തിരുവനന്തപുരം: കോവിഡ് 19 രോഗഭീഷണിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ സ്ഥിതി ഇന്നലത്തെ പോലെയല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് 12 പേര്‍ക്കു രോഗം ബാധിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. 5 പേര്‍ എറണാകുളം, ആറു പേര്‍ കാസര്‍കോട്, ഒരാള്‍ പാലക്കാട് ജില്ലക്കാരനാണ്. ഇതോടെ ആകെ സ്ഥിരീകരിച്ചവരുടെ എണ്ണം 40 ആയി. 44,390 പേര്‍ ഇപ്പോള്‍ സംസ്ഥാനത്തു നിരീക്ഷണത്തിലുണ്ട്. അതില്‍ 44,165 പേര്‍ വീടുകളിലാണ്.
225 പേര്‍ ആശുപത്രിയിലാണ്. ഇന്നുമാത്രം 56 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 3,436 സാംപിളുകള്‍ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. 12 പേര്‍ക്ക് രോഗം വന്നത് കാര്യങ്ങള്‍ ഗൗരവമായി എടുക്കണമെന്നാണു കാണിക്കുന്നത്. എറണാകുളത്തു വിദേശ ടൂറിസ്റ്റുകള്‍ക്കാണ് വൈറസ് ബാധിച്ചത്. കാസര്‍കോടിന്റെ കാര്യം വിചിത്രമാണ്. വൈറസ് ബാധിച്ചയാള്‍ കരിപ്പൂരാണ് വിമാനം ഇറങ്ങിയത്. അന്ന് അവിടെ താമസിച്ചു. പിറ്റേന്ന് കോഴിക്കോടേക്കും അവിടെനിന്ന് കാസര്‍കോടേക്കു പോയി. പിന്നീട് എല്ലാ പൊതു പരിപാടികളിലും അദ്ദേഹം പങ്കെടുത്തു.
ഫുട്‌ബോള്‍, ക്ലബ് പരിപാടി, വീട്ടിലെ ചടങ്ങുകളില്‍ പങ്കെടുത്തു. അദ്ദേഹം ഒട്ടേറ സഞ്ചരിച്ചു. കാസര്‍കോട് പ്രത്യേകം കരുതല്‍ വേണം എന്നാണ് ഇതില്‍ കാണുന്നത്. ജാഗ്രത വേണം എന്ന് അഭ്യര്‍ഥിക്കുന്നുണ്ടെങ്കിലും ചിലര്‍ ഇത് അനുസരിക്കാത്തതിന്റെ വിനയാണിത്. കാസര്‍കോട് ജില്ലയില്‍ ഒരാഴ്ച സര്‍ക്കാര്‍ ഓഫിസുകള്‍ അടച്ചിടും. രണ്ടാഴ്ചക്കാലം എല്ലാ ആരാധനാലയങ്ങളും അടച്ചിടണം. അവിടെയുള്ള ക്ലബുകള്‍ മുഴുവനായും അടയ്ക്കും. കടകള്‍ രാവിലെ 11 മുതല്‍ വൈകിട്ട് 5 വരെ മാത്രമേ തുറക്കൂ. ഇങ്ങനെ വലിയ നിയന്ത്രണം കാസര്‍കോട് വേണം. ഇത് ഉത്തരവായി ഇറങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
രണ്ട് എംഎല്‍എമാര്‍ നിരീക്ഷണത്തിലുണ്ട്. രോഗി ഒരാള്‍ക്ക് ഹസ്തദാനം നല്‍കി, ഒരാളെ കെട്ടിപ്പിടിച്ചു. രോഗം പടരാതിരിക്കാനാണ് കരുതല്‍ എടുക്കുന്നത്. അതിനോടു സഹകരിക്കുകയാണു വേണ്ടത്. അതില്ലാത്തത് വിഷമമുണ്ടാക്കുന്ന കാര്യമാണ്. വെള്ളിയാഴ്ച ജുമ നമസ്‌കാരം നടക്കുന്ന സമയമാണ്. ചില കേന്ദ്രങ്ങളില്‍ ഇതു സാധാരണ നിലയില്‍ നടന്നു. പലരും സര്‍ക്കാരിനോടു സഹകരിച്ചു. പക്ഷേ നടന്ന ഇടങ്ങളില്‍ രോഗമുള്ളവര്‍ വന്നാല്‍ ആകെ പ്രശ്‌നമാകും. അതുകൊണ്ടാണു ചടങ്ങുകള്‍ പരിമിതപ്പെടുത്തണമെന്നു പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.