മഹാരാഷ്ട്രയില്‍ ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ധാരണയായി. ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകും. മൂന്ന് പാര്‍ട്ടികുടെയും പ്രധാനപ്പെട്ട നേതാക്കള്‍ മുംബൈയില്‍ ചേര്‍ന്ന യോഗത്തിലാണ് സര്‍ക്കാര്‍ രൂപീകരണത്തില്‍ അന്തിമ ധാരണയായത്. നാളെ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ സഖ്യം പ്രഖ്യാപിക്കും. പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാകും സംസ്ഥാന ഭരണം.
താക്കറെയെ മുഖ്യമന്ത്രിയാക്കി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ധാരണയാതായി കക്ഷി നേതാക്കളുടെ യോഗത്തിന് ശേഷം എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ വ്യക്തമാക്കി. നാളെയും ചില ചര്‍ച്ചകള്‍ നടക്കും. തുടര്‍ന്ന് വാര്‍ത്താ സമ്മേളനത്തില്‍ സഖ്യം പ്രഖ്യാപിക്കും അതിന് ശേഷം ഗവര്‍ണറെ കാണേണ്ട സമയം തീരുമാനിക്കും. പൊതുമിനിമം പരിപാടിയും അധികാരം പങ്കിടലും സംബന്ധിച്ച് ധാരണയായതോടെയാണ് പാര്‍ട്ടി നേതൃത്വങ്ങള്‍ സഖ്യ പ്രഖ്യാപനത്തിലേക്ക് നീങ്ങുന്നത്.
എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍, ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ, ശിവസേനാ നേതാക്കളായ ഏക്നാഥ് ഷിന്‍ഡെ, സുഭാഷ് ദേശായി, സഞ്ജയ് റാവത്ത്, കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കെ.സി വേണുഗോപാല്‍, അവിനാഷ് പാണ്ഡെ, ബാലാസാഹെബ് തൊറാട്ട്, പൃഥ്വിരാജ് ചവാന്‍, എന്‍.സി.പി നേതാക്കളായ പ്രഫുല്‍ പട്ടേല്‍, ജയന്ത് പാട്ടീല്‍, അജിത് പവാര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് ഒരു മാസം ആകുമ്പോഴും സര്‍ക്കാര്‍ രൂപീകരണം നടന്നിട്ടില്ല. 105 സീറ്റുള്ള ബി.ജെ.പിയും 56 സീറ്റുള്ള ശിവസേനയും തമ്മില്‍ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി തെറ്റിയതോടെയാണ് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം വഴിമുട്ടിയത്. ഇതോടെ ശിവസേനയും എന്‍.സി.പിയും കോണ്‍ഗ്രസും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ചര്‍ച്ചകള്‍ തുടങ്ങുകയായിരുന്നു.