കണ്ണൂർ: വളക്കൈയിൽ സ്കൂള്‍ ബസ് അപകടത്തിൽപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. അപകട സമയത്ത് ബസ് ഡ്രൈവർ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നതായി സൂചന ലഭിച്ചു. മൊബൈൽ ഫോണിൽ വാട്സാപ് ഉപയോഗിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഇതിന് കാരണമായി കണ്ടെത്തിയിരിക്കുന്നത് ബസ് ഡ്രൈവർ നിസാമുദീൻ ബുധനാഴ്ച വൈകിട്ട് 4.03ന് വാട്സാപ്പിൽ സ്റ്റാറ്റസ് ഇട്ടതായി വ്യക്തമായി. ഇയാൾ ഓടിച്ചുകൊണ്ടിരുന്ന വാഹനം അപകടത്തിൽപെട്ടതും ഇതേ സമയത്താണെന്ന് സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങളിൽനിന്നും മനസ്സിലാകുന്നു.
എന്നാൽ വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് ഡ്രൈവർ നിസാമുദീൻ പറഞ്ഞു. നേരത്തെ ഇട്ട സ്റ്റാറ്റസ് അപ്‌ലോഡാകാൻ വൈകിയതാകുമെന്നും നിസാമുദീൻ പറഞ്ഞു. അമിതവേഗത്തിൽ വാഹനം ഓടിച്ചിട്ടില്ല. വളവെത്തുന്നതിനു മുൻപുതന്നെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായിരുന്നു. പിന്നീടൊന്നും ചെയ്യാനായില്ല. അപകടത്തിൽപ്പെട്ട ബസിന് ഫിറ്റ്നസ് ഉണ്ടായിരുന്നില്ലെന്നും നിസാമുദീൻ പറഞ്ഞു.
എന്നാൽ അമിതവേഗതയും ഡ്രൈവറുടെ വീഴ്ചയുമാണ് അപകടത്തിന് കാരണമെന്നാണ് ബസ് പരിശോധിച്ചശേഷം മോട്ടർ വാഹന വകുപ്പ് അധികൃതർ പറഞ്ഞത്. വാഹനത്തിൻ്റെ ബ്രേക്കിന് തകരാറുണ്ടായിരുന്നില്ലെന്നും ബ്രേക്ക് പിടിച്ചപ്പോഴുള്ള ടയറിന്റെ പാട് അപകടം നടന്ന സ്ഥലത്തുണ്ടെന്നും പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളിലും വാഹനം അമിതവേഗത്തിലാണെന്ന് തെളിയുന്നുവെന്നും പൊലീസ് കൂട്ടിച്ചേർത്തു.
വാഹനത്തിൻ്റെ ഫിറ്റ്നസ് കാലാവധി ഡിസംബർ 29ന് കഴിഞ്ഞതാണ്. പുതിയ നിർദേശപ്രകാരം ഇത് ഏപ്രിൽ വരെ നീട്ടിയിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു. സംഭവത്തിൽ പൊലീസും മോട്ടർ വാഹന വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ച നേദ്യയുടെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വ്യാഴാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
കുറുമാത്തൂർ ചിന്മയ സ്കൂളിന്റെ ബസാണ് മറിഞ്ഞത്. സ്കൂൾ വിട്ട് കുട്ടികളുമായി വരികയായിരുന്നു ബസ്. കിരാത്ത് എന്ന സ്ഥലത്ത് കുട്ടികളെ ഇറക്കിയശേഷം വളക്കൈയിലേക്ക് പോകവേ വളക്കൈ പാലത്തിനടുത്തുള്ള ഇറക്കത്തിലായിരുന്നു അപകടം. ഇറക്കത്തിൽവച്ച് ബസ് നിയന്ത്രണംവിട്ട് സമീപത്തെ മതിലിൽ ഇടിച്ചശേഷം തളിപ്പറമ്പ്–ഇരിട്ടി സംസ്ഥാനപാതയിലേക്ക് മറിയുകയായിരുന്നു. ഒന്നിലധികം തവണ ബസ് മലക്കംമറിഞ്ഞു.
വളവും ചെറിയ ഇറക്കവുള്ള റോഡിൽ ബസിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഈ റോഡിന്റെ നിർമാണം അശാസ്ത്രീയമായാണെന്നും അപകടങ്ങളുണ്ടാകാറുണ്ടെന്നും നാട്ടുകാർ പറയുന്നു. ബസിന്റെ മുൻസീറ്റിലിരുന്നയാളാണ് മരിച്ച അഞ്ചാംക്ലാസുകാരി നേദ്യ. ബസ് നിയന്ത്രണംവിട്ട സമയം പുറത്തേക്ക് തെറിച്ചുവീണ നേദ്യയുടെ ശരീരത്തിലേക്കാണ് ബസ് മറിഞ്ഞത്. നാട്ടുകാർ ചേർന്ന് ബസ് പൊക്കി നേദ്യയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 18 വിദ്യാർഥികളും ഡ്രൈവറും ആയയുമാണ് ബസിലുണ്ടായിരുന്നത്. 13 വിദ്യാർത്ഥികൾക്ക് പരുക്കേറ്റിട്ടുണ്ട്.