മലപ്പുറം: നിലമ്പൂർ ഡിഎഫ്ഒ ഓഫീസ് അടിച്ചു തകർത്ത കേസിൽ പിവി അൻവറിന് ജാമ്യം അനുവദിച്ച് നിലമ്പൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. 50,000 രൂപ കെട്ടിവെയ്ക്കണം. എല്ലാ ബുധനാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം, പൊതുമുതൽ നശിപ്പിച്ചതിന് 35000 രൂപയും കെട്ടിവെയ്ക്കണം എന്നിങ്ങനെയാണ് ഉപാധികൾ.
അതേസമയം സിപിഎം മുൻ ലോക്കൽ സെക്രട്ടറിയും പിവി അൻവറിന്റെ അനുയായിയും ഡിഎംകെ പ്രവർത്തകനുമായ ഇഎ സുകുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിവി അൻവർ എംഎൽഎയ്ക്ക് ജാമ്യം ലഭിക്കുന്നതിന് തൊട്ടുമുമ്പാണ് ഇഎ സുകുവിനെ കസ്റ്റിഡിയിൽ എടുത്തത്. എഫ്ഐആറിൽ അൻവറും കണ്ടാലറിയാവുന്ന പത്ത് പേരും എന്നാണ് രേഖപ്പെടുത്തിയിരുന്നത്. അതിൽ അൻവറടക്കം 5 പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
അവശേഷിക്കുന്ന ആറ് പേരിൽ ഒരാളായിട്ടാണ് ഇന്ന് സുകുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. എടക്കര പൊലീസ് നിലമ്പൂരിൽ കോടതിപ്പടിയിൽ നിന്നുമാണ് ഇദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തത്. കഴിഞ്ഞ ദിവസം സമരയാത്ര നടക്കുന്ന സമയത്തും അൻവറിനൊപ്പം സജീവമായി ഉണ്ടായിരുന്ന ആളാണ് ഇഎ സുകു.
പാളയത്തിൽതന്നെ പട, രാജിയ്ക്കൊരുങ്ങി കനേഡിയൻ പ്രധാനമന്ത്രി, ദേശീയ കോക്കസ് യോഗം തുടങ്ങുന്നതിനു മുൻപ് തന്നെ രാജി? പിൻതുണയുള്ളത് 20 മുതൽ 23 വരെ എംപിമാരുടെ മാത്രം
അതേ സമയം റിമാൻഡിൽ ആയ നിലമ്പൂർ എംഎൽഎ പി.വി. അൻവർ ഉടൻ ജയിൽ മോചിതനാകും. അൻവറിന് ജാമ്യം അനുവദിച്ചുള്ള കോടതി ഉത്തരവ് മെയിൽ വഴി ലഭിച്ചതായി ജയിൽ സൂപ്രണ്ട് അറിയിച്ചു. വൈകിട്ട് എട്ടോടെ അൻവർ പുറത്തിറങ്ങുമെന്നാണ് അറിയുന്നത്. പുറത്തിറങ്ങുന്ന അൻവറിനെ സ്വീകരിക്കാനായി അനുയായികൾ ജയിലിനു മുന്നിൽ എത്തിയിട്ടുണ്ട്.
ശനിയാഴ്ച രാത്രി കരുളായി ഉൾവനത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് മണി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ചാണ് അൻവറിന്റെ നേതൃത്വത്തിലെത്തിയ ഡിഎംകെ പ്രവർത്തകർ ഡിഎഫ്ഒ ഓഫീസ് ആക്രമിച്ചത്.