ന്യൂഡൽഹി: സംവരണം മതാടിസ്ഥാനത്തിൽ ആകരുത് എന്ന സുപ്രധാനമായ നിരീക്ഷണവുമായി സുപ്രീം കോടതി. ബംഗാളിൽ 2010- ന് ശേഷം തയ്യാറാക്കിയ ഒ.ബി.സി പട്ടിക റദ്ദാക്കിയ കൊൽക്കത്ത ഹൈക്കോടതി വിധിക്ക് എതിരായ ഹർജി പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.
ഒ.ബി.സി പട്ടികയിൽ 2010-ന് ശേഷം 77 വിഭാഗങ്ങളെ ഉൾപ്പെടുത്തിയ ബംഗാൾ സർക്കാർ നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയിരുന്നത്. 77 വിഭാഗങ്ങളിൽ ഭൂരിഭാഗവും മുസ്ലിം വിഭാഗങ്ങൾ ആണ്. പിന്നാക്ക വിഭാഗ കമ്മീഷന്റെ 1993-ലെ നിയമത്തെ മറികടന്നാണ് 2010-ന് ശേഷം എല്ലാ ഒബിസി സർട്ടിഫിക്കറ്റുകളും നൽകിയതെന്ന് ആരോപിച്ച് നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ് പുറപ്പടിവിച്ചത്.
ബംഗാൾ സർക്കാർ ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് സുപ്രീം കോടതിയെ സമീപിച്ചത്. മതാടിസ്ഥാനത്തിൽ അല്ല തങ്ങൾ പട്ടിക തയ്യാറാക്കിയത് എന്നും വിവിധ വിഭാഗങ്ങളുടെ പിന്നാക്ക അവസ്ഥ പരിഗണിച്ചാണ് പട്ടിക തയ്യാറാക്കിയത് എന്നും ബംഗാൾ സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ 12 ലക്ഷം സർട്ടിഫിക്കറ്റുകൾ റദ്ദാക്കിയെന്നും അതിനാൽ ആ വിധി അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നും ബംഗാൾ സർക്കാരിന് വേണ്ടി കപിൽ സിബൽ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. കേസ് വിശദമായി വാദം കേൾക്കുന്നതിന് ജനുവരി ഏഴിലേക്ക് മാറ്റി.