ജനസംഖ്യ കുറയുന്നു, ഉള്ളവരോ വയസൻമാരും; ജനന നിരക്ക് ഉയർത്താനും പ്രസവ വേദന കുറയ്ക്കാനും ‘ചൈനീസ് മോഡൽ’

ജനസംഖ്യയിൽ ഒരു കാലത്ത് ഒന്നാം സ്ഥാനത്തു നിന്നിരുന്ന ചൈനയിപ്പോൾ ജനന നിരക്ക് ഉയർത്താൻ പുതിയ പദ്ധതികൾ തയാറാക്കുന്നു. ജനനനിരക്ക് കുറവും ജനസംഖ്യയുടെ ഭൂരിഭാഗവും വാർധക്യത്തിലേക്ക് എത്തിയെന്നും ജനസംഖ്യയിൽ വലിയ ഇടിവുണ്ടായിട്ടുണ്ടെന്നുമാണ് പഠനങ്ങൾ പറയുന്നത്. ഈ പ്രതിസന്ധി പരിഹരിക്കാൻ വിവിധങ്ങളായ പദ്ധതികളാണ് ചൈന ഗവൺമെൻറ് ആസൂത്രണം ചെയ്ത് നടപ്പാക്കി വരുന്നത്.

ആ പദ്ധതികളുടെ ഭാഗമായി ആശുപത്രികളിൽ പ്രസവസമയത്ത് വേദന കുറയ്ക്കുന്നതിനായി ഉപയോഗിക്കുന്ന മരുന്നുകൾക്ക് സബ്സിഡി പ്രഖ്യാപിച്ചിരിക്കുകയാണ് സർക്കാർ. മുൻപ് ഈ മരുന്നുകൾക്ക് ചൈനയിൽ വലിയ വിലയായിരുന്നു ഈടാക്കിയിരുന്നത്. പ്രസവസമയത്ത് ഈ മരുന്നുകളെ ആശ്രയിക്കേണ്ടി വരുന്നത് വലിയ സാമ്പത്തിക പ്രയാസമാണ് കുടുംബങ്ങളിൽ ഉണ്ടാക്കിയിരുന്നത്.

രാജ്യത്തിൻറെ തെക്കൻ ഭാഗത്തുള്ള ദ്വീപ് പ്രവിശ്യയായ ഹൈനാൻ, ഗവൺമെൻറാണ് മെഡിക്കൽ ഇൻഷുറൻസ് പദ്ധതികളിൽ പ്രസവ സമയത്തെ സാമ്പത്തിക ബാധ്യത ലഘൂകരിക്കുന്നതിൻറെ ഭാഗമായി വേദനാ സംഹാരികൾ അടക്കമുള്ള മരുന്നുകൾക്ക് സബ്സിഡി നൽകാൻ തീരുമാനിച്ചിരിക്കുന്നത്. ജനന സൗഹൃദ സമൂഹം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവിശ്യയിൽ നവംബർ 20 ന് ഈ പദ്ധതി പ്രഖ്യാപിച്ചത്. പ്രസവസമയത്ത് മാതാപിതാക്കൾ അനുഭവിക്കേണ്ടിവരുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് സർക്കാർ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക പത്രമായ പീപ്പിൾസ് ഡെയ്‌ലിയി റിപ്പോർട്ട് ചെയ്തിരുന്നു.

പ്രസവം, ശിശുപരിപാലനം, വിദ്യാഭ്യാസം എന്നിവയുടെ ചെലവുകൾ കുറയ്ക്കുകയും അതുവഴി കൂടുതൽ ആളുകൾ കുട്ടികൾക്ക് ജന്മം നൽകാൻ ആഗ്രഹിക്കുന്ന സാമൂഹികാവസ്ഥ സൃഷ്ടിക്കണമെന്നുമാണ് സർക്കാരിൻറെ നിർദ്ദേശം. 2022 -ൽ നടത്തിയ പഠനത്തിൽ ചൈനയിലെ സ്ത്രീകളിൽ മൂന്നിൽ ഒന്നിൽ താഴെ ആളുകൾ മാത്രമാണ് സ്വാഭാവിക പ്രസവ സമയത്ത് വേദന ലഘൂകരിക്കുന്നതിനുള്ള മരുന്നുകൾ ഉപയോഗിച്ചിട്ടുള്ളൂവെന്ന് കണ്ടെത്തിയിരുന്നു. നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം 1949 -ന് ശേഷമുള്ള ഏറ്റവും താഴ്ന്ന ജനനനിരക്ക് റിപ്പോർട്ട് ചെയ്തത് 2023 -ലാണ്. 1,000 ആളുകൾക്ക് 6.39 ആയി ജനന നിരക്ക് കുറഞ്ഞിരുന്നു. കൂടാതെ നവജാത ശിശുക്കളുടെ എണ്ണം 9.02 ദശലക്ഷമായി കുറയുകയും ചെയ്തിട്ടുണ്ട്. നിലവിൽ ജനസംഖ്യയിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യയാണ്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7