ധോണി കഴിഞ്ഞാല്‍ മനോഹരമായി ഹെലികോപ്റ്റര്‍ ഷോട്ട് കളിക്കുന്നത് സുശാന്ത്… വേറെ ഒരാളെ ഞാന്‍ കണ്ടിട്ടില്ല

മഹേന്ദ്രസിങ് ധോണിയെ വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ അടുത്തിടെ അന്തരിച്ച നടന്‍ സുശാന്ത് സിങ് രാജ്പുത് നടത്തിയ കഠിനാധ്വാനം വിവരിച്ച് അദ്ദേഹത്തിന് പരിശീലനം നല്‍കിയ മുന്‍ ഇന്ത്യന്‍ താരം കിരണ്‍ മോറെ. ധോണിയുടെ വേഷം ചെയ്യാനായി ഒന്‍പതു മാസത്തോളമാണ് സുശാന്ത് മോറെയ്ക്കു കീഴില്‍ പരിശീലിച്ചത്. സാക്ഷാല്‍ ധോണി കഴിഞ്ഞാല്‍ സുശാന്തിനോളം നന്നായി ഹെലികോപ്റ്റര്‍ ഷോട്ട് കളിക്കുന്ന ഒരാളെ താന്‍ കണ്ടിട്ടില്ലെന്നും ഇന്ത്യന്‍ എക്‌സ്പ്രസിന് അനുവദിച്ച അഭിമുഖത്തില്‍ മോറെ വ്യക്തമാക്കി. ഞായറാഴ്ച മുംബൈ ബാന്ദ്രയിലെ വസതിയിലാണ് സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്

സുശാന്തിന്റെ ബാറ്റിങ് കണ്ട് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ പോലും ഒരിക്കല്‍ അന്തിച്ചുപോയ സംഭവും മോറെ വിവരിച്ചു. ‘സുശാന്തിന്റെ ബാറ്റിങ് കണ്ട് സാക്ഷാല്‍ സച്ചിന്‍ െതന്‍ഡുല്‍ക്കര്‍ അന്തിച്ചുനിന്നത് ഇപ്പോഴും എനിക്കോര്‍മയുണ്ട്. ധോണിയുടെ ബയോപിക്കുമായി ബന്ധപ്പെട്ടാണ് സുശാന്ത് ക്രിക്കറ്റ് മെച്ചപ്പെടുത്താന്‍ എന്റെ അടുത്തെത്തുന്നത്. സംവിധായകന്‍ നീരജ് ചോപ്രയും നിര്‍മാതാവ് അരുണ്‍ പാണ്ഡെയുമാണ് അദ്ദേഹത്തെ ബാറ്റിങ്ങും വിക്കറ്റ് കീപ്പിങ്ങും പഠിപ്പിക്കാന്‍ എന്നെ ഏല്‍പ്പിച്ചത്. കുറച്ചുനാളത്തെ പരിശീലനത്തിനുശേഷം സുശാന്ത് ധോണിയുടെ വിഖ്യാതമായ ഹെലിക്‌പോറ്റര്‍ ഷോട്ട് കളിക്കുന്ന സമയത്ത് സച്ചിന്‍ അവിടെയെത്തി.’

‘സുശാന്തിന്റെ ബാറ്റിങ് സച്ചിന്‍ ഗാലറിയില്‍നിന്ന് കണ്ടു. പിന്നീട് എന്നെ കണ്ടപ്പോള്‍ അദ്ദേഹം ചോദിച്ചു; ‘ആരാണാ പയ്യന്‍? അവന്‍ നന്നായി ബാറ്റു ചെയ്യുന്നുണ്ടല്ലോ. അത് നടന്‍ സുശാന്താണെന്ന് ഞാന്‍ പറഞ്ഞു. ധോണിയുടെ ബയോപിക്കില്‍ അഭിനയിക്കാന്‍ തയാറെടുക്കുകയാണെന്നും പറഞ്ഞു. ഇതുകേട്ട് സച്ചിന്‍ ഞെട്ടിപ്പോയി. അദ്ദേഹത്തിന് താല്‍പര്യമുണ്ടെങ്കില്‍ ധൈര്യമായി പ്രഫഷനല്‍ ക്രിക്കറ്റ് കളിക്കാമല്ലോയെന്ന് സച്ചിന്‍ പറഞ്ഞു. മികച്ച ബാറ്റിങ്ങാണ് അദ്ദേഹത്തിന്റേതെന്ന് സച്ചിന്‍ ചൂണ്ടിക്കാട്ടി’ മോറെ വിവരിച്ചു.

സുശാന്തുമായുള്ള ആദ്യ കൂടിക്കാഴ്ചയും മോറെ ഓര്‍ത്തെടുത്തു. ‘ബാന്ദ്രയിലെ താജ് ഹോട്ടലില്‍വച്ചാണ് ഞാന്‍ ആദ്യമായി സുശാന്തിനെ കാണുന്നത്. പരിശീലനത്തിന്റെ രീതികള്‍ എങ്ങനെയായിരിക്കണം എന്നതായിരുന്നു ചര്‍ച്ചാവിഷയം. ഒരു സിനിമാ നടനെ ക്രിക്കറ്റ് താരമാക്കി മാറ്റുക എന്നത് തീര്‍ച്ചയായും ശ്രമകരമായ ജോലിയായിരുന്നു. അതും ധോണിയേപ്പോലെ വ്യത്യസ്തമായ രീതികളുള്ള ഒരാളെ. ആദ്യമായി പരിശീലനത്തിന് വരുമ്പോള്‍ സുശാന്തിനൊപ്പം അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെയുള്ള മൂന്നു സഹായികളുണ്ടായിരുന്നു. നാളെ മുതല്‍ ഒറ്റയ്ക്ക് വരാനും കിറ്റുമായി ഗ്രൗണില്‍ പ്രവേശിക്കാനും ഞാന്‍ പറഞ്ഞു. ക്രിക്കറ്റ് താരമാകണമെങ്കില്‍ നിങ്ങള്‍ അവരേപ്പോലെ പെരുമാറുകയും വേണമെന്ന് ഞാന്‍ സുശാന്തിനോട് പറഞ്ഞു.’

‘ഞാന്‍ പറഞ്ഞത് അദ്ദേഹം ഹൃദയം കൊണ്ടുതന്നെ സ്വീകരിച്ചു. പിറ്റേന്നുമുതല്‍ പരിശീലന കിറ്റുമായി അദ്ദേഹം ഒറ്റയ്ക്ക് വരാന്‍ തുടങ്ങി. വളരെ അച്ചടക്കത്തോടെയായിരുന്നു പരിശീലനം. തലേന്ന് രാത്രിവരെ ഷൂട്ടുണ്ടെങ്കിലും രാവിലെ ഏഴു മണിക്ക് പരിശീലനത്തിനായി ഗ്രൗണ്ടില്‍ സന്നിഹിതനായിരിക്കും. അഥവാ അല്‍പം താമസിച്ചാലും സ്വയം വിധിക്കുന്ന ശിക്ഷപോലെ കൂടുതല്‍ സമയം പരിശീലിക്കും.’ മോറെ പറഞ്ഞു.

ധോണിയാകാന്‍ സുശാന്ത് നടത്തിയ കഠിനാധ്വാനവും മോറെ വിവരിച്ചു. ‘പരിശീലനത്തില്‍ ഒട്ടേറെ വെല്ലുവിളികള്‍ നേരിട്ടു. ഒരു സാധാരണ ക്രിക്കറ്റ് താരം കളിക്കുന്നതുപോലെ കളിച്ചാല്‍ മാത്രം പോരല്ലോ. ധോണിയുടെ അതേ ശൈലിയില്‍ വേണം കളിക്കാന്‍. അത്ര എളുപ്പം വഴങ്ങുന്ന ബാറ്റിങ് ശൈലിയില്ല ധോണിയുടേത്. പക്ഷേ, അദ്ദേഹം കഠിനാധ്വാനം ചെയ്തു. ഇത്രയും മികച്ച രീതിയില്‍ അദ്ദേഹം ധോണിയുടെ ശൈലി പഠിച്ചെടുക്കുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. പരിശീലനത്തിനിടെ പലപ്പോഴും ഏറുകിട്ടും. നടനെന്ന നിലയില്‍ മുഖത്തിന് എന്തെങ്കിലും സംഭവിക്കുന്നത് പ്രശ്‌നമായതിനാല്‍ എനിക്ക് ആശങ്കയുണ്ടായിരുന്നു. പക്ഷേ, അദ്ദേഹം ഒന്നും മിണ്ടില്ല. എന്തായാലും സുശാന്തിന്റെ കഠിനാധ്വാനത്തിന്റെ ഫലം സിനിമയില്‍ കണ്ടു’ മോറെ ചൂണ്ടിക്കാട്ടി.

ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ട് പഠിച്ചെടുക്കാന്‍ അദ്ദേഹം വളരെയധികം അധ്വാനിച്ചു. അത് പഠിച്ചെടുത്തപ്പോള്‍ വലിയ സന്തോഷത്തിലായിരുന്നു സുശാന്ത്. ഇന്ന് ഞാന്‍ ഈ ഷോട്ട് മാത്രമേ കളിക്കൂ എന്ന് പറഞ്ഞു. പിന്നീട് എത്ര സുന്ദരമായാണ് അദ്ദേഹം ഹെലികോപ്റ്റര്‍ ഷോട്ട് കളിച്ചത്. സത്യത്തില്‍ ധോണി കഴിഞ്ഞാല്‍ ഇത്രയും മനോഹരമായി ഹെലികോപ്റ്റര്‍ ഷോട്ട് കളിക്കുന്ന ഒരാളെ ഞാന്‍ കണ്ടിട്ടില്ല. സച്ചിന്റെ മകന്‍ അര്‍ജുന്‍ പരിശീലനത്തിനിടെ സുശാന്തിനു നേരെ ബൗണ്‍സറുകള്‍ എറിയും. ഒരു പ്രഫഷനല്‍ താരത്തെപ്പോലെ അദ്ദേഹം അതു ഹുക്ക് ചെയ്യും. എന്തു ബാറ്റാണ് സുശാന്ത് ഉപയോഗിക്കുന്നതെന്നും അതേപോലുള്ള ബാറ്റ് കിട്ടുമോയെന്നൊക്കെ അര്‍ജുന്‍ ചോദിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്’ മോറെ പറഞ്ഞു.

FOLLOW US: PATHRAM ONLINE LATEST NEWS

Similar Articles

Comments

Advertismentspot_img

Most Popular