ചെങ്ങന്നൂര്‍: ഏറെ കോളിളക്കം സൃഷ്ടിച്ച സിപിഐ കേരള കോണ്‍ഗ്രസ് എം തര്‍ക്കം അയയുന്നു. കെ.എം. മാണി വെറുക്കപ്പെട്ട രാഷ്ട്രീയത്തിന്റെ പ്രതീകമെന്ന നിലപാടില്‍ മലക്കംമറിഞ്ഞ് സിപിഐ. ചെങ്ങന്നൂരില്‍ ജയിക്കാന്‍ എല്ലാവരുടെയും വോട്ടുകള്‍ വേണമെന്ന് സിപിഐ കേന്ദ്രസെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം പറഞ്ഞു. എല്ലാ വോട്ടും സ്വീകരിക്കണമെന്ന കാര്യത്തില്‍ ഇടതുമുന്നണിക്കുളളില്‍ അഭിപ്രായ ഭിന്നതയില്ലെന്നും ബിനോയി വിശ്വം ചെങ്ങന്നൂരില്‍ പറഞ്ഞു.
ഇതോടെ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ ഒരു നിലപാടു മാറ്റത്തിലേക്കാണ് സിപിഐ എത്തിയിരിക്കുന്നത്. കെഎം മാണിയുടെ വോട്ട് തങ്ങള്‍ക്കു വേണ്ടെന്ന് ആദ്യം തന്നെ കാനം രാജേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.
കെ.എം മാണി വെറുക്കപ്പെട്ട രാഷ്ട്രീയത്തിന്റെ മുഖമെന്ന് ബിനോയ് വിശ്വം പറഞ്ഞിരുന്നു. മാണിയെ എല്‍ഡിഎഫിന്റെ ഭാഗമാക്കുന്നതിനോട് യോജിപ്പില്ല. എല്‍ഡിഎഫിന്റെ രാഷ്ട്രീയ മൂല്യങ്ങളോട് ചേരുന്നതല്ല മാണിയുടെ സമീപനം. യുഡിഎഫ് മുന്നണിയുടെ നയമാണ് മാണി പിന്‍തുടരുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു.