കൊച്ചി: സ്വർണ്ണവിലയിൽ വീണ്ടും റെക്കോർഡ്: സ്വർണ്ണവില ഇന്ന് പവന് മുക്കാൽ ലക്ഷം രൂപ കടന്നു. സ്വർണ്ണവില ഇന്ന് ഗ്രാമിന് 95 രൂപയും പവന് 760 രൂപയും വർദ്ധിച്ച് യഥാക്രമം 9380 രൂപയും 75040 രൂപയുമായി . അന്താരാഷ്ട്ര സ്വർണ്ണവില 3427 ഡോളറും രൂപയുടെ വിനിമയ നിരക്ക് 86.40 ആണ്. 24 കാരറ്റ് സ്വർണ്ണ കട്ടിക്ക് ബാങ്ക് നിരക്ക് ഒരു കോടി രൂപയ്ക്ക് മുകളിലാണ്.
എല്ലാ കാരറ്റുകളുടെയും സ്വർണ്ണവിലയും ആനുപാതികമായി വർദ്ധിച്ചിട്ടുണ്ട്.
18K750 Gold Rate-7695
14K585 Gold Rate -5995
9K585 Gold Rate -3860
Silver- 125
40 ദിവസത്തെ ഇടവേളയ്ക്കുശേഷമാണ് സ്വർണ്ണവിലയിൽ വീണ്ടും റെക്കോർഡ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞമാസം 14ാം തീയതി ആയിരുന്നു ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തി റെക്കോർഡ് ഇട്ടത്. അതിനുശേഷം വില ഒമ്പതിനായിരത്തിൽ താഴോട്ടു പോകാതെ നിൽക്കുകയും പിന്നീട് തിരിച്ചു കയറുകയും ആണ് ചെയ്തത്.
എന്നാൽ ഏപ്രിൽ 22ന് അന്താരാഷ്ട്ര സ്വർണ്ണവില 3500 ഡോളർ എന്ന റെക്കോർഡിൽ എത്തിയപ്പോൾ രൂപയുടെ വിനിമയ നിരക്ക് 84.75 ലായിരുന്നതിനാൽ സ്വർണ്ണവില 9310 രൂപയിലായിരുന്നു. ഇന്ന് ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 81500 രൂപ നൽകേണ്ടിവരുമെന്ന് ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ പറഞ്ഞു.
യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിൻറെ ഇന്നലത്തെ പ്രഖ്യാപനങ്ങളാണ് വിലവർധനവിന് കാരണമായിട്ടുള്ളത്. പലിശ നിരക്കുകൾ സംബന്ധിച്ചോ, അദ്ദേഹത്തിൻറെ രാജി സംബന്ധിച്ചോ യാതൊരു സൂചനയും ഇന്നലെ നൽകിയിരുന്നില്ല.