പാലക്കാട്: രാഷ്ട്രീയ എതിരാളികൾക്കു നേരേ പരസ്പരം പ്രയോഗിച്ച ആരോപണങ്ങൾ, അതിന്റെ തിരിച്ചടികൾ, സ്ഥാനാർഥി നിർണയം, അതിന്റെ പേരിലുള്ള ഡോ. സരിന്റെ സിപിഎം പ്രവേശനം, സന്ദീപ് വാര്യരുടെ കോൺഗ്രസ് തട്ടകത്തിലേക്കുള്ള ചേക്കേറൽ, കള്ളപ്പണം ട്രോളിവിവാദം, ഹോട്ടൽ റെയ്ഡ്, മറുകണ്ടംചാടൽ, വിവാദകത്തുകൾ, പരാമർശങ്ങൾ, സ്പിരിറ്റ്, വ്യാജവോട്ട്, ഇരട്ടവോട്ട്, ആത്മകഥ, മുനമ്പം വിഷയവുമടക്കം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത കാര്യങ്ങൾക്കൊണ്ട് സംഭവ ബഹുലമായിരുന്നു പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണം.
മാത്രമല്ല ഈ ഉപതെരഞ്ഞെടുപ്പിൽ പാലക്കാട്ട് ചർച്ചചെയ്യാതെ പോയ വിഷയങ്ങൾ കുറവായിരുന്നു. പ്രചാരണത്തിൽ ഒപ്പത്തിനൊപ്പം എന്നവകാശപ്പെട്ട് മൂന്നു മുന്നണികളും രംഗത്തെത്തിയതോടെ ഒന്നുറപ്പിക്കാം പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പിൽ പൊടിപാറും. അരയും തലയും മുറുക്കി നേതാക്കളും അണികളും രംഗത്തിറങ്ങിയതോടെ ഒരിക്കലുമില്ലാത്ത പോരാട്ട ആവേശം പാലക്കാടിനു കൈവന്നിരിക്കുകയാണ്.
ഞായറാഴ്ചത്തെ അവസാന അവധിദിനവും അവസാന ലാപ്പിലെ പ്രചാരണം കൊഴുപ്പിക്കുന്ന തിരക്കിലായിരുന്നു മുന്നണിസ്ഥാനാർഥികളും പ്രവർത്തകരും. ഇന്നു കൊട്ടിക്കലാശമാണ്, പ്രചാരണത്തിൻറെ അവസാന അടവുകൾക്കിടെ, മാറിനിന്നേക്കാവുന്ന വോട്ടുകൾകൂടി ഉറപ്പിക്കാനുള്ള അവസാന തന്ത്രങ്ങളും മുന്നണികൾ പയറ്റുന്നു.
നാളെത്തെ നിശബ്ദപ്രചാരണത്തിനു ശേഷം 20നു പാലക്കാട് പോളിംഗ് ബൂത്തിലെത്തുമ്പോൾ 27 നാൾ നീണ്ട പ്രചാരണത്തിൻറെയും ആരോപണ-പ്രത്യാരോപണങ്ങളുടെയും വിലയിരുത്തലാകും പ്രതിഫലിക്കുക.
കല്പാത്തി രഥോത്സവത്തിൻറെ പേരിൽ മാത്രം നീട്ടിയ തെരഞ്ഞെടുപ്പിനുശേഷം തേരുകാറ്റിനെപ്പോലെ വിവാദച്ചൂടിനും ശമനമുണ്ടായിട്ടില്ല. കനത്ത പോളിംഗ് തന്നെയാണു മൂന്നു മുന്നണികളും പ്രതീക്ഷിക്കുന്നത്. വാനോളം പ്രതീക്ഷയിൽത്തന്നെ മുന്നേറുന്ന മുന്നണികൾക്ക് 23ലെ തെരഞ്ഞെടുപ്പുവിധി നിർണായകം തന്നെയാണ്. ഏറെക്കാലം കേരളമൊട്ടാകെ ചർച്ച ചെയ്തേക്കാവുന്ന രാഷ്ട്രീയ കൊടുങ്കാറ്റിനാകും തെരഞ്ഞെടുപ്പുഫലം നാന്ദി കുറിക്കുക.
പാലക്കാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ, എൻഡിഎ സ്ഥാനാർഥി സി. കൃഷ്ണകുമാർ, എൽഡിഎഫ് സ്ഥാനാർഥി ഡോ. പി.സരിൻ എന്നിവർ തമ്മിലുള്ള ത്രികോണമത്സരമാണ് നടക്കുന്നത്. ഉപതെരഞ്ഞെടുപ്പായതിനാൽ ദേശീയനേതാക്കളുടെ ആഭാവം ഉണ്ടായിരുന്നെങ്കിലും സംസ്ഥാന നേതാക്കൾ നേരിട്ടെത്തി അതു നികത്തി. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമടക്കം മുന്നണികളിലെ പ്രമുഖർ രംഗത്തെത്തി.
തുടക്കം മുതൽ ഉദ്യോഗഭരിതം
തുടക്കം മുതൽ കേരളക്കരയുടെ കണ്ണു മുഴുവൻ പാലക്കാടൻ മണ്ണിലേക്കായിരുന്നു. കത്തുവിവാദം മറികടന്ന് യുഡിഎഫ് സ്ഥാനാർഥി ആദ്യമേ കളംപിടിച്ചപ്പോൾ പ്രചാരണത്തിലെ ആദ്യ ട്വിസ്റ്റുമായാണ് ഇടതുസ്ഥാനാർഥി രംഗത്തെത്തിയത്. ഏറെ അനിശ്ചിതങ്ങൾക്കൊടുവിൽ ദേശീയ നേതൃത്വം സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ ബിജെപിയും കളത്തിലിടം പിടിച്ചു.
പിന്നീടുള്ള ദിവങ്ങൾ വിവാദങ്ങളുടെ ആളിക്കത്തലായിരുന്നു. ഇടയ്ക്ക് വെള്ളമൊഴിച്ച് കൊടുത്താൻ നോക്കിയിട്ടും അതിന്റെ കനലുകൾ ചാരത്തിൽ മിന്നിക്കത്തുന്നുണ്ട്. അതിലൊന്നായിരുന്നു ഡോ. സരിന്റെ സിപിഎമ്മിലേക്കുള്ള പ്രവേശനം. അതോടെ പോയിന്റ് ഒന്നിന് എൽഡിഎഫ് മുന്നിലെത്തിയെങ്കിലും അവസാന ലാപ്പിൽ സന്ദീപ് വാര്യരെ കോൺഗ്രസ് തട്ടകത്തിലെത്തിച്ച് മേൽക്കൈ നേടി. അതോടെ അവസാന നിമിഷം ഫിനിഷിങ് പോയിന്റിൽ ആരെത്തുമെന്നറിയാൻ 23ലെ മാരത്തൺ കഴിയേണ്ടി വരും.