വീരജവാന്മാരുടെ കരങ്ങളില്‍ രാജ്യം സുരക്ഷിതമാണ്….ലാഡാക്കില്‍ സൈനത്തെ പ്രകീര്‍ത്തിച്ച് മോദി

ലഡാക്ക്: ഇന്ത്യന്‍ സൈന്യത്തിന്റെ ദൃഡനിശ്ചയത്തെ ലോകത്ത് ആര്‍ക്കും തോല്‍പ്പിക്കാനാവില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. 11,000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ലഡാക്കിലെ അതിര്‍ത്തി പോസ്റ്റായ നിമുവില്‍ കരസേന, വ്യോമസേന, ഐടിബിപി ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിങ്ങളുടെ ധൈര്യം നിങ്ങളെ പോസ്റ്റ് ചെയ്തിരിക്കുന്ന സ്ഥലത്തേക്കാള്‍ ഉയരത്തിലാണെന്ന് പ്രധാനമന്ത്രി സൈനികരോട് പറഞ്ഞു.

രാജ്യത്തിനു മുഴുവനും സൈന്യത്തില്‍ പൂര്‍ണവിശ്വാസമുണ്ട്. വീരജവാന്മാരുടെ കരങ്ങളില്‍ രാജ്യം സുരക്ഷിതമാണ്. സ്വയംപര്യാപത്‌രാകാനുള്ള രാജ്യത്തിന്റെ പരിശ്രമത്തിനു സൈന്യം മാതൃകയാണ്. ഗല്‍വാനില്‍ വീരമൃത്യുവരിച്ച എല്ലാ സൈനികര്‍ക്കും വീണ്ടും ആദരാഞ്ജലി അര്‍പ്പിക്കുന്നു. ദുര്‍ബലരായവര്‍ക്ക് ഒരിക്കലും സമാധാനത്തിന് തുടക്കം കുറിക്കാന്‍ കഴിയില്ല. അതിനു ധൈര്യം ആവശ്യമാണ്.

അടുത്തിടെ നിങ്ങള്‍ കാണിച്ച ധൈര്യം ഇന്ത്യയുടെ ശക്തിയെക്കുറിച്ചു ലോകമെമ്പാടും സന്ദേശം നല്‍കി. നിങ്ങളുടെ ഇച്ഛാശക്തി ഹിമാലയം പോലെ ശക്തവും ഉറച്ചതുമാണ്. രാജ്യം മുഴുവന്‍ നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോക മഹായുദ്ധമായാലും സമാധാനമായാലും നിര്‍ണായകഘട്ടങ്ങളില്‍ നമ്മുടെ സൈന്യകരുടെ വിജയവും സമാധാനത്തിലേക്കുള്ള അവരുടെ ശ്രമങ്ങളും ലോകം കണ്ടു. മാനവികതയുടെ നന്മയ്ക്കായി ഇന്ത്യ എപ്പോഴും പ്രവര്‍ത്തിച്ചിട്ടുണ്ട്.

പുല്ലാങ്കുഴല്‍ വായിക്കുന്ന ശ്രീകൃഷ്ണനെ ആരാധിക്കുന്ന ആളുകളാണു നമ്മള്‍. എന്നാല്‍ ‘സുദര്‍ശന ചക്ര’ത്തെ വഹിക്കുന്ന അതേ ശ്രീകൃഷ്ണനെയും നമ്മള്‍ ആരാധിക്കുകയും പിന്തുടരുകയും ചെയ്യുന്നു. വിപുലീകരണത്തിന്റെ കാലം കഴിഞ്ഞു, ഇനി വികസനത്തിന്റെ യുഗമാണ്. ഭൂവിസ്തൃതി കൂട്ടാന്‍ ശ്രമിക്കുന്നവര്‍ ലോകസമാധാനത്തിനു ഭീഷണി. അത്തരക്കാര്‍ മണ്ണടിയും. അതാണ് ലോകത്തിന്റെ അനുഭവം. ഇത്തരക്കാര്‍ പരാജയപ്പെടുകയോ പിന്നോട്ടു പോകാന്‍ നിര്‍ബന്ധിതരാകുകയോ ചെയ്തുവെന്നതിനു ചരിത്രം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഭൂമി പിടിച്ചെടുക്കലിന്റെ കാലം കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ അതിർത്തിയിലെ പശ്ചാത്തലസൗകര്യം മൂന്നിരട്ടിയായി വർധിപ്പിച്ചു. എന്റെ മുന്നിൽ വനിതാ സൈനികരെ ഞാൻ കാണുന്നു. അതിർത്തിയിലെ യുദ്ധക്കളത്തിൽ ഈ കാഴ്ച പ്രചോദനകരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

follow us: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular