കൊച്ചി: വിവാദമായ മരടിലെ ഫ്‌ലാറ്റുകള്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. യന്ത്രങ്ങളുപയോഗിക്കുന്നതു കാലതാമസമുണ്ടാക്കുമെന്നതാണു കാരണം. സമീപ ജനവാസമേഖലകളിലും സുരക്ഷ ഉറപ്പാക്കും. ഒഴിപ്പിക്കല്‍ ഇന്നാരംഭിക്കുമെന്നു സബ് കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ് പറഞ്ഞു. ഉടമകളുടെ ആവശ്യങ്ങള്‍ പരിഗണിക്കും. വെള്ളവും വൈദ്യുതിയും 4 ദിവസത്തേക്കു നല്‍കും. ബലം പ്രയോഗിക്കാതെ ഒക്ടോബര്‍ മൂന്നിനകം ഒഴിപ്പിക്കും. പൊളിക്കാന്‍ 9നകം കരാറാകും. 11നു പൊളിച്ചുതുടങ്ങും. സാവകാശം നല്‍കുക, നഷ്ടപരിഹാരം തീരുമാനിക്കുക, അനുയോജ്യ വാസസ്ഥലം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുമായി ഇന്ന് അനിശ്ചിതകാല നിരാഹാരം തുടങ്ങി. ചിലര്‍ ഒഴിയാന്‍ തയാറെടുത്തു.
കൂറ്റന്‍ കെട്ടിടങ്ങള്‍ നിമിഷനേരം കൊണ്ട് ഇടിഞ്ഞു താഴെ വീഴുക; ചുറ്റുമുള്ള കെട്ടിടങ്ങള്‍ക്ക് ഒരു പോറല്‍ പോലുമേല്‍ക്കാതെ. ഇതാണു ‘ബില്‍ഡിങ് ഇംപ്ലോഷന്‍’. നിയന്ത്രിത സ്‌ഫോടനത്തിലൂടെ കെട്ടിടം തകര്‍ക്കുന്ന രീതി. പൊളിച്ചു മാറ്റേണ്ട കെട്ടിടത്തിന്റെ ബീമുകളിലും തൂണുകളിലും ചാര്‍ജ് എന്ന പേരില്‍ സ്‌ഫോടക വസ്തുക്കള്‍ ഘടിപ്പിക്കും. നൈട്രോഗ്ലിസറിന്‍ മുഖ്യഘടകമായ ഡൈനമൈറ്റാണ് ഉപയോഗിക്കുക.
പൂര്‍ണമായും കംപ്യൂട്ടര്‍ അധിഷ്ഠിതമായാണു ‘ബില്‍ഡിങ് ഇംപ്ലോഷന്റെ’ പ്രവര്‍ത്തനം. സ്‌ഫോടക വസ്തുക്കള്‍ എവിടെയൊക്കെ വയ്ക്കണം, അളവ്, സ്‌ഫോടനം നടത്തേണ്ട സമയം എന്നിവയെല്ലാം കംപ്യൂട്ടര്‍ ഉപയോഗിച്ചാണു തീരുമാനിക്കുക. കെട്ടിടത്തിന്റെ ഓരോ നിലകളിലും അതിസൂക്ഷ്മ സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാകും സ്‌ഫോടനം.
താഴത്തെ നിലകളില്‍ ആദ്യം. പിന്നീട് മുകള്‍ നിലകളില്‍ സ്‌ഫോടനം. ഇങ്ങനെ ചെയ്യുമ്പോള്‍ കെട്ടിട അവശിഷ്ടങ്ങള്‍ പുറത്തേക്കു തെറിക്കില്ല. ഉള്ളിലേക്കു മാത്രമേ വീഴൂ. ഇതു തന്നെയാണ് ഈ രീതിയുടെ ഏറ്റവും വലിയ പ്രത്യേകതയും. തൊട്ടടുത്തുള്ള കെട്ടിടങ്ങളെ ബാധിക്കാതെ പൊളിച്ചുമാറ്റാം. കുറഞ്ഞ സമയത്തിനുള്ളില്‍ പൊളിക്കാമെന്നതാണു നേട്ടം. കൂടുതല്‍ കാലത്തേക്കു ഗതാഗത നിയന്ത്രണവും വേണ്ട. സ്‌ഫോടനം നടത്തുന്ന കുറച്ചു സമയത്തേക്കു മാത്രം സമീപത്തെ ആളുകളെ ഒഴിപ്പിച്ചാല്‍ മതിയാകും.
വിദേശങ്ങളില്‍ വന്‍ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റേണ്ടി വരുമ്പോള്‍ അവലംബിക്കുന്നത് ഇംപ്ലോഷന്‍ രീതിയാണ്. ചെന്നൈ മൗലിവാക്കത്തുള്‍പ്പെടെ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ ‘ബില്‍ഡിങ് ഇംപ്ലോഷന്‍’ രീതി ഉപയോഗിച്ചു കെട്ടിടങ്ങള്‍ പൊളിച്ചിട്ടുണ്ട്. ഈ രീതി ഉപയോഗിച്ചു കോട്ടയം നാഗമ്പടത്തെ പഴയ റെയില്‍വേ മേല്‍പാലം പൊളിക്കാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു.