ജമൈക്ക: താന്‍ കണ്ട ഏറ്റവും മികച്ച സ്പെല്ലുകളിലൊന്നാണ് ബുമ്രയുടേതെന്ന് പരിശീലകന്‍. ആന്റിഗ്വ ടെസ്റ്റിലെ ബുമ്രയുടെ രണ്ടാം ഇന്നിംഗ്സ് സ്പെല്ലിനെ പ്രശംസിച്ച് ഇന്ത്യന്‍ ബൗളിംഗ് പരിശീലകന്‍ ഭരത് അരുണ്‍. ഇന്ത്യന്‍ പേസര്‍മാരുടേതായി താന്‍ കണ്ട ഏറ്റവും മികച്ച സ്പെല്ലുകളിലൊന്നാണ് ബുമ്രയുടേത്’ എന്നാണ് ഭരതിന്റെ വാക്കുകള്‍.
‘സാഹചര്യത്തിനനുസരിച്ച് ബൗളിംഗ് മാറ്റങ്ങള്‍ വരുത്തുന്ന, ചിന്തിച്ച് പന്തെറിയുന്ന ബൗളറാണ് ബുമ്ര. ആന്റിഗ്വയില്‍ ആദ്യ ഇന്നിംഗ്സിലും രണ്ടാം ഇന്നിംഗ്സിലും വേറിട്ട ലെങ്തിലാണ് ബുമ്ര പന്തെറിഞ്ഞത്. ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യതയേറെയാണ്. എത്രകാലം കളിക്കാനാവുമെന്നതിനെ പേസര്‍മാരുടെ വര്‍ക്ക്ലോഡ് മാനേജ്മെന്റും ഫിറ്റ്നസും ആശ്രയിച്ചിരിക്കും’ എന്നും ഭരത് അരുണ്‍ പറഞ്ഞു.
ആന്റിഗ്വയില്‍ രണ്ടാം ഇന്നിംഗ്സില്‍ എട്ട് ഓവറില്‍ ഏഴ് റണ്‍സ് വിട്ടുകൊടുത്ത് ബുമ്ര അഞ്ച് പേരെ പുറത്താക്കുകയായിരുന്നു. ഇതോടെ ടെസ്റ്റില്‍ ഏറ്റവും കുറവ് റണ്‍സ് വിട്ടുകൊടുത്ത് അഞ്ചോ അതിലധികമോ വിക്കറ്റ് നേടുന്ന ഏഷ്യന്‍ ബൗളറെന്ന നേട്ടത്തിലെത്തി ബുമ്ര. ഇന്ത്യ മുന്നോട്ടുവെച്ച 419 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് ബുമ്ര എക്സ്പ്രസിന് മുന്നില്‍ കീഴങ്ങി 100 റണ്‍സിന് പുറത്തായി. ഇതോടെ ഇന്ത്യ 318 റണ്‍സിന്റെ ജയം നേടുകയും രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ 1-0ന് മുന്നിലെത്തുകയും ചെയ്തു.