കൊച്ചി: ഉച്ചക്കഞ്ഞി വിതരണത്തിനുള്ള തുക കോടതി ഉത്തരവിനെ തുടര്‍ന്നു വര്‍ധിപ്പിച്ച പിണറായി സര്‍ക്കാര്‍ മാസങ്ങളായി പ്രധാന അധ്യാപകര്‍ക്കു നല്‍കാനുള്ളതു ലക്ഷങ്ങള്‍. പണം പിരിച്ചും സമൂഹത്തിലെ വിവിധ തുറകളില്‍നിന്നു കണ്ടെത്തിയും മുന്നോട്ടു കൊണ്ടുപോകുന്ന ഉച്ചക്കഞ്ഞി വിതരണം വീണ്ടും മുടങ്ങുമെന്ന ഘട്ടത്തിലെത്തിയെന്നും അധ്യാപക സംഘടനകള്‍.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലഘട്ടത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഒന്നുമുതല്‍ എട്ടുവരെ ക്ലാസിലെ കുട്ടികള്‍ക്ക് നല്‍കിയിരുന്ന ഉച്ചഭക്ഷണം ഉച്ചസദ്യയാക്കി മാറ്റിയത്. കുട്ടികള്‍ക്ക് മിനിമം രണ്ട് കറികള്‍, ആഴ്ചയില്‍ രണ്ടുദിവസം പാല്‍, ഒരു ദിവസം മുട്ട അല്ലെങ്കില്‍ പഴം എന്നിവ നിര്‍ബന്ധമായും നല്‍കിയിരുന്നു. ഇതിന് ആവശ്യമായ പണം രണ്ടു ഗഡുക്കളായി സ്‌കൂള്‍ പ്രധാനാധ്യാപകന്റെ നിയന്ത്രണത്തിലുള്ള നൂണ്‍ മീല്‍ അക്കൗണ്ടിലേക്ക് അഡ്വാന്‍സായി ജൂണ്‍, നവംബര്‍ മാസങ്ങളില്‍ നല്‍കിയിരുന്നു. യാതൊരു കടബാധ്യതയുമില്ലാതെ ചെലവാകുന്ന പണം അപ്പപ്പോള്‍ തന്നെ പ്രധാനാധ്യാപകന് അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കാവുന്ന സംവിധാനവും ഉണ്ടായിരുന്നു. അന്നത്തെ കമ്പോള നിലവാരത്തിനനുസരിച്ച് നൂണ്‍മീല്‍ കണ്ടിജന്‍സി തുക വര്‍ദ്ധിപ്പിച്ച് നല്‍കിയിരുന്നു.
പിന്നീട് വന്ന പിണറായി സര്‍ക്കാര്‍ 8 വര്‍ഷം കഴിഞ്ഞിട്ടും നൂണ്‍മീല്‍ തുക വര്‍ദ്ധിപ്പിക്കാന്‍ തയ്യാറായില്ല. പ്രധാന അധ്യാപകര്‍ക്ക് അഡ്വാന്‍സായി നല്‍കിയിരുന്ന തുക, പിന്നീട് ചിലവ് ചെയ്ത് കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷം മാത്രം നല്‍കുന്ന രീതിയിലേക്ക് മാറ്റി. മതിയായ ഫണ്ട് ലഭിക്കാതെയും, പരിമിതമായി അനുവദിച്ചിട്ടുള്ള ഫണ്ട് മാസങ്ങള്‍ വൈകി ലഭിക്കുന്നതിന്റെ കടബാധ്യതയും മൂലം പ്രധാന അധ്യാപകര്‍ ഏറെ വലഞ്ഞു. ഇതിനെതിരായ സമരങ്ങളെ സര്‍ക്കാര്‍ പരിഗണിച്ചില്ല. പ്രധാന അധ്യാപികമാര്‍ കെട്ടുകാലി വരെ പണയം വെച്ച് ഉച്ചഭക്ഷണം കൊടുക്കേണ്ട ഗതികേടില്‍ എത്തി.
ഗത്യന്തരമില്ലാതെ സംഘടന ഹൈക്കോടതിയില്‍ കേസിന് പോയി. ഉച്ചഭക്ഷണത്തുകയില്‍ 60% കേന്ദ്ര വിഹിതവും 40% സംസ്ഥാന വിഹിതവും ആണ്. കേന്ദ്ര വിഹിതം കൃത്യമായി ലഭിക്കുന്നില്ല എന്ന് സംസ്ഥാന സര്‍ക്കാര്‍ കാരണം പറഞ്ഞു. കേന്ദ്രത്തിന് കൃത്യമായ കണക്കുകള്‍ സംസ്ഥാനം നല്‍കാത്തത് കൊണ്ടാണ് അവിടെനിന്ന് ഫണ്ട് ലഭിക്കാന്‍ തടസ്സം ഉണ്ടായതെന്ന് കേന്ദ്രസര്‍ക്കാര്‍ ന്യായീകരിച്ചു. സീനിയര്‍ അഡ്വക്കേറ്റ് ജോര്‍ജ് കണ്ണന്താനം കോടതിയില്‍ കുട്ടികള്‍ക്കും പ്രധാന അധ്യാപകര്‍ക്കും വേണ്ടി ശക്തമായി വാദിച്ചു. സംസ്ഥാന വിഹിതം എന്തുകൊണ്ട് കൃത്യമായി കൊടുക്കുന്നില്ല എന്ന് കോടതി ചോദിച്ചു.
സര്‍ക്കാര്‍ നിരത്തിയ ന്യായമില്ലാത്ത ന്യായവാദങ്ങളെല്ലാം കോടതി തള്ളിക്കളഞ്ഞു. ഉച്ചഭക്ഷണത്തിന്റെ സാമ്പത്തിക ചുമതല പ്രധാന അധ്യാപകരുടേതല്ലെന്നും, സര്‍ക്കാര്‍ ഇതിനായി നല്‍കിവരുന്ന തുക വളരെ പരിമിതമാണെന്നും, കാലോചിതമായ വര്‍ദ്ധനവോടെ സമയബന്ധിതമായി തുക നല്‍കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ സ്‌കൂള്‍ ഉച്ചഭക്ഷണ വിതരണം നിര്‍ത്തി വയ്ക്കാന്‍ കോടതിക്ക് ഉത്തരവിടേണ്ടി വരും എന്നും കോടതി അറിയിച്ചു. ഒടുവില്‍ കോടതി ഉത്തരവുപ്രകാരം ഉച്ചഭക്ഷണതുക വര്‍ദ്ധിപ്പിച്ച് സമയബന്ധിതമായി നല്‍കാമെന്ന് കോടതിയെ സര്‍ക്കാര്‍ അറിയിച്ചു. ആയതിന്‍ പ്രകാരം വര്‍ദ്ധിപ്പിച്ച തുക ഏതാനും മാസം സര്‍ക്കാര്‍ ഈ വര്‍ഷം വിതരണം ചെയ്തു.
സാധാരണ പൂര്‍ത്തിയാവാത്ത ഉച്ചഭക്ഷണ കേസിന്റെ വാദം കോടതിയില്‍ വരുന്നതിന്റെ തലേന്നാള്‍ തുക അനുവദിച്ച് ഉത്തരവിറക്കിയ ശേഷം സര്‍ക്കാര്‍ വക്കീല്‍ വാദത്തിനായി കോടതിയില്‍ എത്തുന്ന ശീലമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ മൂന്ന് മാസമായി കോടതിയില്‍ ഉച്ചഭക്ഷണത്തിന്റെ കേസ് വാദത്തിന് വരാത്തതിനാല്‍ ഉച്ചഭക്ഷണ കണ്ടിജന്‍സി തുക കഴിഞ്ഞ മൂന്നര മാസമായി സര്‍ക്കാര്‍ പ്രധാനധ്യാപകര്‍ക്ക് അനുവദിച്ചിട്ടില്ല.
വീണ്ടും ലക്ഷങ്ങള്‍ ബാധ്യതയിലേക്ക് ഇതിന്റെ ചുമതലയുള്ള അധ്യാപകരും, പ്രധാനാദ്ധ്യാപകരും എത്തിച്ചേര്‍ന്നിരിക്കുന്നു. ഇത്തരത്തില്‍ ഉച്ചഭക്ഷണം നടത്തിക്കൊണ്ടു പോകാന്‍ വിദ്യാലയങ്ങള്‍ക്ക് ആകില്ല എന്നും, ഉച്ചഭക്ഷണ വിതരണത്തിന്റെ സാമ്പത്തിക ബാധ്യത സര്‍ക്കാരിന് ഏറ്റെടുക്കാന്‍ കഴിയില്ലെങ്കില്‍ ഉച്ചഭക്ഷണ വിതരണം നിര്‍ത്തിവയ്‌ക്കേണ്ടി വരുമെന്നും അധ്യാപക സംഘടനകള്‍ വ്യക്തമാക്കി.