കരിപ്പൂര്‍ വിമാന അപകടം: പൈലറ്റില്‍നിന്ന് ലഭിച്ച അവസാന സന്ദേശം…

കോഴിക്കോട്: ഐഎക്സ് 1344 എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ പൈലറ്റിൽനിന്ന് യാത്രക്കാർക്ക് ലഭിച്ച അവസാന സന്ദേശം. ‘കാലിക്കറ്റ് ലാന്റ്…’ എന്നായിരുന്നു
‘പാതിയിൽ മുറിഞ്ഞപോലെ തോന്നിയ ആ സന്ദേശം കേട്ട് നാടണഞ്ഞെന്ന ആശ്വാസത്തിലിരിക്കുമ്പോളാണ് എല്ലാം കീഴ്മേൽ മറിഞ്ഞത്. പിന്നെ മിനിറ്റുകൾക്കുള്ളിൽ വിമാനം നിലംതൊട്ടതും റൺവേയിൽ നിന്ന് താഴേക്ക് കൂപ്പുകുത്തുകയായിരുന്നു’- കരിപ്പൂർ വിമാനാപകടത്തിൽനിന്ന് രക്ഷപ്പെട്ട മാനന്തവാടി സ്വദേശി യൂജിൻ യൂസഫ് പറഞ്ഞു.

45 മിനിറ്റിനകം വിമാനം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാന്റ് ചെയ്യുമെന്ന സന്ദേശം നേരത്തെ പൈലറ്റ് നൽകിയിരുന്നു. പിന്നീടാണ് ‘കാലിക്കറ്റ് ലാന്റ്’ എന്ന സന്ദേശം മാത്രം വന്നത്. പാതിയിൽ മുറിഞ്ഞുപോയെ ശബ്ദസന്ദേശം പോലെയായിരുന്നു അത്. അതിനുശേഷം 15 മിനിറ്റോളം വിമാനം ആകാശത്ത് പറന്നു. പിന്നീട് റൺവേയിൽ തൊട്ടതും അറിഞ്ഞു. എന്നാൽ റൺവേയിൽ ഇറങ്ങിയതിന് പിന്നാലെ അമിതവേഗത്തിലാണ് വിമാനം മുന്നോട്ട് കുതിച്ചത്. തൊട്ടുപിന്നാലെ താഴേക്ക് പതിക്കുന്നത് പോലെ തോന്നി. രണ്ടോ മൂന്നോ സെക്കൻഡുകൾക്കുള്ളിലായിരുന്നു ഇതെല്ലാം.

ലാന്റിങ്ങിന് മുമ്പ് ചെറിയൊരു ചാഞ്ചാട്ടം പോലെ തോന്നിയിരുന്നെങ്കിലും പ്രത്യേകിച്ച് അസ്വാഭാവികതയൊന്നും തോന്നിയില്ല. പിന്നിലിരുന്ന ചില കുട്ടികൾ ഛർദിക്കാൻ വരുന്നതായി പറഞ്ഞിരുന്നു. റൺവേയിൽ ഇറങ്ങി വിമാനം അതിവേഗത്തിൽ പാഞ്ഞു. റൺവേയിൽനിന്ന് മാറി പുല്ലില്ലൂടെ പോകുന്നപോലെയാണ് തോന്നിയത്. സെക്കൻഡുകൾക്കുള്ളിൽ എല്ലാം സംഭവിച്ചു.

വിമാനത്തിന്റെ പിറകിലെ സീറ്റുകളിലൊന്നിലായിരുന്നു സുഹൃത്തായ പെരിന്തൽമണ്ണ സ്വദേശി ഷഫീക്കിനൊപ്പം യാത്രചെയ്തത്. അപകടത്തിന് ശേഷം ഏകദേശം 20 മിനിറ്റോളം വിമാനത്തിനകത്ത് കുടുങ്ങി.

വീണുകിടന്നിരുന്ന ഒരു കുട്ടിയെ കൈയിലെടുത്ത് മടിയിലിരുത്തി. മറ്റൊരു കുട്ടി സീറ്റിനിടയിൽ കുടുങ്ങികിടക്കുന്നുണ്ടായിരുന്നു. പിന്നീട് വിമാനത്തിന്റെ പൊട്ടിയഭാഗത്തുകൂടെ പുറത്തേക്കിറങ്ങി. ചിറകിൽ കയറിനിന്ന് രക്ഷാപ്രവർത്തകരെ വിളിച്ചെങ്കിലും മഴയായതിനാൽ ആരും കേട്ടില്ല. ഒടുവിൽ ഒരു സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനെത്തി. കുടുങ്ങികിടക്കുന്ന കുട്ടിയെ കാണിച്ചുകൊടുത്തു. അദ്ദേഹമാണ് കുട്ടിയെ സുരക്ഷിതമായി പുറത്തെടുത്തുത്’- മാനന്തവാടിയിലെ വീട്ടിൽ ക്വാറന്റീനിൽ കഴിയുന്നതിനിടെ യൂജിൻ ആ രാത്രിയിൽ നടന്നത് വിശദീകരിച്ചു.

വിമാനത്തിന്റെ പുറത്തിറങ്ങിയപ്പോൾ കണ്ട കാഴ്ച ഭീകരമായിരുന്നുവെന്നും അപ്പോഴാണ് എത്ര വലിയ അപകടമാണ് സംഭവിച്ചതെന്ന് മനസിലായതെന്നും യൂജിൻ പറയുന്നു. വിമാനത്തിൽനിന്ന് പുറത്തെത്തിച്ച ഒരു കുട്ടിയെയും കൈയിലെടുത്താണ് യൂജിനും ആശുപത്രിയിൽ പോയത്. കുട്ടിക്ക് ചികിത്സ ഉറപ്പാക്കിയ ശേഷം പ്രാഥമിക ചികിത്സ തേടി. ചുണ്ടിലെ മുറിവും കൈയിലെ നിസാര പരിക്കും ഒഴിച്ചാൽ കാര്യമായ പരിക്കില്ലായിരുന്നു. അതിനാൽ അന്ന് രാത്രി തന്നെ കൂട്ടുകാർ എത്തിച്ച വാഹനം സ്വയം ഓടിച്ച് വയനാട്ടിലെ വീട്ടിലേക്ക് മടങ്ങി. നിലവിൽ ഹോം ക്വാറന്റീനിൽ കഴിയുകയാണ് യൂജിൻ. ദുബായിൽ റിയൽ എസ്റ്റേറ്റ് കമ്പനിയിൽ ജോലിചെയ്യുന്ന യൂജിൻ വിസ കാലാവധി കഴിയാറയതോടെയാണ് ഏഴാം തീയതി നാട്ടിലേക്ക് തിരിച്ചത്.

kozhikode-air-crash-kerala-air-india-plane-crash-calicut

Similar Articles

Comments

Advertismentspot_img

Most Popular