ന്യൂഡൽഹി: ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിനെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ്. കോവിഡ് മഹാമാരിക്കെതിരെ ചൈന സുതാര്യമായാണു ഇടപെട്ടതെന്ന് ചൈനീസ് പ്രസിഡന്റ് പ്രതികരിച്ചിരുന്നു. ഇതേ തുടർന്നാണ് ഹര്‍ഭജൻ സിങ് ചൈനീസ് പ്രസിഡന്റിനെതിരെ രോഷം പ്രകടിപ്പിച്ചത്. ലോകത്താകെ വൈറസ് പടർന്നതിൽ ചൈനയ്ക്ക് ലജ്ജ തോന്നണമെന്ന് ഹർഭജൻ വ്യക്തമാക്കി.
അതെ, ലോകമാകെ കോവിഡ് വ്യാപനത്തിൽ കഷ്ടപ്പെടുമ്പോൾ ചൈന അത് കാണുകയാണ്, നിങ്ങളെയോർത്ത് ലജ്ജ തോന്നുന്നു– ഹർഭജൻ സമൂഹമാധ്യമത്തിൽ കുറിച്ചു. കോവിഡ് വ്യാപനത്തിന്റെ പേരിൽ ലോകരാജ്യങ്ങളിലെ നേതാക്കളാകെ ചൈനയ്ക്കെതിരെ വിമർശനം ഉന്നയിക്കുമ്പോഴും രോഗത്തെ വേണ്ടവിധത്തിൽ തന്നെ കൈകാര്യം ചെയ്തിട്ടുണ്ടെന്നാണ് ചൈന അവകാശപ്പെടുന്നത്. കഴിഞ്ഞ വർഷം ചൈനയിലെ വുഹാൻ നഗരത്തിലാണ് കോവിഡ് രോഗബാധ പൊട്ടിപ്പുറപ്പെട്ടത്.
കോവിഡ് ബാധിതരുടെ എണ്ണത്തിൽ യുഎസിന് പിറകിലായി രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഇതിനകം തന്നെ 43 ലക്ഷം പേര്‍ക്ക് രാജ്യത്ത് രോഗം ബാധിച്ചു. 33 ലക്ഷത്തിലേറെ പേര്‍ രോഗമുക്തി നേടി. ഐപിഎല്ലിൽ ചെന്നൈ സൂപ്പര്‍ കിങ്സിനായി കളിക്കാനിരുന്ന ഹർഭജൻ ടൂർണമെന്റിൽനിന്നു പിൻമാറുകയാണെന്നു പിന്നീട് അറിയിച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളാല്‍ ഐപിഎല്ലിന് ഇല്ലെന്നാണു താരം അറിയിച്ചത്.