ഇന്ത്യയുടെ കോവിഡ് വാക്‌സിന്‍ വിവാദത്തില്‍

കോവിഡ് വാക്‌സിന്‍ ഓഗസ്റ്റ് 15നു ലഭ്യമാക്കണമെന്ന ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്(ഐസിഎംആര്‍) പ്രഖ്യാപനം വിവാദത്തില്‍. മരുന്നിന്റെ മനുഷ്യരിലെ പരീക്ഷണത്തിനുള്ള സ്വാഭാവിക നടപടിക്രമങ്ങളെയാകെ അട്ടിമറിക്കുന്നതാണു നിര്‍ദേശമെന്നാണു വിമര്‍ശനം. സുരക്ഷയും കാര്യക്ഷമതയും വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്നാണ് ശാസ്ത്രജ്ഞര്‍ മുന്നോട്ടു വയ്ക്കുന്നത്.

ഐസിഎംആറിന്റെ തന്നെ ഭാഗമായ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുമായി ചേര്‍ന്നു ഭാരത് ബയോടെക് വികസിപ്പിച്ച ‘കോവാക്‌സിന്‍’ എന്ന മരുന്നാണു മനുഷ്യരില്‍ പരീക്ഷിക്കാന്‍ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയത്.

എന്നാല്‍, വാക്‌സിന്‍ ഓഗസ്റ്റില്‍ ലഭ്യമാക്കണമെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ഡോ.ബല്‍റാം ഭാര്‍ഗവ് വിവിധ സ്ഥാപനങ്ങള്‍ക്ക് അയച്ച കത്തില്‍ നിര്‍ദേശിച്ചതാണു വിവാദമായത്.

ക്ലിനിക്കല്‍ ട്രയല്‍ നടത്താന്‍ തിരഞ്ഞെടുക്കപ്പെട്ട 12 സ്ഥാപനങ്ങള്‍ക്കും വാക്‌സിന്‍ നിര്‍മിച്ച ഭാരത് ബയോടെക്കിനും ഐസിഎംആര്‍ നല്‍കിയ കത്തില്‍ പറയുന്നത് വാക്‌സിന്‍ പരീക്ഷിക്കാന്‍ വേണ്ട വൊളന്റിയര്‍മാരുടെ റജിസ്‌ട്രേഷന്‍ അടക്കം ജൂലൈ 7നുള്ളില്‍ പൂര്‍ത്തിയാക്കണം. പരീക്ഷണ നടപടികള്‍ ഉന്നതകേന്ദ്രങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്, വീഴ്ചയുണ്ടാകുന്നതു ഗൗരവമായി പരിഗണിക്കും. ഐസിഎംആര്‍ തന്നെയാണു കത്ത് നല്‍കിയതെന്നും ട്രയല്‍ അതിവേഗത്തിലാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും ഐസിഎംആര്‍ വക്താവ് രജനികാന്ത് ശ്രീവാസ്തവ അറിയിച്ചു.

മനുഷ്യരില്‍ പരീക്ഷിക്കാന്‍ അനുമതി ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ സാധ്യതാ വാക്‌സിനായ കോവാക്‌സിന്‍ രാജ്യത്ത12 പ്രമുഖ ആശുപത്രികളിലെ തിരഞ്ഞെടുക്കപ്പെട്ട വൊളന്റീയര്‍മാരിലാണ് പരീക്ഷിക്കുക. വിശാഖപട്ടണം കിങ് ജോര്‍ജ് ആശുപത്രി, റോത്തക് പിജിഐഎംഎസ്, ഡല്‍ഹി എയിംസ്, പട്‌ന എയിംസ്, ബെല്‍ഗാം ജീവന്‍രേഖ ഹോസ്പിറ്റല്‍, നാഗ്പുര്‍ ഗില്ലൂര്‍ക്കര്‍ ആശുപത്രി, ഗൊരഖ്പുര്‍ റാണ ഹോസ്പിറ്റല്‍, ചെങ്കല്‍പ്പേട്ട് എസ്ആര്‍എം മെഡിക്കല്‍ കോളജ്, തെലങ്കാന നിസാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, ഭുവനേശ്വര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, ഭുവനേശ്വര്‍ എസ്‌യുഎം സര്‍വകലാശാല, കാന്‍പുര്‍ പ്രഖര്‍ ആശുപത്രി, ഗോവ മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലാണ് വാക്‌സിന്‍ പരീക്ഷണം.

അതേസമയം മനുഷ്യരില്‍ വാക്‌സിന്‍ പരീക്ഷിക്കാന്‍ അഹമ്മദാബാദ് ആസ്ഥാനമായ മരുന്നു നിര്‍മാണ കമ്പനി സൈഡസ് കാഡിലയ്ക്കും ഡ്രഗ് കൗണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി നല്‍കി

സൈകോവ്ഡി എന്ന സാധ്യതാ വാക്‌സിന്റെ പ്രീ ക്ലിനിക്കല്‍ പരീക്ഷണം വിജയകരമായിരുന്നെന്നും 3 മാസം കൊണ്ടു മനുഷ്യരിലെ പരീക്ഷണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും സൈഡസ് അറിയിച്ചു.

കൊവിഡ് വാക്സിന്‍ പുറത്തിറക്കുന്നത് സംബന്ധിച്ച് എയിംസ് ഡയറക്ടര്‍ റണ്‍ദീപ് ഗുലേറിയയും വൈറോളജിസ്റ്റും വെല്‍കം ട്രസ്റ്റ് ഡിബിടി അലയന്‍സിന്റെ ചീഫ് എക്സിക്യൂട്ടീവുമായ ഷഹീല്‍ ജമീലും ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ്.

FOLLOW US: pathram online

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7