ഫഡ്‌നാവിസിന്റെ വീഡിയോ പുറത്തുവിട്ട് ശിവസേന; മഹാരാഷ്ട്രയില്‍ പ്രതിസന്ധി രൂക്ഷം

മുംബൈ: ബി.ജെ.പി.യുമായി ചൊവ്വാഴ്ച നടത്താനിരുന്ന ചര്‍ച്ചയില്‍നിന്ന് ശിവസേന പിന്മാറിയതോടെ മഹാരാഷ്ട്രയിലെ മന്ത്രിസഭാ രൂപവത്കരണനീക്കങ്ങള്‍ അനിശ്ചിതത്വത്തിലായി. മുഖ്യമന്ത്രിപദം പങ്കുവെക്കുന്നതുസംബന്ധിച്ച് ശിവസേനയ്ക്ക് നേരത്തേ ഉറപ്പൊന്നും കൊടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് വ്യക്തമാക്കിയതിനുപിന്നാലെയാണ് ചര്‍ച്ചയില്‍നിന്ന് പിന്മാറുന്ന കാര്യം ശിവസേന അറിയിച്ചത്. ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷായുടെ മുംബൈ സന്ദര്‍ശനവും മാറ്റിയിട്ടുണ്ട്.

മുഖ്യമന്ത്രിപദം രണ്ടരവര്‍ഷംവീതം പങ്കുവെക്കണമെന്ന് ശിവസേനയും അതുപറ്റില്ലെന്ന് ബി.ജെ.പി.യും ശഠിക്കുന്നതുകാരണമാണ് തിരഞ്ഞെടുപ്പുഫലം വന്ന് അഞ്ചുദിവസം പിന്നിട്ടിട്ടെങ്കിലും മന്ത്രിസഭാരൂപവത്കരണത്തിലേക്ക് കടക്കാന്‍ ഭരണമുന്നണിക്ക് കഴിയാതെവന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ മുഖ്യമന്ത്രിപദം 50:50 അനുപാതത്തില്‍ പങ്കുവെക്കാമെന്ന് ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷാ ലോക്സഭാ തിരഞ്ഞടുപ്പുവേളയില്‍ ഉറപ്പുനല്‍കിയിരുന്നു എന്നാണ് ശിവസേന പറയുന്നത്. ഈ ധാരണയില്‍നിന്ന് പിന്നോട്ടില്ലെന്ന് ശിവസേനാനേതാക്കള്‍ ആവര്‍ത്തിക്കുന്നു.

എന്നാല്‍, അങ്ങനെയൊരു ഉറപ്പ് ആരും ശിവസേനയ്ക്ക് നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് ചൊവ്വാഴ്ച പറഞ്ഞു. മഹാരാഷ്ട്ര സര്‍ക്കാരിന് അടുത്ത അഞ്ചുവര്‍ഷത്തേക്ക് ബി.ജെ.പി.തന്നെ നേതൃത്വം നല്‍കുമെന്നും അഞ്ചുവര്‍ഷക്കാലവും ശിവസേന മന്ത്രിസഭയിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രസ്താവനയാണ് ശിവസേനയെ പ്രകോപിപ്പിച്ചത്. ഫഡ്നവിസ് അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ സത്യത്തിന്റെ നിര്‍വചനംതന്നെ മാറ്റേണ്ടിവരുമെന്ന് ശിവസേനാനേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞു. അമിത് ഷായുടെ സാന്നിധ്യത്തില്‍ ഫഡ്നവിസ്തന്നെയാണ് പദവികള്‍ തുല്യമായി പങ്കുവെക്കാമെന്ന നിര്‍ദേശം വെച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഫഡ്നവിസ് ഇതേക്കുറിച്ച് സംസാരിക്കുന്ന വീഡിയോദൃശ്യവും ശിവസേന പുറത്തുവിട്ടിട്ടുണ്ട്.

ഫഡ്നവിസിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് ചൊവ്വാഴ്ച വൈകീട്ട് നടക്കാനിരുന്ന ചര്‍ച്ചയില്‍നിന്ന് പിന്മാറാന്‍ ശിവസേനാനേതാവ് ഉദ്ധവ് താക്കറെ നിര്‍ദേശം നല്‍കിയതെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ അറിയിച്ചു. കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറും ബി.ജെ.പി. നേതാവ് ഭൂപേന്ദ്ര യാദവും പങ്കെടുക്കുന്ന യോഗത്തില്‍ സുഭാഷ് ദേശായിയും സഞ്ജയ് റാവുത്തും ശിവസേനയെ പ്രതിനിധാനംചെയ്യുമെന്നാണ് പറഞ്ഞിരുന്നത്.

ബുധനാഴ്ച നടക്കുന്ന ബി.ജെ.പി. നിയമസഭാകക്ഷിയോഗത്തില്‍ സംബന്ധിക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ മുംബൈയിലെത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും അതുണ്ടാവില്ലെന്ന് ഫഡ്നവിസ് ചൊവ്വാഴ്ച അറിയിച്ചു. മുംബൈയില്‍വെച്ച് അമിത് ഷായും ശിവസേനാനേതാവ് ഉദ്ധവ് താക്കറെയും തമ്മില്‍ ചര്‍ച്ച നടക്കാനുള്ള സാധ്യതയും അതോടെ ഇല്ലാതായി.

45 ശിവസേനാ എം.എല്‍.എ.മാര്‍ ഫഡ്നവിസുമായി ബന്ധപ്പെട്ടതായി ബി.ജെ.പി. നേതാവ്

മുംബൈ: പുതുതായി തിരഞ്ഞെടുക്കപ്പെട്ട 45 ശിവസേനാ എം.എല്‍.എ.മാര്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ബി.ജെ.പി. രാജ്യസഭാംഗം സഞ്ജയ് കാക്കഡെ അവകാശപ്പെട്ടു. സര്‍ക്കാര്‍രൂപവത്കരണത്തില്‍ ബി.ജെ.പി.യോട് സഹകരിക്കാന്‍ ഇവര്‍ സന്നദ്ധത പ്രകടിപ്പിച്ചതായും അദ്ദേഹം പുണെയില്‍ പറഞ്ഞു. റിയല്‍ എസ്റ്റേറ്റ് വ്യവസായിയായ സഞ്ജയ് കാക്കഡെ സ്വതന്ത്രസ്ഥാനാര്‍ഥിയായാണ് മഹാരാഷ്ട്രയില്‍നിന്ന് രാജ്യസഭയിലെത്തിയത്. പിന്നീട് ബി.ജെ.പി.യില്‍ ചേരുകയായിരുന്നു.

അതിനിടെ, രണ്ട് സ്വതന്ത്ര എം.എല്‍.എ.മാര്‍കൂടി ചൊവ്വാഴ്ച ബി.ജെ.പി.ക്ക് പിന്തുണപ്രഖ്യാപിച്ചു. 10 സ്വതന്ത്രരുടെ പിന്തുണ ബി.ജെ.പി.ക്ക് ഉണ്ടെന്നും അഞ്ചുപേര്‍കൂടി പിന്തുണയുമായെത്തുമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7