തന്നെയും ചിലര്‍ മദ്യപിക്കാന്‍ ക്ഷണിച്ചിരുന്നു; വിദ്യര്‍ഥികള്‍ക്ക് മുന്‍പില്‍ കഥകള്‍ പങ്കുവച്ച് മുഖ്യമന്ത്രി

ധര്‍മ്മടം: വിദ്യാലയങ്ങള്‍ ലഹരി വിമുക്തമാക്കാന്‍ ഓരോരുത്തരും ഉറച്ച തീരുമാനമെടുക്കണമെന്ന് വിദ്യാര്‍ഥികളോട് മുഖ്യമന്ത്രി പിണറായി വിജയന്‍. ബ്രണ്ണന്‍ കോളേജിലെ പഠനകാലത്ത് തന്നെയും ചിലര്‍ മദ്യപിക്കാന്‍ ക്ഷണിച്ചതിന്റെ ഓര്‍മ്മകള്‍ പങ്കുവച്ചുകൊണ്ടാണ് മുഖ്യമന്ത്രി സംസാരിച്ചത്.

വേണ്ട എന്നു പറയാന്‍ കഴിഞ്ഞാലെ നമുക്കതിനെ ഒഴിവാക്കാന്‍ കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു. അത് തനിക്കന്ന് പറയാന്‍ കഴിഞ്ഞു. അതോടെ തന്നെ അറിയുന്നവര്‍ വിജയന് അത് കൊടുക്കേണ്ട, അത് വിജയന് വേണ്ട എന്ന് പറയുന്ന നിലയായി. നിങ്ങളും അങ്ങനെയാകണം. അന്ന് വേണ്ട എന്നു പറയാന്‍ തനിക്ക് കഴിഞ്ഞുവെങ്കില്‍ നിങ്ങള്‍ക്കും അതിന് കഴിയണം. ലഹരി മാഫിയകള്‍ വിദ്യാലയങ്ങളെ നോട്ടമിടുന്ന കാലത്ത് അതിനെ ചെറുക്കാന്‍ ഓരോ വിദ്യാര്‍ഥികള്‍ക്കും കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

ധര്‍മ്മടം മണ്ഡലത്തില്‍ എസ്.എസ്.എല്‍.സിക്കും പ്ലസ് ടൂവിനും എല്ലാ വിഷയത്തിനും എ പ്ലസ് നേടിയവര്‍ക്കുള്ള സ്വീകരണ ചടങ്ങിലാണ് മുഖ്യമന്ത്രി വിദ്യാര്‍ഥികളെ ഉപദേശിച്ചത്. പൊതുവിദ്യാലങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊതു വിദ്യാലയങ്ങളില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. അതുകൊണ്ടാണ് രണ്ട് വര്‍ഷംകൊണ്ട് സ്വകാര്യ വിദ്യാലയങ്ങളില്‍നിന്ന് 3,41,000 കുട്ടികള്‍ പൊതു വിദ്യാലയത്തിലേക്ക് വന്നത്. വിദ്യാഭ്യാസം പരീക്ഷ എഴുതാനുള്ള പഠനം മാത്രമാകരുതെന്നും മുഖ്യമന്ത്രി വിദ്യാര്‍ഥികളെ ഉപദേശിച്ചു. പതിവിന് വിപരീതമായി വിദ്യാര്‍ഥികളുമായി സംവദിക്കാനും അദ്ദേഹം തയ്യാറായി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7