അനൂപ് മുഹമ്മദ് ‘ഹയാത്ത്’ എന്ന പേരിൽ റസ്റ്ററന്റ് നടത്തിയിരുന്ന കമ്മനഹള്ളി ലഹരിമരുന്നു മാഫിയയുടെ പ്രധാന കേന്ദ്രമാണ്. മറ്റു രാജ്യങ്ങളിൽനിന്നു സ്റ്റുഡന്റ് വീസയിലോ ബിസിനസ് വീസയിലോ ബെംഗളൂരുവിലെത്തുന്ന ഒട്ടേറെപ്പേർ വീസ കാലാവധി കഴിഞ്ഞും ഇവിടെ തുടരാറുണ്ട്. ഇവരും സിനിമ, സീരിയൽ രംഗത്തു പ്രവർത്തിക്കുന്നവരുമാണു ലഹരിമരുന്നു റാക്കറ്റിന്റെ പ്രധാന ഇടപാടുകാർ.
ലഹരി റാക്കറ്റുമായി ബന്ധമുണ്ടെന്നാരോപിച്ച് കന്നഡ സിനിമാരംഗത്തെ ചില പ്രമുഖരുടെ വിവരങ്ങൾ ചലച്ചിത്ര സംവിധായകൻ ഇന്ദ്രജിത് ലങ്കേഷ് കഴിഞ്ഞ ദിവസം പൊലീസിനു കൈമാറിയിരുന്നു. തുടർന്ന് ചോദ്യംചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് നടി രാഗിണി ദ്വിവേദിക്കു പൊലീസ് നോട്ടിസ് അയച്ചു. കൊല്ലപ്പെട്ട മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ സഹോദരനാണ് ഇന്ദ്രജിത്. അനൂപിനൊപ്പം അറസ്റ്റിലായ സീരിയൽ നടി അനിഖയിൽ നിന്നു കണ്ടെടുത്ത ഡയറിയിലും 15 നടീനടന്മാരുടെ പേരുകളുണ്ട്.
ബെംഗളൂരുവിൽ നിന്ന് കൊച്ചി, ഹൈദരാബാദ് ഉൾപ്പെടെയുള്ള നഗരങ്ങളിലേക്കു ലഹരിമരുന്ന് ഒഴുകുന്നതായുള്ള സൂചന ലഭിച്ചതോടെ ബെംഗളൂരു പൊലീസ് സംസ്ഥാനാന്തര വാഹനങ്ങളിൽ പരിശോധന ശക്തമാക്കി. ബസ് സ്റ്റാൻഡുകളിലും ചെക് പോസ്റ്റുകളിലും കർശന നിരീക്ഷണമുണ്ട്.
യുഎസ്, കാനഡ എന്നിവിടങ്ങളിൽ നിന്ന് ഡാർക്ക് നെറ്റ് (നിഗൂഢ ഇന്റർനെറ്റ്) ഇടപാടുകളിലൂടെയാണ് ബെംഗളൂരു, മുംബൈ, ഗോവ, ഡൽഹി എന്നിവിടങ്ങളിലേക്ക് എയർ കാർഗോ വഴി ലഹരിമരുന്ന് എത്തിക്കുന്നത്. ക്രിപ്റ്റോ കറൻസി വഴിയാണ് ഇടപാടുകൾ.
യുഎസിൽ നിന്നു തിങ്കളാഴ്ച ബെംഗളൂരു വിമാനത്താവളത്തിൽ എത്തിയ കാർഗോ വിമാനത്തിൽനിന്ന് 8.5 കിലോഗ്രാം കഞ്ചാവ് പിടികൂടിയിരുന്നു. ബെംഗളൂരു, തുമക്കൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുള്ള പാഴ്സലുകളിൽ 2 കോടി രൂപ വിലമതിക്കുന്ന കഞ്ചാവാണ് ഒളിപ്പിച്ചിരുന്നത്.