കോഴിക്കോട് ജില്ലയില്‍ ഇനിയൊരുത്തരവുണ്ടാവുന്നത് വരെ ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍

കോവിഡ് രോഗികളുടെ എണ്ണം അനിയന്ത്രിതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ ഇനിയൊരുത്തരവുണ്ടാവുന്നത് വരെ ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ സാംബശിവ ഉത്തരവിട്ടു. കഴിഞ്ഞ ദിവസം 53 കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത തൂണേരിയില്‍ 43 പേരുടെ ഫലം കൂടി പോസിറ്റീവായി. 16 പേര്‍ക്ക് വടകരയിലും രോഗമുണ്ടായി. ഇതോടെ ഇന്ന് മാത്രം 59 പേര്‍ക്കാണ് ജില്ലയില്‍ രോഗബാധയുണ്ടായിട്ടുള്ളത്.

ഞായറാഴ്ച ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ കൊയിലാണ്ടി, ചോമ്പാല്‍ ഹാര്‍ബറുകള്‍ പൂര്‍ണമായും അടച്ചിടാനും തീരുമാനിച്ചിട്ടുണ്ട്. ഞായറാഴ്ചകളില്‍ അവശ്യവസ്തുക്കളുടെ കടകളും(മാളുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവ ഒഴികെ) മെഡിക്കല്‍ ഷോപ്പുകളും മാത്രമേ തുറക്കാന്‍ പാടുള്ളൂ. വൈദ്യസഹായത്തിനും മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കുമല്ലാതെ പൊതുജനങ്ങള്‍ യാത്ര ചെയ്യാന്‍ പാടില്ല.

അന്തര്‍ ജില്ലാ യാത്രികര്‍ ആര്‍.ആര്‍.ടിയെ അറിയിക്കണം. മരണാനന്തര ചടങ്ങില്‍ 20 പേരിലധികം പേരും വിവാഹവും അതിനോട് അനുബന്ധിച്ച ചടങ്ങുകളില്‍ 50-ല്‍ കൂടുതലും ആളുകള്‍ പങ്കെടുക്കരുതെന്നും കളക്ടര്‍ അറിയിച്ചു.

സമ്പര്‍ക്കത്തിലൂടെ നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച തൂണേരി പഞ്ചായത്തില്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ച രണ്ടുപേരില്‍ നിന്നാണ് തൂണേരിയില്‍ ഇത്രയേറെ പേര്‍ക്ക് കോവിഡ് പകര്‍ന്നത്.

വടകര നഗരസഭ, കോഴിക്കോട് കോര്‍പ്പറേഷനിലെ അരീക്കാട്, മുഖദാര്‍, പന്നിയങ്കര വാര്‍ഡുകള്‍, പേരാമ്പ്ര പഞ്ചായത്തിലെ മൂന്നുവാര്‍ഡുകള്‍ എന്നിവ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. കോര്‍പ്പറേഷനില്‍ കണ്ടെയിന്‍മെന്റ് സോണുകളായിരുന്ന നാലുവാര്‍ഡുകള്‍ക്കുപുറമേയാണ് മൂന്നെണ്ണംകൂടി ഈ പട്ടികയില്‍ പെടുത്തിയത്.

FOLLOW US: pathram online

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7