ദിവസം 7,140 രൂപ നഷ്ടം; ഇക്കാര്യം അറിഞ്ഞിട്ടും സര്‍ക്കാര്‍ 3000 ഇലക്ട്രിക് ബസ്സുകള്‍ വാങ്ങാന്‍ പോകുന്നു

തിരുവനന്തപുരം: വാടകയ്‌ക്കെടുത്ത് സര്‍വീസ് നടത്തുന്ന 10 ഇലക്ട്രിക് ബസുകള്‍ വന്‍ നഷ്ടമാണെന്ന് കെ.എസ്.ആര്‍.ടി.സി. ഒരുദിവസം ശരാശരി 7140 രൂപയാണ് നഷ്ടമെന്നും കെ.എസ്.ആര്‍.ടി.സി. പറയുന്നു. 10 ഇലക്ട്രിക് ബസുകള്‍ 10 വര്‍ഷത്തേക്കാണ് കെ.എസ്.ആര്‍.ടി.സി വാടകയ്‌ക്കെടുത്തത്. ബംഗളൂരു ആസ്ഥാനമായ സ്വകാര്യ കമ്പനിയുമായാണ് കരാര്‍. ഫെബ്രുവരി മാസത്തെ കണക്കനുസരിച്ച് തിരുവനന്തപുരം, കൊച്ചി എന്നീ നഗരങ്ങളില്‍ നാല് ബസുകള്‍ വീതമാണ് സര്‍വീസ് നടത്തുന്നത്.

ഒരുദിവസം ശരാശരി 7140 രൂപയുടെ നഷ്ടത്തിലാണ് ഇവ സര്‍വീസ് നടത്തുന്നത്. മാര്‍ച്ച് ആറിന് വി.ഡി. സതീശന്‍ എംഎല്‍എ നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മന്ത്രി എ.കെ. ശശീന്ദ്രന്‍ നല്‍കിയ മറുപടിയിലാണ് ഇലക്ട്രിക് ബസുകളുടെ നഷ്ടക്കണക്കുകള്‍ നിരത്തുന്നത്.

വൈദ്യുതി ബസുകള്‍ ലാഭകരമല്ലെന്ന് കെ.എസ്.ആര്‍.ടി.സി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കിലോമീറ്ററിന് 26 രൂപവരെ നഷ്ടമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കണ്ടക്ടറെ ഒഴിവാക്കി മെട്രോ മാതൃകയില്‍ കാര്‍ഡ് ഏര്‍പ്പെടുത്തിയാലും കിലോമീറ്ററിന് 20 രൂപയോളം നഷ്ടമുണ്ടാകുമെന്നും കോര്‍പ്പറേഷന്‍ പറയുന്നു.

ഈ റിപ്പോര്‍ട്ട് സര്‍ക്കാരിന് മുന്നിലുള്ളപ്പോഴാണ് 3000 ഇലക്ട്രിക് ബസുകള്‍ വാങ്ങാനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.

follow us: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular