ജയ്പൂര്‍: കെ.സി.വേണുഗോപാല്‍ രാജസ്ഥാനിലേക്ക്. അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് മുന്നേറ്റം തുടരുകയാണ്. ഇപ്പോള്‍ അധികാരത്തിലുള്ള ബി.ജെ.പി ആദ്യ സൂചന പ്രകാരം തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണ്്. ബിജെപിയുടെ സീറ്റിംഗ് സീറ്റുകളിലും കോണ്‍ഗ്രസിനാണ് ലീഡ്. വിജയസൂചന പുറത്തുവന്നതോടെ തുടര്‍ന്നുള്ള കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിനും പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിനെ രാജസ്ഥാനിലേക്ക് അയച്ചു. രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ജയ്പൂരില്‍ എത്തിയ കെ.സി. വേണുഗോപാല്‍ കോണ്‍ഗ്രസിന് ഒറ്റയ്ക്കുതന്നെ ഭൂരിപക്ഷം ലഭിക്കുമെന്നാണ് കരുതുന്നത്. ആരാകും മുഖ്യമന്ത്രിയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.
1993നു ശേഷം രാജസ്ഥാനില്‍ അധികാരത്തുടര്‍ച്ച രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സ്വപ്നം മാത്രമായിരുന്നു. അതുകൊണ്ടുതന്നെ രാജസ്ഥാനില്‍ വസുന്ധര രാജെ സിന്ധ്യ നേരിട്ടത് അഗ്‌നിപരീക്ഷയാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. രാജസ്ഥാനില്‍ വന്‍ ജനപങ്കാളിത്തമാണ് ബിജെപിയുടെ പര്യടനങ്ങള്‍ക്ക് ലഭിച്ചത്. മോദിയും അമിത് ഷായും താരപ്രചാരകരായിരുന്നു. പക്ഷേ, വോട്ടര്‍മാര്‍ കോണ്‍ഗ്രസിനൊപ്പം നിന്നുവെന്നാണ് ഫലസൂചനകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി 12 ഉം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഒന്‍പതും പൊതുയോഗങ്ങളില്‍ പങ്കെടുത്തിരുന്നു.
2013 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 75.23 ശതമാനം വോട്ടു രേഖപ്പെടുത്തിയ സംസ്ഥാനത്ത് ഇത്തവണ അത് 74.12 ശതമാനമായി കുറഞ്ഞു. എക്‌സിറ്റ് പോളുകള്‍ കോണ്‍ഗ്രസിനൊപ്പം നിന്നെങ്കിലും ചങ്കിടിപ്പോടെയാണ് കോണ്‍ഗ്രസ് ഫലം കാത്തിരുന്നത്. കര്‍ണാടകയില്‍ വീശിയ കാറ്റിന്റെ തുടര്‍ച്ചയായാണ് ഈ വിധിയെ നിരീക്ഷകര്‍ കാണുന്നത്.