സാനിയയെ വിവാഹം ചെയ്യാന്‍ ഞാനെന്തിനു ഭയക്കണം; ഞാനൊരു ക്രിക്കറ്റ് താരമാണ്, അല്ലാതെ രാഷ്ട്രീയക്കാരനല്ല’ ശുഐബ് മാലിക്ക്

ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സയുമായുള്ള വിവാഹത്തെക്കുറിച്ച് മനസ്സു തുറന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ശുഐബ് മാലിക്ക്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങള്‍ തങ്ങളുടെ ബന്ധത്തെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്ന് മാലിക്ക് വ്യക്തമാക്കി. കഴിഞ്ഞ ദിവസം പാക്ക്പാഷന്‍ ഡോട് നെറ്റിന് അനുവദിച്ച അഭിമുഖത്തിലാണ് സാനിയയുമായുള്ള വിവാഹത്തെക്കുറിച്ച് മാലിക്ക് മനസ്സു തുറന്നത്. കോവിഡ് വ്യാപനം നിമിത്തം അഞ്ചു മാസത്തിലധികമായി പിരിഞ്ഞിരിക്കുന്ന ഭാര്യ സാനിയ മിര്‍സയെയും കുഞ്ഞിനെയും കാണാന്‍ ഇംഗ്ലണ്ടിലേക്കുള്ള യാത്ര വൈകിച്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മാലിക്കിനെ സഹായിച്ചത് വാര്‍ത്തയായിരുന്നു.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള അത്ര സുഖകരമല്ലാത്ത ബന്ധം ഒരു ഇന്ത്യന്‍ കായികതാരത്തെ വിവാഹം ചെയ്യുമ്പോള്‍ ആശങ്കപ്പെടുത്തിയിരുന്നോ എന്നായിരുന്നു ചോദ്യം. ഇതിന് മാലിക്കിന്റെ മറുപടി ഇങ്ങനെ:

‘ഇല്ല. ഒട്ടുമില്ല. ഒരാളെ നമ്മള്‍ വിവാഹം ചെയ്യുമ്പോള്‍ പങ്കാളി എവിടെനിന്നുള്ള ആളാണെന്നതോ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങളോ രാഷ്ട്രീയ വിഷയങ്ങളോ എന്തിന് പരിഗണിക്കണം. അതു നമ്മുടെ മേഖലയല്ല. ഒരാളെ നാം ഇഷ്ടപ്പെടുകയും വിവാഹം ചെയ്യാന്‍ താല്‍പര്യപ്പെടുകയും ചെയ്യുന്നെങ്കില്‍ ആകെ പരിഗണിക്കേണ്ടത് ആ വ്യക്തിയെ മാത്രമാണ്. അല്ലാതെ അവര്‍ ഏതു രാജ്യക്കാരിയാണ് എന്നതല്ല. കുറച്ചുകൂടി വിശാലമായി പറഞ്ഞാല്‍ എനിക്ക് ഇന്ത്യക്കാരായ ഒട്ടേറെ സുഹൃത്തുക്കളുണ്ട്. അതുകൊണ്ടുതന്നെ രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഒരു വിധത്തിലും ബാധിക്കാറില്ല. മാത്രമല്ല, ഞാനൊരു ക്രിക്കറ്റ് താരമാണ്, അല്ലാതെ രാഷ്ട്രീയക്കാരനല്ല’ മാലിക്ക് ചൂണ്ടിക്കാട്ടി.

ഇന്ത്യ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബന്ധം പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മാലിക്ക് മനസ്സു തുറന്നു: ‘ഇന്ത്യപാക്കിസ്ഥാന്‍ പോരാട്ടങ്ങള്‍ പുനഃരാരംഭിക്കുന്നതു കാണാന്‍ ക്രിക്കറ്റ് ലോകത്തിന് അതിയായ താല്‍പര്യമുണ്ടാകുമെന്ന് ഉറപ്പല്ലേ. ആഷസ് പരമ്പര പോലെ പ്രധാനപ്പെട്ട പോരാട്ടമാണത്. ഇംഗ്ലണ്ടിനും ഓസ്‌ട്രേലിയയ്ക്കും ആഷസ് ഇല്ലാത്തൊരു ടെസ്റ്റ് ക്രിക്കറ്റിനെക്കുറിച്ച് ചിന്തിക്കാനാകുമോ? അതേ വീര്യത്തോടെ നടക്കുന്ന ഒരു പരമ്പരയാണ് ഇന്ത്യപാക്കിസ്ഥാന്‍ പോരാട്ടങ്ങളും. അതുകൊണ്ടുതന്നെ ഇപ്പോള്‍ മത്സരങ്ങള്‍ നടക്കുന്നില്ല എന്നത് സത്യത്തില്‍ മോശം കാര്യമാണ്. ഇന്ത്യന്‍ താരങ്ങളേക്കുറിച്ച് വളരെ ബഹുമാനത്തോടും ആവേശത്തോടും കൂടി സംസാരിക്കുന്ന എത്രയോ പാക്കിസ്ഥാന്‍ സുഹൃത്തുക്കള്‍ എനിക്കുണ്ട്. ഇന്ത്യയില്‍ കളിക്കാന്‍ പോകുമ്പോള്‍ എനിക്കും ടീമിലെ മറ്റു താരങ്ങള്‍ക്കും അവിടെനിന്നു ലഭിച്ചിട്ടുള്ള സ്‌നേഹവും അവര്‍ണനീയമാണ്. അതുകൊണ്ടുതന്നെ ഇന്ത്യപാക്ക് മത്സരങ്ങള്‍ എത്രയും വേഗം പുനഃരാരംഭിക്കട്ടെയെന്നാണ് എന്റെ ആഗ്രഹം’ മാലിക്ക് പറഞ്ഞു.

>രാജ്യാന്തര ക്രിക്കറ്റില്‍ ഇതിനകം എല്ലാ ഫോര്‍മാറ്റിലുമായി 435 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ താരമാണ് മുപ്പത്തെട്ടുകാരനായ ശുഐബ് മാലിക്ക്. 11,753 റണ്‍സും 218 വിക്കറ്റും നേടി. 2015ല്‍ ടെസ്റ്റ് മത്സരങ്ങളില്‍നിന്ന് വിരമിച്ച മാലിക്ക്, കഴിഞ്ഞ ലോകകപ്പോടെ ഏകദിനത്തോടും വിടപറഞ്ഞു. നിലവില്‍ ട്വന്റി20 ക്രിക്കറ്റില്‍ മാത്രമാണ് മാലിക് പാക്ക് ജഴ്‌സിയണിയുന്നത്.

FOLLOW US: pathram online

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7