യുവതാരങ്ങളെ വിമര്‍ശിച്ച് പാക്കിസ്ഥാന്റെ മുന്‍ ക്യാപ്റ്റന്‍ ജാവേദ് മിയാന്‍ദാദ് രംഗത്ത്. ക്രിക്കറ്റിനേക്കാളുപരി മുടിയുടെ സ്‌റ്റൈലിലും ബാഹ്യമോടിയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന താരങ്ങള്‍ക്കെതിരെയാണ് വിമര്‍ശനം. കളിയിലായാലും പരിശീലനത്തിലായാലും സമ്പൂര്‍ണമായി ക്രിക്കറ്റിനു സമര്‍പ്പിച്ചെങ്കില്‍ മാത്രമേ ഫലമുണ്ടാകൂ. അതിനിടെ മുടി സ്‌റ്റൈല്‍ ചെയ്യാനും മറ്റും പോകുന്നത് ശരിയല്ലെന്നും മിയാന്‍ദാദ് തുറന്നടിച്ചു. താനുള്‍പ്പെടെയുള്ള താരങ്ങള്‍ കളത്തില്‍ സജീവമായിരുന്ന കാലത്ത് കാര്യങ്ങള്‍ ഇങ്ങനെയായിരുന്നില്ലെന്നും മിയാന്‍ദാദ് പറഞ്ഞു.
ബാറ്റു ചെയ്യുമ്പോള്‍ യുവതാരങ്ങള്‍ അവരുടെ വിക്കറ്റിന് വില കല്‍പ്പിക്കണമെന്നും മിയാന്‍ദാദ് ആവശ്യപ്പെട്ടു. ബോള്‍ ചെയ്യുമ്പോള്‍ ലൈനും ലെങ്തും കൃത്യമാക്കാനും ശ്രമിക്കണം. ഇതെല്ലാം ചെയ്ത ശേഷമാണ് മറ്റു വഴികളിലൂടെ പേരെടുക്കാന്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
‘യുവതാരങ്ങള്‍ അവരുടെ വിക്കറ്റ് വലിച്ചെറിയരുത്. സമയമെടുത്താണെങ്കിലും പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കണം. ആസ്വദിച്ച് ബാറ്റു ചെയ്യാനുമാകണം. ബോളര്‍മാരുടെ കാര്യത്തിലും ഇതുതന്നെ അവസ്ഥ. ലൈനിലും ലെങ്തിലും പൂര്‍ണമായി ശ്രദ്ധിക്കുക. നെറ്റ്‌സില്‍ പോയി സ്ഥിരമായി പരിശീലിക്കുക. കളിയോടുള്ള നമ്മുടെ ആത്മാര്‍പ്പണത്തിന്റെ തെളിവുകൂടിയാണിത്’ – മിയാന്‍ദാദ് പറഞ്ഞു.
‘വളര്‍ന്നുവരുന്ന താരങ്ങള്‍ ദയവുചെയ്ത് മുടി സ്‌റ്റൈലാക്കാനും മറ്റും പോകരുത്. ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിക്കുന്ന താരങ്ങള്‍ കളിനിര്‍ത്തി പകരം സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നതാണ് നല്ലത്’ – മിയാന്‍ദാദ് പറഞ്ഞു.
‘കളത്തില്‍ ബാഹ്യമോടിയുടെ കാര്യത്തില്‍ ഞങ്ങളൊന്നും ഒരുകാലത്തും ആകുലരായിരുന്നില്ല. കളി കഴിഞ്ഞ് എന്താണെന്നുവച്ചാല്‍ ചെയ്യുക. കായികതാരങ്ങള്‍ ലോകത്തുള്ള ഒട്ടേറെ യുവാക്കള്‍ക്കും കുട്ടികള്‍ക്കും മാതൃകയാണ്. അവരെ അനുകരിക്കാന്‍ ശ്രമിക്കുന്നവരും ധാരാളം. യുവതലമുറയ്ക്കായി എന്തു തരത്തിലുള്ള മാതൃകയാണ് നിങ്ങള്‍ കാട്ടുന്നതെന്ന് ആലോചിക്കണം’ – മിയാന്‍ദാദ് നിര്‍ദ്ദേശിച്ചു.