പിടി വിടാതെ കൊവിഡ്; മഹാരാഷ്ട്രയില്‍ ഇന്ന് 8,641 പേര്‍ക്ക് കൂടി രോഗം; തമിഴ്‌നാട്ടില്‍ 4,549 പേര്‍ക്ക്

മുംബൈ/ചെന്നൈ: മഹാരാഷ്ട്രയിൽ ഇന്ന് 8,641 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 2.84 ലക്ഷം കടന്നു. മുംബൈയിൽ മാത്രം രോഗികളുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 266 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ കോവിഡ് മരണം 11,194 ആയി വർധിച്ചതായും മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതുവരെ സംസ്ഥാനത്ത് 1,58,140 പേർ പൂർണമായും രോഗമുക്തരായി. ഇന്ന് മാത്രം 5,527 പേർക്ക് രോഗംഭേദമായി. ഇതോടെ രോഗമുക്തി നിരക്ക് 55.63 ശതമാനത്തിലെത്തി.

1,14,648 പേരാണ് നിലവിൽ സംസ്ഥാനത്തുടനീളം ചികിത്സയിൽ തുടരുന്നത്. ഇതുവരെ 14,46,386 സാംപിളുകളാണ് സംസ്ഥാനത്ത് പരിശോധിച്ചത്. നിലവിലെ കണക്കുകൾ പ്രകാരം 7,10,394 പേർ വീടുകളിലും 42,833 പേർ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിലും കഴിയുന്നുണ്ട്.

തമിഴ്നാട്ടിൽ 4,549 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,56,369 ആയി ഉയർന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ആറ് പേർ കേരളത്തിൽനിന്ന് റോഡ് മാർഗം തമിഴ്നാട്ടിൽ തിരിച്ചെത്തിയവരാണ്. പുതുതായി 69 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 2,236 ആയി.

46,714 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്. 1,07,416 പേർ ഇതുവരെ രോഗമുക്തരായി. ഇതിൽ 5,106 പേർ ഇന്ന് രോഗമുക്തരായവരാണ്. 17,82,635 സാംപിളുകളാണ് സംസ്ഥാനത്ത് ഇതുവരെ പരിശോധിച്ചത്.

Follow us on pathram online

Similar Articles

Comments

Advertismentspot_img

Most Popular