വീണ്ടും കേന്ദ്രത്തിന്റെ ഇരുട്ടടി..!!! കേരളത്തിനുള്ള വായ്പയില്‍ 2000 കോടിയുടെ കുറവ് വരുത്തി

തിരുവനന്തപുരം: കേരളം വായ്പയെടുക്കുന്നത് കേന്ദ്രം വെട്ടിക്കുറച്ചു. ഈ സാമ്പത്തികവര്‍ഷത്തിന്റെ രണ്ടാംപാദത്തില്‍ 6000 കോടി അര്‍ഹതയുണ്ടായിരുന്നത് നാലായിരം കോടിയായാണ് കുറച്ചത്. ഇത് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. ഓണക്കാലത്തെ ചെലവുകളെ ഇത് ബാധിക്കും.

ഓരോപാദത്തിലും 6000 കോടിരൂപ വീതമായി സാമ്പത്തികവര്‍ഷം 24,000 കോടി രൂപ കടമെടുക്കാനാണ് കേന്ദ്രം അനുവദിച്ചത്. ആദ്യപാദമായ ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ 6000 കോടി രൂപ കടമെടുക്കാന്‍ അനുവദിച്ചു. എന്നാല്‍, രണ്ടാംപാദമായ ജൂലായ് മുതല്‍ സെപ്റ്റംബര്‍വരെയുള്ള കാലത്തേക്ക് 4000 കോടി കടമെടുക്കാനേ അനുവദിച്ചിട്ടുള്ളൂ.

2016-17ല്‍ സംസ്ഥാനത്തിന്റെ പബ്ലിക് അക്കൗണ്ടില്‍ അധികമായി വന്ന 6000 കോടി രൂപ വായ്പയായി കണക്കാക്കിയാണ് കേന്ദ്രത്തിന്റെ നടപടി. ഇത്തരത്തിലുള്ള നിയന്ത്രണം അപൂര്‍വമാണ്. 2017-ല്‍ ഇത്തരത്തില്‍ വെട്ടിക്കുറച്ചത് കേരളത്തെ വലച്ചിരുന്നു.

വകുപ്പുകളുടേതായി ട്രഷറിയില്‍ നിക്ഷേപിച്ച പണവും ജീവനക്കാരുടെ ശമ്പളക്കുടിശ്ശിക പി.എഫില്‍ ലയിപ്പിച്ചതുമൊക്കെ വായ്പയായി കണക്കാക്കിയാണ് ഈ നടപടി. ഇതാണ് സ്ഥിതിയെങ്കില്‍ അടുത്ത രണ്ടുപാദങ്ങളിലും 2000 കോടിരൂപ വീതം കുറവുവന്നേക്കാമെന്ന ആശങ്കയിലാണ് ധനവകുപ്പ്. അങ്ങനെവന്നാല്‍ ഈ സാമ്പത്തികവര്‍ഷം 6000 കോടിരൂപ കേരളത്തിന് കുറയും.

പ്രളയദുരിതത്തിലായ കേരളത്തെ വീണ്ടും രൂക്ഷമായ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന ഈ തീരുമാനത്തിനെതിരേ വീണ്ടും കേന്ദ്രത്തെ സമീപിക്കാനാണ് കേരളത്തിന്റെ തീരുമാനം. വരുമാനം കൂട്ടുകയാണ് പോംവഴി. നികുതി കുടിശ്ശിക പിരിച്ചെടുക്കാനായാല്‍ ഇതു തരണംചെയ്യാം. ഇതിനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.

Similar Articles

Comments

Advertismentspot_img

Most Popular