ന്യൂഡൽഹി: യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി ആരാകുമെന്നതിലെ നേതാക്കളുടെ അഭിപ്രായ പ്രകടനങ്ങളോട് പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന കെ സുധാകരൻറെ അഭിപ്രായത്തിൽ ഒരു തെറ്റുമില്ല, കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്, അവിടെ ആർക്കും അഭിപ്രായം പറയാമെന്നും കെസി വേണുഗോപാൽ. അതേസമയം സിപിഎമ്മിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറണമെന്ന് പറഞ്ഞാൽ പറഞ്ഞവൻറെ സ്ഥിതി എന്താകുമായിരുന്നുവെന്നും കെസി വേണുഗോപാൽ ചോദിച്ചു.
അതുപോലെ വിഎസ് ഉണ്ടായിരുന്നെങ്കിൽ കോൺഗ്രസിന് വോട്ട് ചെയ്യുമായിരുന്നു എന്ന തൻറെ പ്രസ്താവനയിൽ ഉറച്ച് നിൽക്കുകയാണ്. സിപിഎമ്മിൻറെ സാധാരണ പ്രവർത്തകർ ആർക്ക് വോട്ട് ചെയ്തു എന്ന് പെട്ടി തുറക്കുമ്പോൾ അറിയാം. പോളിംഗ് ശതമാനം നോക്കുമ്പോൾ നൂറിനടുത്ത് സീറ്റ് യുഡിഎഫ് വിജയിക്കും. കേരളത്തിൽ യുഡിഎഫ് അനുകൂല തരംഗം ദൃശ്യമാണ്. എല്ലാ ജില്ലകളിലെയും പ്രചരണത്തിൽ ആ പ്രതീതി ഉണ്ടായിരുന്നു.
ഈ തെരഞ്ഞെടുപ്പിൽ ഞങ്ങളുടെ വിശ്വാസത്തെ കവച്ചുവെക്കുന്ന പ്രതികരണം വോട്ടർമാരിൽ നിന്ന് ഉണ്ടായി. പതിവ് രീതി വിട്ട് വോട്ട് ചെയ്യാൻ ജനങ്ങൾ കാണിച്ച ആവേശം യുഡിഎഫിന് ഗുണം ചെയ്യും. സിപിഎം- ബിജെപി ഡീൽ നടത്തി കേരളത്തിലെ ജനങ്ങളെ വിഡ്ഢികൾ ആക്കാൻ കഴിയില്ല. പണമെറിഞ്ഞ് ജയിക്കാൻ കഴിയില്ലെന്ന് ബിജെപിയും സിപിഎമ്മും മനസിലാക്കും.
ചിറ്റൂരിൽ ബിജെപി സ്ഥാനാർഥി എൽഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് ചെയ്യാൻ അഭ്യർത്ഥിച്ചു. ഇത് അവിശുദ്ധ കൂട്ടുകെട്ടിൻറെ തെളിവാണ്. ജനങ്ങളും ഇത് മനസ്സിലാക്കി. പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. കിറ്റുകൾ നിരവധി സ്ഥലത്ത് വിതരണം ചെയ്തു. പണം ഒഴുക്കി വോട്ട് പിടിക്കാൻ ആണ് ശ്രമിച്ചത്. മറുവശത്ത് അവിശുദ്ധ കൂട്ടുകെട്ടും ഉണ്ടാക്കി. ഇതെല്ലാം മെയ് നാലിന് പരാജയപ്പെടും.
അതേസമയം ബിജെപി അക്കൗണ്ട് തുറക്കും എന്ന അവകാശ വാദത്തിലും കെസി വേണുഗോപാൽ പ്രതികരിച്ചു. ആത്മവിശ്വാസം നാലാം തീയതി വരെ ആർക്കും പ്രകടിപ്പിക്കാമെന്നും കോൺഗ്രസ് തെരഞ്ഞെടുപ്പ് നേരിട്ടത് കൃത്യമായ അജണ്ടയോടെയാണെന്നും വയനാട് വിഷയം ഉയർത്തിയ സിപിഎം സ്വയം അപഹാസ്യരാവുമെന്നും കെസി വേണുഗോപാൽ പറഞ്ഞു. തങ്ങളുടെ അഴിമതി മറച്ച് വെയ്ക്കാൻ ആണ് സിപിഎം വയനാട് ഉന്നയിച്ചത്. കേരളത്തിൽ പിണറായിയുടെ ഹോർഡിംഗ് തട്ടി നടക്കാൻ വയ്യാത്ത അവസ്ഥയാണ്. ആ അമിത പ്രചാരണം കോൺഗ്രസിന് ഗുണം ചെയ്തു.
അധികാരത്തിൽ വന്നാൽ എന്ത് ചെയ്യുമെന്ന കാര്യവും കോൺഗ്രസ് ജനങ്ങൾക്ക് മുന്നിൽ വെച്ചു. യുഡിഎഫ് നേതാക്കൾക്കും പ്രവർത്തകർക്കും വ്യക്തിപരമായ വിഷയങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, അഹോരാത്രം വിജയത്തിനായി പ്രവർത്തിക്കുന്ന യുഡിഎഫ് പ്രവർത്തകരെ ആണ് തനിക്ക് കാണാൻ സാധിച്ചത്. കേരളത്തിന് അകത്തും പുറത്തുമുള്ള പ്രവർത്തകർ സൈബർ പ്രതിരോധം തീർത്തു. തെരഞ്ഞെടുപ്പിലെ താരങ്ങൾ വിജയത്തിനായി അഹോരാത്രം പ്രയത്നിച്ച പ്രവർത്തകരാണ്. തെരഞ്ഞെടുപ്പിന് മുൻപ് യുഡിഎഫിൽ തർക്കമാണ് എന്ന് എൽഡിഎഫും ബിജെപിയും പ്രചരിപ്പിച്ചു. യുഡിഎഫ് കൃത്യമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്നും കെസി വേണുഗോപാൽ പറഞ്ഞു.

















































