കറാച്ചി: ജനങ്ങളോട് വീടുകളിലിരിക്കാനും പുറത്തിറങ്ങരുതെന്നുമാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. എന്നാല്‍, പലര്‍ക്കും ഇതൊരു അവധിക്കാലം പോലെയോ വിനോദ യാത്ര പോലെയോ ആണ്. പാക്കിസ്ഥാന്‍ ജനതയ്ക്ക് ഇപ്പോഴും കൊറോണ വൈറസ് വ്യാപനത്തിന്റെ ഗൗരവം മനസ്സിലായിട്ടില്ലെന്ന് മുന്‍ പാക്ക് ക്രിക്കറ്റ് താരം ഷോയ്ബ് അക്തര്‍. സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ അതീവ ഗുരുതരമായ പ്രത്യാഘാതമാകും ഉണ്ടാകുകയെന്നും അക്തര്‍ മുന്നറിയിപ്പു നല്‍കി. പാക്കിസ്ഥാനില്‍ ഇതുവരെ 875 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ ആറു പേര്‍ മരണത്തിനു കീഴടങ്ങി.
ഇന്ന് വളരെ സുപ്രധാനമായൊരു കാര്യത്തിന് ഞാന്‍ പുറത്തുപോയിരുന്നു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാവിധ മുന്‍കരുതലുകളോടെയുമാണ് പോയത്. ആരുമായും ഹസ്തദാനം നടത്തുകയോ ആരെയും ആശ്ലേഷിക്കുകയോ ചെയ്തില്ല. മാത്രമല്ല, വാഹനം പൂര്‍ണമായും അടച്ചുപൂട്ടിയാണ് യാത്ര ചെയ്തത്. കഴിയുന്നത്ര വേഗം വീട്ടില്‍ തിരിച്ചെത്തുകയും ചെയ്തു.’
‘പക്ഷേ, ഈ യാത്രയില്‍ പുറത്തു കണ്ട കാഴ്ചകള്‍ ഞെട്ടിക്കുന്നതാണ്. ഒരു ബൈക്കില്‍ നാലു പേര്‍ ഒരുമിച്ചു യാത്ര ചെയ്യുന്നത് കണ്ടു. അവര്‍ എവിടെയോ ടൂര്‍ പോകുകയാണ്. ഒട്ടേറെപ്പേര്‍ കൂട്ടംകൂടിയിരുന്ന് ഭക്ഷണം കഴിക്കുന്നതും കണ്ടു. വലിയ സംഘങ്ങളായി ചിലര്‍ യാത്ര ചെയ്യുന്നതും പലയിടത്തും കണ്ടു. എന്തിനാണ് നമ്മള്‍ ഇപ്പോഴും ഹോട്ടലുകള്‍ തുറന്നുവച്ചിരിക്കുന്നത്? എത്രയും വേഗം അതെല്ലാം അടയ്ക്കുകയല്ലേ വേണ്ടത്?’ – തന്റെ യുട്യൂബ് ചാനലില്‍ അക്തര്‍ ചോദിച്ചു.
ഇന്ത്യയെ നോക്കൂ. അവിടെ കര്‍ഫ്യൂ പ്രഖ്യാപിച്ചപ്പോള്‍ ജനങ്ങള്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. പാക്കിസ്ഥാനില്‍ ഇപ്പോഴും നമുക്കു യാത്രകള്‍ പോലും വേണ്ടെന്നു വയ്ക്കാനാകുന്നില്ല. വൈറസ് ബാധയുടെ 90 ശതമാനവും സമ്പര്‍ക്കത്തില്‍നിന്നാണ് ഉണ്ടാകുന്നത്. എന്നിട്ടും നമുക്കു വീട്ടിലിരിക്കാനാകുന്നില്ല. നമ്മള്‍ എന്താണ് ഇങ്ങനെ? ഇത് അത്യന്തം അപകടകരമാണ്. ജനങ്ങളുടെ ജീവിതം വച്ചുള്ള കളിയാണിത്’ – അക്തര്‍ മുന്നറിയിപ്പു നല്‍കി. ആളുകള്‍ തെരുവുകളില്‍ കൂട്ടംകൂടുന്നത് തടയാന്‍ എത്രയും വേഗം ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാനും അക്തര്‍ പാക്കിസ്ഥാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
‘കൊറോണ വൈറസ് അത്യന്തം അപകടകാരിയാണെന്ന കാര്യം മനസ്സിലാക്കാന്‍ നമുക്ക് ഇപ്പോഴുമായിട്ടില്ല. ചൂടുകാലത്ത് വൈറസ് വ്യാപിക്കില്ലെന്നും ഇത് യുവാക്കളിലേക്കു പടരില്ലെന്നുമുള്ള മിഥ്യാധാരണകള്‍ക്ക് അടിപ്പെടരുത്. ആളുകള്‍ ഇപ്പോഴും പുറത്തുകൂടി സ്വൈര്യവിഹാരം നടത്തുകയാണ്. ഈ ഘട്ടത്തില്‍ പുറത്തുപോകേണ്ട ആവശ്യമെന്താണ്?’– അക്തര്‍ ചോദിച്ചു.
‘രാജ്യത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നാണ് സര്‍ക്കാരിനോട് എന്റെ അഭ്യര്‍ഥന. നഗരങ്ങള്‍ എത്രയും വേഗം അടച്ചുപൂട്ടുക. കൃത്യസമയത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതില്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ വരുത്തിയ വലിയ പിഴവാണ് അവിടെ കാര്യങ്ങള്‍ ഇത്രയും ഗുരുതരമാക്കിയത്. അവിടെ ദിവസേനയെന്നവണ്ണം നൂറുകണക്കിനു പേരാണ് മരിച്ചുവീഴുന്നത്. ഇവിടെ ആളുകള്‍ക്ക് അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ സമയം അനുവദിച്ചശേഷം എല്ലാം അടച്ചുപൂട്ടുകയാണ് വേണ്ടത്. പാക്കിസ്ഥാനിലെ ജനങ്ങള്‍ക്ക് ഇപ്പോഴും കാര്യഗൗരവം ബോധ്യപ്പെട്ടിട്ടില്ലെന്ന് പറയുന്നതില്‍ വിഷമമുണ്ട്. അവര്‍ ഇപ്പോഴും ഒരു വിനോദയാത്രയുടെ മൂഡിലാണ്’ – അക്തര്‍ പറഞ്ഞു.