നിലമ്പൂർ: ആദിവാസി യുവാവിനെ കാട്ടാന കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് നിലമ്പൂർ നോർത്ത് ഡിഎഫ്ഒ ഓഫീസിന്റെ പൂട്ട് തകർത്ത് സാധന സാമഗ്രികൾ നശിപ്പിച്ച സംഭവത്തിൽ എംഎൽഎ പിവി ആൻവറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. പൊതുമുതൽ നശിപ്പിക്കൽ, പോലീസിന്റെ കൃത്യനിർവഹണം തടയൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി പിവി അൻവർ എംഎൽഎ ഉൾപ്പെടെ കണ്ടാലറിയുന്ന 11 പേർക്കെതിരെയാണ് കേസ്. സംഭവത്തിൽ പിവി അൻവർ ഒന്നാംപ്രതിയാണ്. കൂടാതെ പോലീസ് ഉദ്യോഗസ്ഥനെ മർദിച്ചെന്നും പോലീസ് എഫ്ഐആറിൽ പരാമർശമുണ്ട്.
ആക്രമണത്തിൽ പിവി അൻവറിനെ അറസ്റ്റുചെയ്യാൻ പോലീസ് നീക്കമുണ്ടെന്നാണ് അറിയുന്നത്. മാത്രമല്ല എംഎൽഎയുടെ വീടിന് മുന്നിൽ വൻപോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. ഡിവൈഎസ്പി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം വീടനകത്ത് കയറി എംഎൽഎയുമായി സംസാരിക്കുകയാണ്.
ശനിയാഴ്ച രാത്രി കരുളായി ഉൾവനത്തിൽ മണി എന്ന ആദിവാസിയെ കാട്ടാന അടിച്ചു കൊന്ന സംഭവത്തിൽ പ്രതിഷേധിച്ച് എംഎൽഎയുടെ നേതൃത്വത്തിൽ അടച്ചിട്ട നിലമ്പൂർ നോർത്ത് ഡിഎഫ്ഒ ഓഫീസിന്റെ പൂട്ട് തകർത്ത് ഉള്ളിൽ കയറി സാധന സാമഗ്രികൾ നശിപ്പിച്ചിരുന്നു. ജില്ലാ ആശുപത്രിയിലെത്തി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് അറസ്റ്റ് ചെയ്യാൻ നീക്കമുണ്ടായിരിക്കുന്നത്.