കോഴിക്കോട്: വയനാട് പുനരധിവാസ ഫണ്ടിന്റെ കണക്ക് പുറത്തുവിട്ട് കോൺഗ്രസ് . കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് വയനാട് പുനരധിവാസത്തിനായി കോൺഗ്രസ് പിരിച്ച ഫണ്ടിന്റെ വിവരങ്ങൾ പുറത്തുവിട്ടത്. രണ്ട് അക്കൗണ്ടുകളിലൂടെ 5.38 കോടി രൂപ ലഭിച്ചെന്നാണ് സണ്ണി ജോസഫ് വെളിപ്പെടുത്തിയത്.
കെപിസിസി പ്രസിഡന്റിന്റെയും പ്രതിപക്ഷ നേതാവിന്റെയും പേരുകളിൽ ആരംഭിച്ച രണ്ട് ജോയിന്റ് അക്കൗണ്ടുകളിലാണ് 5,38,21,632 രൂപ ലഭിച്ചത്. യൂത്ത് കോൺഗ്രസ് 1.05 കോടി രൂപ പിരിച്ചുനൽകി. എന്നാൽ, ഭൂമി വാങ്ങാൻ ഇതിലധികം ചെലവായെന്നും ഇനി വീട് നിർമിക്കാനായി പാർട്ടി ഫണ്ടിൽനിന്ന് പണം ചെലവഴിക്കുമെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു. ഇനി ഫണ്ട് ശേഖരണമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വയനാട് പുനരധിവാസത്തിനായി ആദ്യഘട്ടത്തിൽ ഏറ്റെടുത്തത് മൂന്നേക്കർ 24.5 സെന്റ് ഭൂമിയാണ്. ഇതിനായി 3,68,36,388 രൂപ ചെലവായി. രണ്ടാംഘട്ടത്തിൽ രണ്ടേക്കർ 18 സെന്റ് ഭൂമി വാങ്ങി. ഇതിനായി 2,50,30,272 രൂപയും ചെലവായി. കെപിസിസിയുടെ തനതുഫണ്ടിൽനിന്ന് 97,51,212 രൂപ ചെലവഴിച്ചു. രജിസ്‌ട്രേഷനടക്കമുള്ള നടപടികൾക്കായി ഇനി വേണ്ടത് 73,90,985 രൂപയാണെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.
കോൺഗ്രസ് വയനാട് പുനരധിവാസത്തിനായി പിരിച്ച ഫണ്ടിൽ ഇനി വീട് നിർമിക്കാനുള്ള തുകയില്ലെന്നാണ് കണക്കുകൾ പുറത്തുവന്നതോടെ വ്യക്തമാകുന്നത്. അതേസമയം, വീട് നിർമിക്കാനായി പാർട്ടി ഫണ്ടിൽനിന്ന് പണം ചെലവഴിക്കുമെന്നാണ് കോൺഗ്രസിന്റെ വാദം.
അതിനിടെ, കോൺഗ്രസിന്റെ കണക്ക് കള്ളക്കണക്കാണെന്ന് സിപിഎം സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ് ആരോപിച്ചു. തറക്കല്ലിട്ട് പത്തുദിവസം കൊണ്ട് പണി തുടങ്ങുമെന്ന് പറഞ്ഞിട്ട് വീട് വെക്കാനുള്ള പണം എവിടെയെന്നും അദ്ദേഹം ചോദിച്ചു.
വയനാട് ചൂരൽമല-മുണ്ടക്കൈ പുനരധിവാസത്തിനായി കോൺഗ്രസ് സമാഹരിച്ച ഫണ്ടിന്റെ കണക്ക് പുറത്തുവിടാൻ സിപിഎം-ഡിവൈഎഫ്‌ഐ നേതാക്കൾ നേരത്തേ വെല്ലുവിളിച്ചിരുന്നു. മാത്രമല്ല, വയനാട് ഫണ്ട് കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് വഴിമാറ്റിയെന്നും ഡിവൈഎഫ്‌ഐ നേതാവ് എ.എ. റഹീം ഉൾപ്പെടെ ആരോപിച്ചിരുന്നു. വയനാട് പുനരധിവാസത്തിന്റെ ഭാഗമായി നൂറോളം വീടുകൾ നിർമിച്ചുനൽകുമെന്നായിരുന്നു കോൺഗ്രസിന്റെ പ്രഖ്യാപനം. ഇതിന്റെ ശിലാസ്ഥാപനം രാഹുൽഗാന്ധിയാണ് നിർവഹിച്ചത്.
ലൈംഗികാതിക്രമക്കേസ്: സംവിധായകൻ രഞ്ജിത്തിന് ജാമ്യമില്ല; തിങ്കളാഴ്ചവരെ പോലീസ് കസ്റ്റഡിയിൽ












































