ന്യൂഡൽഹി: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രചാരണക്കമ്മിറ്റി അധ്യക്ഷനായി രമേശ് ചെന്നിത്തലയെ നിയമിച്ചു. പ്രവർത്തകസമിതിയംഗം ശശി തരൂർ എംപിയാണ് ഉപാധ്യക്ഷൻ. ഷാഫി പറമ്പിൽ എംപിയെ കൺവീനറായും നിയമിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വ്യാഴാഴ്ച രാത്രിയോടെയാണ് പ്രഖ്യാപനം നടത്തിയത്.
സംസ്ഥാന കോൺഗ്രസിൽ ഏറ്റവും സീനിയറായ നേതാവായ രമേശ് ചെന്നിത്തലയെ നിയോഗിച്ചതോടെ തെരഞ്ഞടുപ്പ് പ്രചരണം മറ്റൊരു തലത്തിലേക്കു നീങ്ങുമെന്നാണ് സൂചന. ഹൈബി ഈഡൻ എം.പി, എംഎൽഎമാരായ റോജി എം. ജോൺ, സി.ആർ. മഹേഷ്, മാത്യു കുഴൽനാടൻ, മുൻ എം.പി. രമ്യ ഹരിദാസ്, എം. ലിജു, ദീപ്തി മേരി വർഗീസ് എന്നിവരാണ് പ്രചാരണസമിതിയിലെ മറ്റംഗങ്ങൾ. എല്ലാ സാമുദായിക- മഹിളാ- യുവ സമവാക്യങ്ങളും പുലർത്തിയാണ് നിയമനം. ബെന്നി ബഹനാൻ എംപിയാണ് തിരഞ്ഞെടുപ്പ് പ്രകടനപത്രിക ചെയർമാൻ. കൊടിക്കുന്നിൽ സുരേഷ് എംപിയാണ് സഹചെയർമാൻ. എം.പി.മാരായ ഡീൻ കുര്യാക്കോസും ജെബി മേത്തറും അംഗങ്ങളാണ്.
അതേസമയം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയും ഉയർത്തിക്കാട്ടെണ്ടെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് നേരത്തെ തന്നെ വ്യക്തമാക്കിയതോടെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ അത്തരമൊരു ചർച്ച കടന്നുകൂടില്ലെന്ന് ഉറപ്പായി.
















































