ലാന്‍ഡിങ്ങിനിടെ വീണ്ടും പറന്നുയരാന്‍ ശ്രമിച്ചതാണ് കരിപ്പൂരില്‍ വിമാനം റണ്‍വേക്കു പുറത്തേക്ക് മറിയാന്‍ കാരണമായതെന്ന് പ്രാഥമികനിഗമനം. സാധാരണ ലാന്‍ിഡിങ്ങിന് ശ്രമിച്ചിരുന്നുവെങ്കില്‍ ഇങ്ങനെയൊരു അപകടം ഒഴിവാക്കാമായിരുന്നുവെന്നും അഭിപ്രായമുണ്ട്. അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ കോക്പിറ്റില്‍ നിന്നുളള ചിത്രങ്ങള്‍ ഇത് വ്യക്തമാക്കുന്നു.
കോക്പിറ്റില്‍ നിന്നുളള ദൃശ്യങ്ങളില്‍ ടേക്ക് ഓഫിനുള്ള ത്രസ്റ്റ് ലിവര്‍ ടേക്ക് ഓഫ് പൊസിഷിനിലാണ്. എന്നാല്‍ ചിറകുകളിലെ ഫ്ലാപ്പുകള്‍ നിൽക്കുന്നത് ലാന്‍ഡിങ്ങിന് തയാറായും. എന്‍ജിന്‍ ഒാഫാക്കിയിട്ടുമില്ല. ഇതു വ്യക്തമാക്കുന്നത് വിമാനം സാധാരണ ഇറങ്ങുന്നതിന്റെ പരിധി കഴിഞ്ഞ് 1500ന് മീറ്റിന് ശേഷമാണ് റണ്‍വേയില്‍ സ്പര്‍ശിച്ചത്. സുഗമമായി വിമാനം നിയന്ത്രിക്കാവില്ലെന്ന ആശങ്കക്ക് പിന്നാലെ വീണ്ടും ഉയര്‍ത്തി പറത്താന്‍ ശ്രമിച്ചു. എന്‍ജിന്‍ മുഴുവന്‍ ശക്തിയുമെത്ത് കുതിക്കാന്‍ ശ്രമിച്ചെങ്കിലും ചിറകുകള്‍ ലാന്‍ഡിങ് പൊസിഷനില്‍ ആയിരുന്നു. ഉയര്‍ത്താന്‍ കഴിയാതെ വന്നതോടെ ബ്രേക്ക് ചെയ്ത് നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും വിമാനം മുന്നോട്ടും കുതിച്ചതും ഇക്കാരണത്താലാണ്.
സാധാരണ ഗതിയില്‍ വിമാനം ബ്രേക്ക് ചെയ്ത് നിയന്ത്രിക്കാനായില്ലെങ്കിലും റണ്‍വേയുടെ ഭാഗമായ റിസ ഏരിയയിലെങ്കിലും നില്‍ക്കേണ്ടതാണ്. മുഴുവന്‍ ശക്തിയും ഉപയോഗിച്ച് എന്‍ജിന്‍ കുതിക്കാന്‍ ശ്രമിച്ചതാണ് വേഗത്തില്‍ പുറത്തേക്കു മറിയാന്‍ കാരണം.
എന്നിട്ടും അഗ്നിബാധയുണ്ടാവാത്തതാണ് വന്‍ദുരന്തം ഒഴിവാക്കിയത്.
സുരക്ഷയുടെ കാര്യത്തില്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ട് മുന്നിലാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. നേരത്തേതന്നെ വലിയ വിമാനങ്ങൾക്ക് അനുമതിയുണ്ടെങ്കിലും 5 വർഷത്തിനിടെ ആകാശ സുരക്ഷയുടെ കാര്യത്തിൽ വൻ കുതിപ്പാണു വിമാനത്താവളത്തിൽ ഉണ്ടായത്. ടേബിൾ ടോപ് റൺവേ ആയ കരിപ്പൂരിൽ ഡിജിസിഎയുടെ നിർദേശപ്രകാരം ഒരുക്കിയത് അത്യാധുനിക സൗകര്യങ്ങളാണെന്നു ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു.
2015 മുതൽ 2018 വരെ വലിയ വിമാനങ്ങൾക്കു നിരോധനം ഏർപ്പെടുത്തി, 2850 മീറ്റർ റൺവേ ബലപ്പെടുത്തി. ഏതു കാലാവസ്ഥയിലും വലിയ വിമാനങ്ങൾക്കുള്ള ശക്തമായ റൺവേ ആയി. റിസ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) 90 മീറ്റർ ആയിരുന്നു. റൺവേയിൽനിന്ന് 150 മീറ്റർ ചേർത്ത് 240 മീറ്റർ ആക്കി.
വിമാന ചക്രങ്ങൾ ഉരസി റൺവേ പ്രതലത്തിൽ മിനുസം കൂടുമ്പോൾ ഘർഷണം കുറയും. മഴയിൽ വിമാനം തെന്നിപ്പോകാനുള്ള സാധ്യതയുണ്ട്. അതൊഴിവാക്കാൻ ഇടയ്ക്കിടെ ഘർഷണം പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നു. ഘർഷണ പരിശോധനയ്ക്കും മറ്റുമുള്ള യന്ത്രസംവിധാനങ്ങൾ കരിപ്പൂരിനു സ്വന്തമായി ഉണ്ട്. നേരത്തേ ചെന്നൈയിൽനിന്ന് എത്തിക്കുകയായിരുന്നു. എയർട്രാഫിക് കൺട്രോൾ (എടിസി) വിഭാഗം ശക്തമാക്കി. വൈമാനികർക്കു റൺവേ കാണുന്നതിനും ആശയവിനിമയം എളുപ്പമാക്കുന്നതിനും റഡാറുമായി ബന്ധിപ്പിച്ചുള്ള എഡിഎസ്ബി (ഓട്ടമാറ്റിക് ഡിപ്പൻഡന്റ് സർവൈലൻസ് -ബ്രോഡ്കാസ്റ്റ്) സംവിധാനം ഒരുക്കി.
പ്രതികൂല കാലാവസ്ഥയിൽ വിമാനം ഇറക്കാൻ 2 പുതിയ ഐഎൽഎസ് (ഇൻസ്ട്രുമെന്റൽ ലാൻഡിങ് സിസ്റ്റം), വൈമാനികരും ആകാശ ഗതാഗത നിയന്ത്രണ വിഭാഗവും തമ്മിലുള്ള ആശയ വിനിമയത്തിന് ആധുനിക ഡിവിഒആർ എന്നിവ സ്ഥാപിച്ചു. റൺവേയിൽ വിമാനമിറക്കാൻ രാത്രിയിൽ സഹായകമാകുന്ന സിംപിൾ ടച്ച് സോണൽ ലൈറ്റ് ഉൾപ്പെടെ പ്രകാശ സംവിധാനങ്ങൾ ഒരുക്കി. ഒബ്സ്ട്രക്‌ഷൻ, ലീഡ്- ഇൻ, അപ്രോച്ച് ലൈറ്റുകൾ കൂടുതൽ കാര്യക്ഷമതയുള്ളതാക്കി.