കൊച്ചി: കഴിഞ്ഞ വർഷം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നൃത്തരൂപം ഒരുക്കാൻ പ്രതിഫലമൊന്നും കൈപ്പറ്റിയിട്ടില്ലെന്ന് വെളിപ്പെടുത്തി നടി ആശ ശരത്. ഒരു രൂപ പോലും വാങ്ങിച്ചിട്ടില്ല, ദുബായിൽ നിന്നെത്തിയതും സ്വന്തം ചെലവിലാണ്. കുട്ടികൾക്കൊപ്പം വേദി പങ്കിടുന്നത് അഭിമാനവും സന്തോഷവും നൽകുന്ന കാര്യമാണെന്നും ആശ ശരത് പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചു. സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിന് സ്വാഗതഗാനം ഒരുക്കാന്‍ പ്രമുഖ നടി 5 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന് മന്ത്രി ശിവൻകുട്ടിയുടെ ആരോപണം വലിയ വിവാദമായിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട ചർച്ചയിൽ സംവദിക്കുന്നതിനിടെയാണ് ആശ ശരത് ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.
‘‘കഴിഞ്ഞ തവണ കുട്ടികളുടെ കൂടെ റിഹേഴ്സൽ നടത്തി പെർഫോം ചെയ്തിരുന്നു. ദുബായിൽ നിന്നും സ്വയം ടിക്കറ്റെടുത്ത് ഒരു രൂപ പോലും പ്രതിഫലം മേടിക്കാതെയാണ് അന്ന് െപർഫോം ചെയ്തത്. കലാകാരന്മാരുടെയും കലാകാരികളുടെയും സ്വപ്ന വേദിയാണ് കലോത്സവം. ഏറെ സന്തോഷത്തോടെയായിരുന്നു അന്ന് ഞാൻ അവിടെ എത്തിയതും.
പുതിയ തലമുറയ്ക്കൊപ്പം പ്രവർത്തിക്കുക എന്നത് മനസ്സിനും സന്തോഷം നൽകുന്ന കാര്യമാണ്. പ്രതിഫലം ചോദിച്ചതാരെന്നോ എന്താണ് സംഭവിച്ചതെന്നോ എനിക്കറിയില്ല. ഞാൻ സന്തോഷത്തോടെയും അഭിമാനത്തോടെയുമായിരുന്നു സ്കൂൾ കലോത്സവത്തിലേക്കുള്ള ക്ഷണം സ്വീകരിച്ചത്. പണം വേണ്ട എന്നത് ഞാൻ തന്നെ സ്വയം തീരുമാനിച്ചതായിരുന്നു. എന്തെങ്കിലും ഡിമാൻഡ്സ് ഉണ്ടോ എന്ന് അവർ ചോദിച്ചപ്പോൾ ഒന്നുമില്ല, ഞാൻ സ്വയം വന്നു ചെയ്യാം എന്നത് ഞാൻ മുന്നോട്ടുവച്ച കാര്യമായിരുന്നു.
പ്രതിഫലം വാങ്ങിക്കുക എന്നത് ഓരോരുത്തരുടെ വ്യക്തിപരമായ കാര്യവും കാഴ്ചപ്പാടുമാണ്. കലോത്സവങ്ങളല്ലാതെ സർക്കാരിന്റെ മറ്റ് പരിപാടികളിൽ പെർഫോം ചെയ്യുമ്പോൾ കലാകാരന്മാർക്ക് കൃത്യമായ വേതനം തന്ന് തന്നെയാണ് അവർ ക്ഷണിക്കുന്നത്.’’–ആശ ശരത്തിന്റെ വാക്കുകൾ.
മന്ത്രിയുടെ അഭിപ്രായം ശരിയാണെന്നായിരുന്നു നടൻ സുധീര്‍ കരമനയും അഭിപ്രായപ്പെട്ടത്. ‘‘സർക്കാരിന് സാമ്പത്തിക നേട്ടം ഉണ്ടാക്കുന്ന പരിപാടിയല്ല കലോത്സവങ്ങൾ. കുട്ടികൾക്കായി സർക്കാർ ഒരുക്കുന്ന കലോൽസവത്തിന് പ്രതിഫലം ചോദിക്കണോ? കുട്ടികളുടെ പരിപാടികൾക്ക് സ്വമേധയാ പങ്കെടുക്കുന്ന കലാപ്രവർത്തകരുണ്ട്.’’–സുധീർ കരമനയുടെ വാക്കുകൾ.
സ്കൂൾ കലോത്സവത്തിലൂടെ മികച്ച കലാകാരിയാകുകയും അതുവഴി സിനിമയിലെത്തി വലിയ നിലയിലാവുകയും ചെയ്ത നടിമാരിൽ ചിലർ കേരളത്തോട് അഹങ്കാരമാണ് കാണിക്കുന്നതെന്നായിരുന്നു മന്ത്രി വി.ശിവൻകുട്ടി പറഞ്ഞത്. ‘‘16,000 കുട്ടികളെ പങ്കെടുപ്പിച്ച് ജനുവരിയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അവതരണ ഗാനത്തിനു വേണ്ടി, യുവജനോത്സവം വഴി വളർന്നു വന്ന ഒരു പ്രശസ്ത സിനിമാനടിയോട് കുട്ടികളെ 10 മിനിറ്റ് ദൈർഘ്യമുള്ള ഒരു നൃത്തം പഠിപ്പിക്കാമോ എന്ന് ആരാഞ്ഞു. അവർ സമ്മതിക്കുകയും ചെയ്തു. എന്നാൽ അവർ 5 ലക്ഷം രൂപയാണ് പ്രതിഫലം ചോദിച്ചത്.
വിദ്യാഭ്യാസ മന്ത്രി എന്ന നിലയ്ക്ക് ഏറെ വേദനിപ്പിച്ച സംഭവമാണിത്. ഇത്രയും വലിയ തുക നൽകി കുട്ടികളെ സ്വാഗതഗാനം പഠിപ്പിക്കേണ്ട എന്നു തീരുമാനിച്ചു. സാമ്പത്തിക മോഹികളല്ലാത്ത എത്രയോ നൃത്ത അധ്യാപകരുണ്ട്. അവരെ ഉപയോഗിച്ച് സ്വാഗത ഗാനം പഠിപ്പിക്കാൻ തീരുമാനിച്ചു.’’–മന്ത്രിയുടെ വാക്കുകൾ.