കൊച്ചി: കെറ്റാമെലോൺ ഡാർക്ക് നെറ്റ് ലഹരി ഇടപാടിൽ അറസ്റ്റിലായ മൂന്ന് പ്രതികളും സഹപാഠികൾ എന്ന് നർകോട്ടിക് കണ്‍ട്രോൾ ബ്യൂറോ. എഡിസൺ ബാബുവും ഡിയോളും അരുൺ തോമസും മൂവാറ്റുപുഴയിലെ എൻജിനിയറിങ് കോളേജിൽ ഒരേ ക്ലാസിൽ പഠിച്ചവരാണ്. 2019 മുതൽ ഡിയോൾ രാജ്യാന്തര തലത്തിൽ ലഹരി ഇടപാടുകൾ നടത്തിയിരുന്നു. പ്രതികളെ നാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
മൂവാറ്റുപുഴയിലെ സ്വകാര്യ എൻജിനിയറിങ് കോളേജിൽ ബിടെക് പഠനം ഒരേ ക്ലാസ്സിൽ ഇരുന്ന് പൂർത്തിയാക്കിയവരാണ് എഡിസൻ ബാബുവും കെ വി ഡിയോളും അരുൺ തോമസും. പഠനം പൂർത്തിയാക്കി എഡിസൺ മുംബൈയിലും പൂനെയിലും ജോലി ചെയ്തപ്പോൾ 2019 മുതൽ തന്നെ ഡിയോൾ ലഹരി ഇടപാടുകൾ തുടങ്ങി. ഓസ്ട്രേലിയ ഉൾപ്പെടെ വിദേശ രാജ്യങ്ങളിലേക്ക് മാരക ലഹരി മരുന്നായ കെറ്റാമൈൻ എത്തിച്ചു. തന്റെ സാമ്പത്തിക വളർച്ച കാണിച്ചുകൊടുത്താണ് ഉറ്റ സുഹൃത്തായ എഡിസനെയും ഡിയോൾ ലഹരി വലയിൽ എത്തിച്ചത്.
പാഞ്ചാലിമേടിലുള്ള ഡിയോളിന്റെ റിസോർട്ട് ലഹരി പാർട്ടികളുടെ കേന്ദ്രമായിരുന്നു എന്നാണ് എൻസിബിയുടെ കണ്ടെത്തൽ. ലഹരി ഉപയോഗത്തിന് പുറമേ ഡാർക്ക് നെറ്റ് വഴിയുള്ള ലഹരി വില്പനയും റിസോർട്ടിൽ നടന്നതായി എൻ സി ബിക്ക് വിവരം ലഭിച്ചു. റിസോർട്ടിന്റെ ഇൻസ്റ്റഗ്രാം പേജിൽ നിറയെ എഡിസനും ഡിയോളുമൊക്കെ ഒരുമിച്ചുള്ള ചിത്രങ്ങളും റീലുകളും ഉണ്ട്.
കുടുംബവുമൊത്ത് എഡിസൺ റിസോർട്ടിലേക്ക് പതിവായി എത്തുമായിരുന്നു. വീട്ടുകാർക്ക് പോലും എഡിസന്‍റെ ലഹരി ഇടപാടുകളെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു. സമർത്ഥനായ എൻജിനീയറാണ് എഡിസൺ എന്ന് എൻസിബി വ്യക്തമാക്കുന്നു. 25 മുതൽ 30 വരെ സങ്കീർണമായ പാസ്‌വേഡുകൾ ഓർത്തിരിക്കാൻ സാധിക്കും. ഈ പാസ്‌വേഡുകളാണ് ഡാർക്ക് നെറ്റിലേക്ക് കയറാൻ ഉപയോഗിച്ചിരുന്നത്. പ്രതികളെ ലഹരി ഇടപാടിനെ സഹായിച്ചു എന്ന കുറ്റത്തിനാണ് ഡിയോളിന്റെ ഭാര്യ അഞ്ജുവിനെ എൻസിബി അറസ്റ്റ് ചെയ്തത്. ലഹരി ഇടപാടിലൂടെ സമ്പാദിച്ച കോടികൾ എവിടെയെന്ന അന്വേഷണത്തിലാണ് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ.
ക്രിപ്റ്റോ കറൻസിയിലൂടെ എഡിസൺ നടത്തിയ ഇടപാടുകൾ പൂർണമായും പരിശോധിക്കാൻ വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട് എൻ സി ബി. എഡിസനെയും അരുൺ തോമസിനെയും ഡിയോളിനെയും ഇന്ന് അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങും. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കാനാണ് തീരുമാനം.