മൂന്നുതവണ ജീവനൊടുക്കുന്നതിനെക്കുറിച്ച് ചിന്തിച്ചു…; സുഹൃത്തുക്കള്‍ 24 മണിക്കൂറും തനിക്ക് കാവലിരുന്നു; രോഹിത്തിനു മുന്നില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുഹമ്മദ് ഷമി

ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ജീവിതത്തില്‍ നിരവധി പ്രതിസന്ധികള്‍ ഉണ്ടായിരുന്നു. ഇങ്ങനെ
കടുത്ത പ്രതിസന്ധികള്‍ ജീവിതത്തെ വലയം ചെയ്തപ്പോള്‍ മൂന്നു തവണ ജീവനൊടുക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നെന്ന് മുഹമ്മദ് ഷമി വെളിപ്പെടുത്തി. ഇന്ത്യന്‍ ടീമില്‍ സഹതാരമായ രോഹിത് ശര്‍മയുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റിലാണ് ഇരുപത്തൊന്‍പതുകാരനായ ഷമിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. അക്കാലത്ത് ക്രിക്കറ്റിനേക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധിച്ചിരുന്നില്ല. താന്‍ എന്തെങ്കിലും കടുംകൈ ചെയ്‌തേക്കുമെന്ന ഭയത്താല്‍ അന്ന് സുഹൃത്തുക്കള്‍ 24 മണിക്കൂറും തനിക്ക് കാവലിരിക്കുകയായിരുന്നു. വീട്ടുകാരുടെ ഉറച്ച പിന്തുണയില്ലായിരുന്നെങ്കില്‍ തനിക്ക് ക്രിക്കറ്റ് എക്കാലത്തേക്കും നഷ്ടപ്പെട്ടു പോകുമായിരുന്നുവെന്നും ഷമി പറഞ്ഞു.

മുഹമ്മദ് ഷമിയും ഭാര്യ ഹസിന്‍ ജഹാനുമായുള്ള കുടുംബപ്രശ്‌നങ്ങള്‍ ഒരുകാലത്ത് വന്‍ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഷമിക്കും കുടുംബത്തിനുമെതിരെ ഗാര്‍ഹിക പീഡനം ആരോപിച്ച് 2018ല്‍ ഹസിന്‍ ജഹാന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെ പൊലിസ് ഷമിയെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് അദ്ദേഹം കുറേക്കാലം ക്രിക്കറ്റില്‍നിന്നു വിട്ടുനിന്നു. പൊലീസ് കേസായതോടെ ആ വര്‍ഷം ക്രിക്കറ്റ് താരങ്ങളുടെ കരാര്‍ പുതുക്കിയപ്പോള്‍ ബിസിസിഐ ഷമിയുടെ കരാര്‍ തടഞ്ഞുവച്ചത് വാര്‍ത്തയായിരുന്നു. പിന്നീട് ബിസിസിഐ അദ്ദേഹത്തെ കരാറില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

‘ആ സമയത്ത് എന്റെ ജീവിതം ആകെ ഉലഞ്ഞുപോയി. വ്യക്തിപരമായി ഞാന്‍ ആകെ തകര്‍ന്നു. ആ സമയത്ത് മൂന്നു തവണയാണ് ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് ഞാന്‍ ഗൗരവത്തോടെ ചിന്തിച്ചത്. ഈ പറഞ്ഞത് നീ വിശ്വസിക്കുമോ എന്നുപോലും എനിക്കറിയില്ല. ഞങ്ങള്‍ താമസിച്ചിരുന്ന 24 നിലക്കെട്ടിടത്തിന്റെ മുകളില്‍നിന്ന് ഞാന്‍ ചാടുമോയെന്നായിരുന്നു അവരുടെ ഭയം’ – രോഹിത്തിനോട് ഷമി പറഞ്ഞു.

‘എന്റെ ജീവിതം വലിയൊരു ദുരന്തത്തില്‍ അവസാനിക്കുമെന്ന് അന്ന് എന്റെ കുടുംബം ഭയന്നിരുന്നു. അന്ന് ക്രിക്കറ്റിനേക്കുറിച്ച് ചിന്തിക്കാന്‍പോലും സാധിക്കുന്ന അവസ്ഥയിലായിരുന്നില്ല ഞാന്‍.’ – ഷമി വെളിപ്പെടുത്തി. ഈ സമയത്ത് കുടുംബവും സുഹൃത്തുക്കളും നല്‍കിയ ഉറച്ച പിന്തുണയാണ് തന്നെ സംരക്ഷിച്ചതെന്നും ഷമി പറഞ്ഞു.

‘എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടെന്ന് പറഞ്ഞ് എന്നെ പൊതിഞ്ഞു സംരക്ഷിച്ചത് കുടുംബമാണ്. എന്റെ സഹോദരനെല്ലാം എന്റെ കാര്യത്തില്‍ വളരെയധികം ബുദ്ധിമുട്ടി. ഞാന്‍ എന്തെങ്കിലും കടുംകൈയ്ക്ക് മുതിര്‍ന്നാലോ എന്ന ഭയത്താല്‍ എന്റെ 2–3 സുഹൃത്തുക്കള്‍ 24 മണിക്കൂറും എനിക്കു കാവലിരുന്നു’ – ഷമി വിവരിച്ചു.

‘ക്രിക്കറ്റിലേക്ക് പൂര്‍ണശ്രദ്ധ കൊടുക്കാന്‍ എന്നെ ഉപദേശിച്ചത് മാതാപിതാക്കളാണ്. അന്നുമുതല്‍ ക്രിക്കറ്റല്ലാതെ മറ്റൊന്നും ശ്രദ്ധിക്കാന്‍ പോയിട്ടില്ല. വീണ്ടും ഞാന്‍ കഠിനമായി പരിശീലിക്കാന്‍ ആരംഭിച്ചു. വളരെ ബുദ്ധിമുട്ടേറിയ ദിനങ്ങളായിരുന്നു അത്. എന്നും ഒരേ തരത്തിലുള്ള പരിശീലനം. ഇതിനിടെ കുടുംബപ്രശ്‌നം വേറെ. ആയിടയ്ക്കാണ് ഒരു അപകടം സംഭവിച്ചത്. ഐപിഎല്‍ തുടങ്ങാന്‍ രണ്ടാഴ്ച മാത്രം ഉള്ളപ്പോഴായിരുന്നു അത്. എല്ലാം കൂടി ചേര്‍ന്ന് ഞാന്‍ കടുത്ത പ്രതിസന്ധിയിലായി. ഡെറാഡൂണിലെ ക്രിക്കറ്റ് അക്കാദമിയില്‍ വളരെയധികം വിയര്‍പ്പുചിന്തിയാണ് ഇപ്പോഴത്തെ നിലയിലേക്ക് എത്തിയത്’ – ഷമി പറഞ്ഞു.

ഗാര്‍ഹിക പീഡനക്കുറ്റമാരോപിച്ച് 2018ലാണ് ഹസിന്‍ ജഹാന്‍ ഷമിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. ഇതുപ്രകാരം താരത്തിനെതിരെ പൊലീസ് കേസെടുത്തു. തൊട്ടുപിന്നാലെ ഷമിയെ കാണാനില്ലെന്നും വാര്‍ത്തകള്‍ പരന്നിരുന്നു. ഗാര്‍ഹിക പീഡനം, വിശ്വാസ വഞ്ചന കുറ്റങ്ങള്‍ ചുമത്തിയായിരുന്നു ഷമിയുടെ ഭാര്യയുടെ പരാതിയില്‍ പൊലീസ് കേസെടുത്തത്. ഒത്തുതീര്‍പ്പു ശ്രമങ്ങള്‍ക്കിടെ ഷമിക്കെതിരെ കോഴ ആരോപണവും ഹസിന്‍ ഉന്നയിച്ചു. ഇതിനിടെ ഉത്തര്‍പ്രദേശിലെ അംറോഹയിലെ ഷമിയുടെ വീട്ടിലെത്തി ബഹളമുണ്ടാക്കിയതിന് ഹസിന്‍ ജഹാനെ പൊലീസ് അറസ്റ്റ് ചെയ്തതും വാര്‍ത്തയായി.

2018 മാര്‍ച്ച് ഏഴിനു ഷമിക്കു വിവാഹേതര ബന്ധമുണ്ടെന്നു കാണിച്ചു സമൂഹമാധ്യമങ്ങളിലൂടെ ഹസിന്‍ ചില ചിത്രങ്ങള്‍ പുറത്തുവിട്ടതോടെയാണു പ്രശ്‌നങ്ങളുടെ തുടക്കം. തനിക്കും കുഞ്ഞിനും പ്രതിമാസം ഏഴു ലക്ഷം രൂപ വീതം ഷമി ചെലവിനു നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹസിന്‍ ജഹാന്‍ പിന്നീടു കോടതിയെ സമീപിച്ചു. ഹര്‍ജി സ്വീകരിച്ച കോടതി പ്രതിമാസം 80,000 രൂപവീതം ഇവര്‍ക്കു നല്‍കാനാണ് ഉത്തരവിട്ടത്.

ഇതിനു പിന്നാലെയാണ് കോഴ ആരോപണം ഉയര്‍ത്തിയത്. ഇംഗ്ലണ്ടില്‍ വ്യവസായിയായ മുഹമ്മദ് ഭായ് എന്ന വ്യക്തി നല്‍കിയ പണം പാക്കിസ്ഥാന്‍കാരി അലിഷ്ബയില്‍ നിന്നു സ്വീകരിച്ചതായി ഷമിയുടെയും ഭാര്യയുടെയും ഫോണ്‍ സംഭാഷണത്തില്‍നിന്നു സൂചന ലഭിച്ചു. ഇതു കേന്ദ്രീകരിച്ചായിരുന്നു കോഴ ആരോപണത്തിലെ അന്വേഷണം. ഷമിക്കെതിരെ അന്വേഷണം നടത്താന്‍ ഡല്‍ഹി മുന്‍ പൊലീസ് കമ്മിഷണര്‍ നീരജ് കുമാറിനെയും ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗത്തെയും ബിസിസിഐ ഭരണ സമിതി ചുമതലപ്പെടുത്തിയിരുന്നു. ഇതില്‍ നീരജ് കുമാര്‍ നല്‍കിയ രഹസ്യ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഷമിക്കെതിരെ തുടര്‍ നടപടികള്‍ ആവശ്യമില്ലെന്ന് ബിസിസിഐ പിന്നീടു തീരുമാനിച്ചു.

പിന്നീട് പ്രശ്‌നങ്ങളെല്ലാം അതിജീവിച്ച് ശക്തമായി തിരിച്ചെത്തിയ ഷമി കരിയറിലെ ഏറ്റവും ഫോമിലേക്കുയര്‍ന്നു. 2019ലെ ഏകദിന ലോകകപ്പില്‍ പകരക്കാരനായെത്തി പകരം വയ്ക്കാനില്ലാത്ത പ്രകടനത്തിലൂടെ ഇന്ത്യന്‍ ടീമിന്റെ രക്ഷകനായി ഷമി. ഭുവനേശ്വര്‍ കുമാറിന് പരുക്കേറ്റതുകൊണ്ടു മാത്രം കളിക്കാന്‍ അവസരം ലഭിച്ച ഷമി ഒരു ഹാട്രിക്കും സ്വന്തമാക്കിയിരുന്നു. 2019ല്‍ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത താരമാണ്.

KEY WORDS: thrice-i-thought-of-committing-suicide-says-mohammed-shami- CRICKET-SPORTS-LATEST NEWS- PATHRAMONLINE PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7