തിരുവനന്തപുരം: പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയതിന് അറസ്റ്റിലായ ട്രാവല്‍ വ്ലോഗർ ജ്യോതി മല്‍ഹോത്രയെ കേരളത്തിലേക്കു ക്ഷണിച്ചുവരുത്തിയതു ടൂറിസം വകുപ്പാണെന്ന വിവരം പുറത്തുവന്നതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു. സോഷ്യല്‍ മീഡിയ ഇൻഫ്ലുവന്‍സേഴ്‌സ് പട്ടികയില്‍ ജ്യോതിയെ ഉള്‍പ്പെടുത്തിയതു സാധാരണ നടപടിക്രമം മാത്രമാണെന്ന് ടൂറിസം വകുപ്പ് വ്യക്തമാക്കുമ്പോഴും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ വിലയിരുത്തി.
ഇത്തരത്തില്‍ തിരഞ്ഞെടുക്കുന്ന ആളുകളെക്കുറിച്ചു മുന്‍കൂട്ടി പരിശോധന നടത്തിയിട്ടുണ്ടോ എന്നും ഏതു സാഹചര്യത്തിലാണ് ഇവര്‍ പട്ടികയില്‍ ഉള്‍പ്പെട്ടതെന്നും ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. മുന്‍പു ചില ഘട്ടങ്ങളില്‍ സംസ്ഥാനത്തിന്റെ ടൂറിസം പ്രമോഷന്‍ പരിപാടികള്‍ ദുരുപയോഗപ്പെടുത്താന്‍ ശ്രമിച്ച വിവരവും ശ്രദ്ധയില്‍പെട്ടിരുന്നെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ജ്യോതി മല്‍ഹോത്ര കേരളത്തില്‍ വിവിധയിടങ്ങളില്‍ സന്ദര്‍ശനം നടത്തിയ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ കേന്ദ്ര ഏജന്‍സികള്‍ പരിശോധന നടത്തിയിരുന്നു. ഇതിനു ശേഷമാണ് ഇവരെ സംസ്ഥാന സര്‍ക്കാര്‍ ക്ഷണിച്ചുവരുത്തിയതാണെന്നുള്ള വിവരം കഴിഞ്ഞ ദിവസം വെളിപ്പെട്ടത്.
ചാരവൃത്തി നടത്തിയതിന് ഇന്ത്യ പുറത്താക്കിയ പാക്കിസ്ഥാന്‍ ഹൈക്കമ്മിഷനിലെ എഹ്‌സാനുല്‍ റഹിം എന്ന ഉദ്യോഗസ്ഥനെ ഓപ്പറേഷന്‍ സിന്ദൂര്‍ തുടങ്ങിയതിനു തലേന്ന് ജ്യോതി സന്ദര്‍ശിച്ചിരുന്നു. 2023 മുതല്‍ ജ്യോതിക്ക് പാക്കിസ്ഥാനുമായി ബന്ധമുണ്ടെന്ന നിഗമനത്തിലാണു കേന്ദ്ര ഏജന്‍സികള്‍.
സംസ്ഥാനത്തിന്റെ ടൂറിസം സാധ്യതകള്‍ സംബന്ധിച്ചുള്ള പ്രചാരണത്തിന്റെ ഭാഗമായി തയാറാക്കിയ 41 പേരുടെ സോഷ്യല്‍ മീഡിയ ഇൻഫ്ലുവന്‍സേഴ്‌സ് പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് ജ്യോതിയെ ടൂറിസം വകുപ്പ് കേരളത്തിലേക്കു ക്ഷണിച്ചത്. വേതനം, താമസം, ഭക്ഷണം, യാത്ര എന്നീ സൗകര്യങ്ങള്‍ വകുപ്പാണ് ലഭ്യമാക്കിയത്. കഴിഞ്ഞ ജനുവരിയിലെത്തിയ ജ്യോതി കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, ആലപ്പുഴ, മൂന്നാര്‍ എന്നിവിടങ്ങളാണ് സന്ദര്‍ശിച്ചത്. കൊച്ചിന്‍ ഷിപ്യാഡ്, മട്ടാഞ്ചേരിയിലെ ആരാധനാലയങ്ങള്‍, ചരിത്രസ്മാരകങ്ങള്‍, ഷോപ്പിങ് മാളുകള്‍, മെട്രോ സ്റ്റേഷനുകള്‍ തുടങ്ങിയവ സന്ദര്‍ശിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. കുത്താമ്പുള്ളി നെയ്ത്തു ഗ്രാമം, കണ്ണൂരിലെയും കോഴിക്കോട്ടെയും വിനോദസഞ്ചാര കേന്ദ്രങ്ങള്‍, അതിരപ്പിള്ളി, ഇരവികുളം ദേശീയ ഉദ്യാനം, തേക്കടി, കോവളം, വര്‍ക്കല, ജടായുപ്പാറ എന്നിവിടങ്ങളിലും പോയിട്ടുണ്ട്.