നാഗ്പുര്‍: രണ്ടാം ഏകദിനത്തില്‍ ഇന്ത്യയുടെ 251 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടരുന്ന ഓസ്‌ട്രേലിയക്ക് അഞ്ചു വിക്കറ്റ് നഷ്ടമായി. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 39 ഓവറില്‍ ഓസിസ് 5 വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സ് എടുത്തിട്ടുണ്ട്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരെല്ലാം 48.2 ഓവറില്‍ ക്രീസ് വിട്ടു. രണ്ട് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയിലാണ് ഇന്ത്യക്ക് അവസാന മൂന്ന് വിക്കറ്റ് നഷ്ടമായത്. സെഞ്ചുറിയുമായി ഒറ്റയാള്‍ പോരാട്ടം നടത്തിയ ക്യാപ്റ്റന്‍ വിരാട് കോലിയുടെ പ്രകടനം ഇന്ത്യന്‍ ആരാധകര്‍ക്ക് വിരുന്നൊരുക്കി.
120 പന്തില്‍ 10 ഫോറിന്റെ അകമ്പടിയോടെ 116 റണ്‍സാണ് കോലി അടിച്ചെടുത്തത്. 46 റണ്‍സുമായി വിജയ് ശങ്കര്‍ ഇന്ത്യന്‍ ക്യാപ്റ്റന് പിന്തുണ നല്‍കി. കോലിയുടെ ഏകദിന കരിയറിലെ 40-ാം സെഞ്ചുറിയാണിത്. ഒമ്പത് ഓവറില്‍ 29 റണ്‍സ് വഴങ്ങി ഓസീസിനായി കമ്മിന്‍സ് നാല് വിക്കറ്റ് വീഴ്ത്തി
ഒരു ഘട്ടത്തില്‍ മൂന്ന് വിക്കറ്റിന് 75 റണ്‍സ് എന്ന നിലയിലായിരുന്ന ഇന്ത്യയെ ക്യാപ്റ്റന്‍ വിരാട് കോലിയും വിജയ് ശങ്കറും ചേര്‍ന്ന് കര കയറ്റുകയായിരുന്നു. ഇരുവരും നാലാം വിക്കറ്റില്‍ 81 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 41 പന്തില്‍ 46 റണ്‍സെടുത്ത വിജയ് ശങ്കറിനെ റണ്‍ഔട്ടാക്കി സാംബയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
രോഹിത് ശര്‍മ്മ അക്കൗണ്ട് തുറക്കും മുമ്പ് പുറത്തായപ്പോള്‍ 21 റണ്‍സായിരുന്നു ധവാന്റെ സമ്പാദ്യം. അമ്പാട്ടി റായുഡു 18 റണ്‍സുമായി വിക്കറ്റിന് മുന്നില്‍ കുരുങ്ങി. കേദര്‍ ജാദവിനും അധികം ആയുസുണ്ടായിരുന്നില്ല. 11 റണ്‍സെടുത്ത ജാദവിനെ സാംബ പുറത്താക്കി. ധോനി നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. സാംബയ്ക്കായിരുന്നു വിക്കറ്റ്. പിന്നാലെ രവീന്ദ്ര ജഡേജയും പുറത്തായി. കമ്മിന്‍സിന്റെ പന്തില്‍ ഖ്വാജയ്ക്ക് ക്യാച്ച് നല്‍കിയ ജഡേജയുടെ സമ്പാദ്യം 21 റണ്‍സായിരുന്നു.
പിന്നീട് അവസാന ഓവറുകളില്‍ ഇന്ത്യന്‍ ബാറ്റിങ് തകര്‍ന്നു. കൂറ്റനടികളുമായി റണ്‍ റേറ്റ് കൂട്ടുന്നതിന് പകരം ഇന്ത്യന്‍ താരങ്ങള്‍ വിക്കറ്റ് കളഞ്ഞുകുളിച്ചു. രണ്ട് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ ഇന്ത്യക്ക് അവസാന മൂന്ന് വിക്കറ്റ് നഷ്്ടമായി. വിരാട് കോലിയെ പുറത്താക്കിയതിന് പിന്നാലെ കമ്മിന്‍സ് കുല്‍ദീപ് യാദവിനെ ബൗള്‍ഡാക്കി. അക്കൗണ്ട് തുറക്കും മുമ്പ് ബുംറയെ കോള്‍ട്ടര്‍ നില്‍ തിരിച്ചയച്ചു. രണ്ട് റണ്‍സുമായി ഷമി പുറത്താകാതെ നിന്നു.