അത്യാധുനിക സൗകര്യങ്ങള്‍; കരിപ്പൂര്‍ വിമാനത്താവളം സുരക്ഷയുടെ കാര്യത്തില്‍ മുന്നില്‍; പ്രതികൂല കാലാവസ്ഥയിലും ലാന്‍ഡ് ചെയ്യാം… പിന്നെങ്ങനെ അപകടമുണ്ടായി..?

കരിപ്പൂരില്‍ ഉണ്ടായ വിമാന അപകടത്തെ തുടര്‍ന്ന് എയര്‍പോര്‍ട്ടിലെ സുരക്ഷാ സൗകര്യങ്ങളെ കുറിച്ച് നിരവധി ചര്‍ച്ചകള്‍ നടന്നു വരുന്നുണ്ട്. എന്നാല്‍ സുരക്ഷയുടെ കാര്യത്തില്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ട് മുന്നിലാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
നേരത്തേതന്നെ വലിയ വിമാ‍നങ്ങൾക്ക് അനുമതിയുണ്ടെങ്കിലും 5 വർഷത്തിനിടെ ആകാശ സുരക്ഷയുടെ കാര്യത്തിൽ വൻ കുതിപ്പാണു വിമാനത്താവളത്തിൽ ഉണ്ടായത്. ‍ടേബിൾ ടോപ് റൺവേ ആയ കരിപ്പൂരിൽ ഡിജിസിഎയുടെ നിർദേശപ്രകാരം ഒരുക്കിയത് അത്യാധുനിക സൗകര്യങ്ങളാണെന്നു ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു.

2015 മുതൽ 2018 വരെ വലിയ വിമാനങ്ങൾക്കു നിരോധനം ഏർപ്പെടുത്തി, 2850 മീറ്റർ റൺവേ ബലപ്പെടുത്തി. ഏതു കാലാവസ്ഥയിലും വലിയ വിമാനങ്ങൾക്കുള്ള ശക്തമായ റൺവേ ആയി. റിസ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) 90 മീറ്റർ ആയിരുന്നു. റൺവേയിൽനിന്ന് 150 മീറ്റർ ചേർത്ത് 240 മീറ്റർ ആക്കി.

വിമാന ചക്രങ്ങൾ ഉരസി റൺവേ പ്രതലത്തിൽ മിനുസം കൂടുമ്പോൾ ഘർഷണം കുറയും. മഴയിൽ വിമാനം തെന്നിപ്പോകാനുള്ള സാധ്യതയുണ്ട്. അതൊഴിവാക്കാൻ ഇടയ്ക്കിടെ ഘർഷണം പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നു. ഘർഷണ പരിശോധനയ്ക്കും മറ്റുമുള്ള യന്ത്രസംവിധാനങ്ങൾ കരിപ്പൂരിനു സ്വന്തമായി ഉണ്ട്. നേരത്തേ ചെന്നൈയിൽനിന്ന് എത്തിക്കുകയായിരുന്നു. എയർട്രാഫിക് കൺട്രോൾ (എടിസി) വിഭാഗം ശക്തമാക്കി. വൈമാനികർക്കു റൺവേ കാണുന്നതിനും ആശയവിനിമയം എളുപ്പമാക്കുന്നതിനും റഡാറുമായി ബന്ധിപ്പിച്ചുള്ള എഡിഎസ്ബി (ഓട്ടമാറ്റിക് ഡിപ്പൻഡന്റ് സർവൈലൻസ് -ബ്രോഡ്കാസ്റ്റ്) സംവിധാനം ഒരുക്കി.

പ്രതികൂല കാലാവസ്ഥയിൽ വിമാനം ഇറക്കാൻ 2 പുതിയ ഐഎൽഎസ് (ഇൻസ്ട്രുമെന്റൽ ലാൻഡിങ് സിസ്റ്റം), വൈമാനികരും ആകാശ ഗതാഗത നിയന്ത്രണ വിഭാഗവും തമ്മിലുള്ള ആശയ വിനിമയത്തിന് ആധുനിക ഡിവിഒആർ എന്നിവ സ്ഥാപിച്ചു. റൺവേയിൽ വിമാനമിറക്കാൻ രാത്രിയിൽ സഹായകമാകുന്ന സിംപിൾ ടച്ച് സോണൽ ലൈറ്റ് ഉൾപ്പെടെ പ്രകാശ സംവിധാനങ്ങൾ ഒരുക്കി. ഒബ്സ്ട്രക്‌ഷൻ, ലീഡ്- ഇൻ, അപ്രോച്ച് ലൈറ്റുകൾ കൂടുതൽ കാര്യക്ഷമതയുള്ളതാക്കി.

റൺ‌വേയിൽനിന്നു പാർക്കിങ് ബേയിലേക്കു പോകുമ്പോൾ വലിയ വിമാനങ്ങൾക്കു തിരിക്കാൻ ചെറിയ പ്രയാസമുണ്ടായിരുന്നു. അതൊഴിവാക്കാൻ ടാക്സി വേയുടെ വശങ്ങൾ അടുത്തിടെ വീതികൂട്ടി. വിമാനങ്ങൾക്കു നിർത്തിയിടാനുള്ള സൗകര്യം വർധിപ്പിച്ചു. 13 സാധാരണ വിമാനങ്ങളോ, 9 വലിയ വിമാനങ്ങളോ ഒരേസമയം നിർത്തിയിടാം. പുതിയ രാജ്യാന്തര ആഗമന ടെർമിനൽ നിർമിച്ചു. യാത്രക്കാർക്ക് സുഗമമായി ഇറങ്ങുന്നതിന് 4 എയ്റോ ബ്രിജുകൾ ആയി. ബാഗേജ് പരിശോധനയ്ക്ക് അത്യാധുനിക സംവിധാനമായ ഇൻലൈൻ ബാഗേജ് ഹാൻഡ്‍ലിങ് സിസ്റ്റം പ്രവർത്തനം തുടങ്ങിയത് ഈയിടെയാണ്. അഗ്‌നിശമന സേനയെയും കൂടുതൽ ശക്തിപ്പെടുത്തി.

ഇങ്ങനെ അത്യാധുനിക സൗകര്യങ്ങളോടെയാണ് കരിപ്പൂര്‍ വിമാനത്താവളം പ്രവര്‍ത്തിക്കുന്നത്. എന്നിട്ടും അപകടത്തിന് കാരണമെന്താണെന്ന് ആണ് ചോദ്യമുയരുന്നത്.

അതേ സമയം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉണ്ടായ അപകടത്തിന് കാരണം റണ്‍വേയിലെ വെള്ളമല്ലെന്ന് സാങ്കേതിക വിഭാഗത്തിന്റെ വിലയിരുത്തല്‍ ഉണ്ട്. ഇത്തരം പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് സാങ്കേതിക വിഭാഗം പറഞ്ഞു. എയര്‍ട്രാഫിക് കണ്‍ട്രോള്‍ വിഭാഗത്തിന്റെ രേഖകളിലാണ് അപകടത്തിനു തൊട്ടു മുന്‍പും റണ്‍വേ പരിശോധിച്ചതു സംബന്ധിച്ച വിവരങ്ങള്‍ അന്വേഷണ സംഘത്തിനു കൈമാറിയത്. ഡിജിസിഎ സംഘം എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗത്തില്‍ നിന്ന് രണ്ടു ദിവസമായി വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഡിജിസിഎയുടെ പ്രാഥമിക റിപ്പോര്‍ട്ട് വ്യോമയാന മന്ത്രാലയത്തിന് ഉടന്‍ നല്‍കും.

തുടര്‍ച്ചയായി വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യാനുണ്ടെങ്കില്‍ പത്തു മിനിട്ടു കൂടുമ്പോഴും സമയ ദൈര്‍ഘ്യമുണ്ടെങ്കില്‍ ഒരു മണിക്കൂര്‍ കൂടുമ്പോഴും റണ്‍വേ പരിശോധിക്കാറുണ്ടെന്നും അപകടത്തിനു തൊട്ടു മുന്‍പും റണ്‍വേയില്‍ വിമാനങ്ങള്‍ ഇറങ്ങാന്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന് പരിശോധന നടത്തി ഉറപ്പു വരുത്തിയെന്നുമാണ് രേഖകളില്‍ പറയുന്നത്.

മഴമൂലം റണ്‍വേയില്‍ വെള്ളം തങ്ങി നിന്നിരുന്നുവെന്നാണ് ആരോപണം ഉയര്‍ന്നത്. എന്നാല്‍, അത്തരത്തില്‍ ഒരു സാഹചര്യം ഉണ്ടായിരുന്നില്ലെന്നാണ് ഇപ്പോള്‍ കണ്ടെത്തല്‍. അതുകൊണ്ടുതന്നെ വിമാനത്തില്‍ നിന്നു വീണ്ടെടുത്ത ബ്ലാക് ബോക്സില്‍ നിന്നു ശേഖരിക്കുന്ന വിവരങ്ങളാണ് അന്വേഷണത്തില്‍ നിര്‍ണായകമാവുക.

Similar Articles

Comments

Advertisment

Most Popular

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 38 പേര്‍ക്ക് കോവിഡ്

പത്തനംതിട്ട ജില്ലയില്‍ ഇന്ന്(28) 38 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ജില്ലയില്‍ ഇന്ന് 137 പേര്‍ രോഗമുക്തരായി ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 7 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 31 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. • മറ്റ്...

കോഴിക്കോട് ‍ജില്ലയില് ഇന്ന് 918 പേര്‍ക്ക് കോവിഡ്

രോഗമുക്തി 645 ജില്ലയില്‍ ഇന്ന് 918 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 6 പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 5...

കോഴിക്കോട് സ്ഥിതി അതീവഗുരുതരം; ഇന്ന് രോഗം ബാധിച്ചത് 918 പേർക്ക്; എറണാകുളം രണ്ടാമത്.

കേരളത്തില്‍ ഇന്ന് 4538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 918, എറണാകുളം 537, തിരുവനന്തപുരം 486, മലപ്പുറം 405, തൃശൂര്‍ 383, പാലക്കാട് 378, കൊല്ലം 341, കണ്ണൂര്‍ 310, ആലപ്പുഴ 249,...