ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര പോലും കറിവേപ്പിലയാണെന്ന് മുതിർന്ന നടി ഷീല. പഴയ കാല നടിമാരുടെയും ഇന്നത്തെ നടിമാരുടെയും കഴിവിനെയും അവസരത്തെയും വണ്ണത്തെയും കുറിച്ച് താരതമ്യം ചെയ്യുന്നതിനിടെയാണ് ഷീല നയന്‍താരയുടെ കാര്യം പറയുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷീല ഇക്കാര്യം വെളിപ്പെടുത്തിയത്.
പഴയ കാലത്തേ പോലെ നല്ല കഥാപാത്രങ്ങള്‍ ഇന്നത്തെ നടിമാര്‍ക്ക് ലഭിക്കുന്നില്ലെന്ന് ഷീല പറയുന്നു. നല്ല കഴിവുള്ളവരാണ് ഇന്നത്തെ നടിമാര്‍. പക്ഷേ അവര്‍ക്ക് ആവശ്യമായ പരിഗണന ലഭിക്കുന്നില്ല. ഇപ്പോഴത്തെ പെണ്‍കുട്ടികളൊക്കെ നല്ല കഴിവുള്ളവരാണ്. എന്നിട്ടെന്താ? ഞങ്ങളുടെ കാലത്തേതു പോലെ നല്ല കഥാപാത്രങ്ങളെ കിട്ടുന്നുണ്ടോ? നായികയായി അഭിനയിക്കുന്ന നയന്‍താര പോലും കറിവേപ്പില പോലെ നായകന്റെ കൂടെ നാലോ അഞ്ചോ സീനില്‍ കാണും. പിന്നെ കാണില്ല.
ഇപ്പോള്‍ എത്ര സ്ത്രീകള്‍ തിയേറ്ററില്‍ പോയി സിനിമ കാണുന്നു? എല്ലാവരും സീരിയലിനു മുന്നിലല്ലേ? ഞങ്ങളുടെയൊക്കെ കാലത്ത് നായികമാര്‍ക്ക് വണ്ണം വേണം. ശരീരപുഷ്ടി വളര്‍ത്താന്‍ നന്നായി ഭക്ഷണം കഴിപ്പിക്കുമായിരുന്നു. അതിനു പുറമെ ഇന്‍ജക്ഷനും എടുക്കും. ഇന്നു നടികള്‍ പട്ടിണി കിടന്ന് വണ്ണം കുറയ്ക്കുന്നു. സങ്കടം തോന്നും. ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങിയിട്ട് എന്താ കാര്യം? ഇഷ്ടമുള്ളത് വയറു നിറയെ കഴിക്കാന്‍ യോഗമില്ലെന്നും ഷീല പറഞ്ഞു.