കോളേജിൽ പ്രവേശിക്കുന്നതിന് എസ്.എഫ്.ഐയുടെ വിലക്കെന്ന പരാതിയുമായി പ്രിൻസിപ്പാൾ. കണ്ണൂർ കുത്തുപറമ്പ് നരവൂർ എം.ഇ.എസ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ.എൻ. യൂസഫാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ കോളേജ് യൂണിയൻ ഭാരവാഹികൾക്ക് ഹാജർ നൽകാതെ പീഡിപ്പിച്ചതിന് മാനേജ്മെന്റാണ് അദ്ദേഹത്തെ തടഞ്ഞതെന്ന് എസ്.എഫ്.ഐ. പ്രതികരിച്ചു.
കോളേജിൽ പ്രവേശിച്ചാൽ കൊല്ലുമെന്ന് നേതാക്കൾ ഭീഷണിപ്പെടുത്തിയാതായി യൂസഫ് പറയുന്നു. അതുമൂലം കഴിഞ്ഞ ഡിസംബർ ഒമ്പതാം തിയതി മുതൽ കോളേജിൽ കടക്കാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എസ്.എഫ്.ഐ. നേതാക്കളും പ്രവർത്തകരുമായ പതിനാല് വിദ്യാർഥികൾക്ക് ഹാജർ കുറവായതിനാൽ കഴിഞ്ഞതവണ പരീക്ഷ എഴുതാൻ സാധിച്ചിരുന്നില്ല. പ്രിൻസിപ്പാളിന്റെ പ്രതികാര നടപടി മൂലമാണിതെന്ന് എസ്.എഫ്.ഐ. ആരോപിക്കുന്നു. യൂണിയൻ പ്രവർത്തകർക്ക് അർഹതയുള്ള ഹാജർ പരിഗണന പോലും നൽകാൻ പ്രിൻസിപ്പാൾ തയ്യാറായില്ലെന്നും എസ്.എഫ്.ഐ. വ്യക്തമാക്കുന്നു.
എന്നാൽ കഴിഞ്ഞ സെമസ്റ്ററിൽ ഒരുദിവസം പോലും വിദ്യാർഥികൾ ക്ലാസിൽ കയറിയിട്ടില്ലെന്നാണ് പ്രിൻസിപ്പാളിന്റെ മറുപടി. വിലക്കില്ലെന്നും വിദ്യാർഥി വിരുദ്ധ നിലപാടെടുക്കുന്ന പ്രിൻസിപ്പാളിനെ മാനേജ്മെന്റ് നീക്കിയതാണെന്ന് എസ്.എഫ്.ഐ. ജില്ലാ നേതൃത്വവും വ്യക്തമാക്കുന്നു.