് ഇന്ത്യൻ സ്കോർ 200 കടത്തിയത്. ഇരുവരും ചേർന്ന് 89 റൺസാണ് കൂട്ടിച്ചേർത്ത്. 4 സിക്സും 4 ഫോറും സഹിതം 28 പന്തിൽ അർധസെഞ്ചുറി നേടിയ ഹാർദിക്, തൊട്ടുപിന്നാലെ പുറത്തായത് ഇന്ത്യയ്ക്കു തിരിച്ചടിയായി. 18.1 ഓവറിൽ 4ന് 205 എന്ന നിലയിലായിരുന്ന ഇന്ത്യ ഒറ്റയടിക്ക് 9ന് 209 എന്ന നിലയിലേക്ക് തകർന്നുവീണു. ശിവം ദുബെ (16 പന്തിൽ 23), അക്ഷർ പട്ടേൽ (0), റിങ്കു സിങ് (6 പന്തിൽ 1), അർഷ്ദീപ് സിങ് (2 പന്തിൽ 2) എന്നിവരാണ് ഹർദിക്കിനു പിന്നാലെ ഔട്ടായത്. ഇതോടെ 230 എങ്കിലും കടക്കേണ്ട സ്കോർ വെറും 209ൽ ഒതുങ്ങി.
അഭിഷേക് പൂർണ ആരോഗ്യം വീണ്ടെടുത്തിട്ടില്ല. ഒന്നോ രണ്ടോ മത്സരങ്ങൾ പുറത്തിരിക്കേണ്ടി വരും. പകരം ടീമിലെത്തുന്ന സഞ്ജു ഏകദേശം സമാന ശൈലിയിൽ ബാറ്റ് ചെയ്യുന്ന താരമാണെന്നും സൂര്യകുമാർ യാദവ് പറഞ്ഞു.
















































