തോൽവികളിൽ നിന്ന് തോൽവികളിലേക്കു നീങ്ങി ക്രിക്കറ്റിൽ പരിഹാസമായി മാറിയിരിക്കുന്ന ടീമാണ് പാക്കിസ്ഥാൻ. കഴിഞ്ഞ ഏഷ്യ കപ്പിൽ ഫൈനലിൽ ഇന്ത്യയോട് തോറ്റ് കപ്പും അടിച്ചുമാറ്റി മുങ്ങിയ പാക്കിസ്ഥാൻ ടി 20 ലോകകപ്പിലും നാണംകെട്ടാണ് പുറത്തായത്. കൂടാതെ ഇപ്പോൾ നടക്കുന്ന ബംഗ്ലാദേശ് പര്യടനത്തിലും പാക്കിസ്ഥാൻ പരാജയപ്പെട്ടിരിക്കുകയാണ്. ഏകദിന പരമ്പരയും തോറ്റതോടെ വലിയ വിമർശനങ്ങളാണ് ടീമിനും ക്രിക്കറ്റ് ബോർഡിനും നേരെ ഉയരുന്നത്.
ഇപ്പോഴിതാ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനും സ്റ്റാർ പേസറുമായ ഷഹീൻ ഷാ അഫ്രീദിക്കെതിരെ ആഞ്ഞടിച്ച് മുൻ ക്യാപ്റ്റൻ റാഷിദ് ലത്തീഫ്. നായകനാകുന്നത് പോയിട്ട് ദേശീയ ടീമിന്റെ ഭാഗമാകുവാൻ പോലും അഫ്രീദി യോഗ്യനല്ലെന്നാണ് ലത്തീഫ് പറഞ്ഞത്. ഷഹീനെ ഏകദിന ക്യാപ്റ്റനായി നിയമിച്ചതിന് പിന്നാലെയാണ് ലത്തീഫ് പ്രതികരണം.
‘ഷഹീൻ ഏകദിന ക്യാപ്റ്റനാകാൻ യോഗ്യനല്ലെന്ന് ഇപ്പോൾ എല്ലാവരും പറയുന്നു. എന്നാൽ സത്യത്തിൽ അദ്ദേഹം ടീമിൽ പോലും സ്ഥാനം നേടാൻ അർഹനല്ല എന്നതാണ് യാഥാർത്ഥ്യം. ഏകദിന നായകത്വത്തിൽ നിന്നും മാറ്റി ടി 20 ടീമിന്റെ ക്യാപ്റ്റൻ ആക്കണമെന്ന ആവശ്യം ഒരുപാട് പേർ ഉന്നയിക്കുന്നുണ്ട്. എന്നാൽ തന്റെ അഭിപ്രായത്തിൽ നായക സ്ഥാനം പോയിട്ട് ടീമിന്റെ ഭാഗമാകാൻ പോലും അഫ്രീദി അർഹനല്ല‘, ലത്തീഫ് പറഞ്ഞു.














































