ന്യൂഡല്‍ഹി: മരട് ഫ്ളാറ്റ് ഉടമകള്‍ക്ക് സര്‍ക്കാര്‍ ഉടന്‍തന്നെ 25 ലക്ഷംരൂപ താല്‍ക്കാലിക നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശം. നഷ്ടപരിഹാരത്തുക ഫ്ളാറ്റ് നിര്‍മാതാക്കളില്‍നിന്ന് ഈടാക്കും. നഷ്ടപരിഹാരം പൂര്‍ണ്ണമായും നിര്‍മാതാക്കളില്‍ നിന്ന് ഈടാക്കുമെന്നും, കോടതിയുടെ നിര്‍ദ്ദേശം അനുസരിച്ച് നഷ്ടപരിഹാരം കണ്ടെത്താനുള്ള സമിതി അംഗങ്ങളുടെ പട്ടിക ഉടന്‍ സമര്‍പ്പിക്കുമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. ഒക്ടോബര്‍ 11ന് പൊളിക്കല്‍ നടപടികള്‍ ആരംഭിക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് കോടതിയില്‍ പറഞ്ഞു.
കെട്ടിടം പൊളിച്ചാല്‍ വലിയ പരിസ്ഥിതി മാലിന്യം ഉണ്ടാകുമെന്നും അതിനാല്‍ അതുപോലെ നിലനിര്‍ത്താന്‍ അനുവദിക്കണമെന്നും ഉള്ള ഹരീഷ് സാല്‍വെയുടെ അപേക്ഷ കോടതി തള്ളി. സര്‍ക്കാറിന് പൊളിക്കാന്‍ ആകില്ലെങ്കില്‍ മറ്റാരെയെങ്കിലും ഏര്‍പ്പെടുത്തണമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കി. പൊളിക്കുമെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും 138 ദിവസങ്ങള്‍ക്കുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാകുമെന്നും സാല്‍വേ കോടതിയെ അറിയിച്ചു.
ഫ്ളാറ്റുടമകള്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്. താല്‍ക്കാലിക നഷ്ടപരിഹാരമായി 25 ലക്ഷംരൂപ നാല് ആഴ്ചയ്ക്കുള്ളില്‍ നല്‍കണമെന്നും എന്നും കോടതി നിര്‍ദ്ദേശിച്ചു. ഫ്ളാറ്റുകളുടെ നഷ്ടപരിഹാരം നിശ്ചയിക്കാനായി റിട്ടയേഡ് ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ പ്രത്യേക സമിതി രൂപീകരിക്കുമെന്ന് ഹരീഷ് സാല്‍വേ കോടതിയെ അറിയിച്ചു.
നഷ്ടപരിഹാരത്തുക ഫ്ളാറ്റ് നിര്‍മാതാക്കളില്‍നിന്നും ഈടാക്കാന്‍ അനുവദിക്കണമെന്ന സാല്‍വേയുടെ വാദം അംഗീകരിച്ച കോടതി, നിര്‍മാതാക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവിട്ടു. നഷ്ടപരിഹാരം പൂര്‍ണ്ണമായും നിര്‍മാതാക്കളില്‍ നിന്ന് ഈടാക്കുമെന്നും, കോടതിയുടെ നിര്‍ദ്ദേശം അനുസരിച്ച് നഷ്ടപരിഹാരം കണ്ടെത്താനുള്ള സമിതി അംഗങ്ങളുടെ പട്ടിക ഉടന്‍ സമര്‍പ്പിക്കുമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. മരട് മുന്‍സിപ്പാലിറ്റിക്ക് കീഴില്‍ 291 അനധികൃത നിര്‍മ്മാണങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് സംസ്ഥാനം കോടതിയില്‍ സത്യവാങ്മൂലവും നല്‍കിയിട്ടുണ്ട് .