ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത കത്തോലിക്ക മെത്രാന്‍ സമിതിയുടെ ക്രിസ്മസ് വിരുന്നിനെതിരേ രൂക്ഷ വിമര്‍ശനമുയര്‍ത്തിയ ഓര്‍ത്തഡോക്‌സ് സഭ ബിഷപ്പ് യൂഹന്നാന്‍ മാര്‍ മിലിത്തിയോസിനു പിന്നാലെ കേരളത്തിനു പുറത്തു പ്രവര്‍ത്തിക്കുന്നവരും വിമര്‍ശനവുമായി രംഗത്ത്. ക്രിസ്ത്യന്‍ വിഭാഗത്തിന് ഏറ്റവും കൂടുതല്‍ ഗുണകരമായിരുന്ന ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട് (എഫ്‌സിആര്‍എ), മതം മാറ്റ നിരോധന നിയമം തുടങ്ങിയവ ഉപയോഗിച്ചു വിവിധ സംസ്ഥാനങ്ങളിലെ മത നേതാക്കളെ കേസുകളില്‍ പെടുത്തുമ്പോള്‍ ഇക്കാര്യങ്ങളെക്കുറിച്ചു നേരിട്ടു ചോദിക്കാന്‍ ക്രിസ്ത്യന്‍ മെത്രാന്‍മാര്‍ക്കു നട്ടെല്ല് ഇല്ലാത്തത് എന്തുകൊണ്ടാണെന്ന രൂഷ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്.
കഴിഞ്ഞ ദിവസം ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തില്‍ എഴുതിയ കോളത്തിലാണ് മൂന്നുവട്ടം എംപിയായ ഡിറക് ഒബ്രിയന്‍ കത്തോലിക്ക മെത്രാന്‍ സമിതി പ്രസിഡന്റ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അടക്കമുള്ളവരെ പരോക്ഷമായി ഉന്നമിട്ട് ലേഖനമെഴുതിയത്. കേരളത്തിനു പുറത്തുള്ള ഉന്നത വിദ്യാഭ്യാസ രംഗത്തു പ്രവര്‍ത്തിക്കുന്ന കന്യാസ്ത്രീകളും ഇക്കാര്യം ചൂണ്ടിക്കാട്ടി രംഗത്തുവന്നിട്ടുണ്ടെന്നും അക്കമിട്ടു ചോദ്യങ്ങള്‍ നിരത്തി ഒബ്രിയന്‍ ചോദിക്കുന്നു.
മോദിയുടെ വിരുന്നിലേക്ക് ക്രിസ്ത്യന്‍ വിഭാഗത്തിലുള്ള എംപിമാര്‍ക്കു ക്ഷണം ലഭിച്ചില്ല. സഭയെ ആത്മീയതലത്തില്‍ മുന്നോട്ടു കൊണ്ടുപോകേണ്ടവരാണ് ബിഷപ്പുമാര്‍. എന്നല്‍, ഇന്ത്യയിലെ പ്രത്യേക സാഹചര്യത്തില്‍ ഇവര്‍ പ്രധാനമന്ത്രിയോടു ഉന്നയിക്കേണ്ട പ്രശ്‌നങ്ങളുണ്ടെന്നും മോദിയുടെ പുകഴ്ത്തല്‍ മാത്രമാണ് ടിവിയില്‍ കണ്ടതെന്നും വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കന്യാസ്ത്രീ പ്രതികരിച്ചെന്ന് ഒബ്രിയന്‍ എഴുതുന്നു.
മോദിയോട് ഈ ചോദ്യങ്ങള്‍ ചോദിക്കാന്‍ മെത്രാന്‍മാര്‍ക്കു ധൈര്യമുണ്ടോയെന്നും ഒബ്രിയന്‍ എഴുതുന്നു.
- 1. ക്രിസ്ത്യന്‍ വിഭാഗത്തെ ലക്ഷ്യമിട്ട് എഫ്‌സിആര്‍എ നിയമം ക്രിമിനല്‍ വത്കരിക്കുന്നത് എന്തിനാണ്?
- 2. മണിപ്പൂരിലെ ജനതയെ പൂര്‍ണമായും അവഗണിക്കുന്നത് എന്തുകൊണ്ടാണ്?
3. മൗലികാവശങ്ങള്‍ ഹനിക്കുന്ന രീതിയില്‍ മതംമാറ്റല്‍ നിയമം എന്തുകൊണ്ടാണു ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പാസാക്കുന്നത്? ഛത്തീസ്ഗഡ്, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഒഡീഷ, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിയമം പാസാക്കി - 4. വെറുപ്പും മതവൈരവും പടര്‍ത്തുന്ന പ്രസ്താവനകള്‍ക്കെതിരേ എന്തുകൊണ്ടാണ് പ്രതികരിക്കാത്തത്
- 5. ക്രിസ്ത്യന്‍ ന്യൂനപക്ഷം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരേ വര്‍ധിക്കുന്ന ആക്രമണങ്ങളെക്കുറിച്ച് എന്താണു പറയാനുള്ളത്?
- 6. എന്തുകൊണ്ടാണു ക്രിസ്ത്യാനികള്‍ക്കെതിരേ ആക്രമണങ്ങള്‍ വര്‍ധിക്കുന്നത്?
- 7. എന്തുകൊണ്ടാണ് ഇന്ത്യയുടെ ദേശീയ മനുഷ്യാവകാശ കമ്മീഷന് രണ്ടുവട്ടം ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം നഷ്ടമായത്?
- 8. താങ്കള്‍ക്കു ഫാ. സ്റ്റാന്‍ സ്വാമിയെ ഓര്‍മയുണ്ടോ?
ഇതിനു പുറമേ, ബിഷപ്പുമാരുടെ ക്രിസ്മസ് മീറ്റിംഗില്‍ 20 ക്രിസ്ത്യന്‍ വിഭാഗത്തിലുള്ള എംപിമാരെ ക്ഷണിച്ചിരുന്നു. അന്ന് എംപിമാര്‍ ഇത്തരം സംഭവങ്ങള്‍ക്കെതിരേ പ്രതികരിക്കണമെന്നും ആവശ്യപ്പെട്ടു. ചിലകാര്യങ്ങള്‍ മെത്രാന്‍മാരും എംപിമാരോട് ആവശ്യപ്പെട്ടിരുന്നു. ഇതു വാര്‍ത്തയായപ്പോള്‍ എംപിമാര്‍ പങ്കെടുത്തുള്ള മീറ്റിംഗ് നടന്നില്ലെന്നാണു സഭ വിശദീകരിച്ചത്.
മീറ്റിംഗില്‍ താനും പങ്കെടുത്തിരുന്നെന്നും ഭരണഘടനയെ സംരക്ഷിക്കാത്തവര്‍ക്കെതിരേ പ്രതികരിക്കണമെന്നും എംപിമാര്‍ ആവശ്യപ്പെട്ടു. എഫ്‌സിആര്‍എ, വഖഫ് ബില്ലിന്റെ പേരില്‍ മുസ്ലിംകളുമായി തമ്മിലടിപ്പിക്കാനുള്ള ശ്രമം തിരിച്ചറിയണം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരായ നടപടിക്കെതിരേ രംഗത്തു വരണം എന്നീ ആവശ്യങ്ങള്‍ എംപിമാര്‍ ഉന്നയിച്ചിരുന്നു. ഇന്ത്യയിലെ പത്തില്‍ എട്ടു ന്യൂനപക്ഷ സ്ഥാപനങ്ങളും ക്രിസ്ത്യന്‍ സഭയുടേതാണ്. ക്രിസ്ത്യന്‍ സ്ഥാപനങ്ങളില്‍ പഠിക്കുന്ന നാലില്‍ മൂന്നുപേരും ക്രിസ്ത്യന്‍ ഇതര വിദ്യാര്‍ഥികളുമാണ്. ഇക്കാര്യങ്ങള്‍ മോദിക്കു മുന്നില്‍ ഉയര്‍ത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.
ജസ്യൂട്ട് പാതിരിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഫാ. സെഡ്രിക് പ്രകാഷ് പറഞ്ഞത് ഇന്ത്യയലെ സഭ ബസ് മാറിക്കയറി എന്നാണ്. ഇന്ത്യയിലെ വിലപിക്കുന്ന ആയിരക്കണക്കിന് ആളുകളുടെ ശബ്ദം അവര്‍ കേള്‍ക്കുന്നില്ല. ഇക്കാര്യങ്ങള്‍ അറിയാമായിട്ടും പ്രതികരിക്കാന്‍ അവര്‍ ഭയക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചതായി ഒബ്രിയന്‍ പറയുന്നു.