തൃശൂര്‍: ചരിത്ര പ്രസിദ്ധമായ തൃശൂര്‍ പൂരം ചടങ്ങുകള്‍ക്ക് തുടക്കമായി. പൂരത്തിന്റെ ഭാഗമായി വടക്കുംനാഥ സന്നിധിയിലേക്ക് ഘടകപൂരങ്ങള്‍ വന്നു തുടങ്ങി. ആദ്യമെത്തിയത് കണിമംഗലം ശാസ്താവാണ്. മറ്റ് ഘടകപൂരങ്ങള്‍ തെക്കേ ഗോപുര നടവഴി പുറത്തേക്കിറങ്ങുകയാണ് ചെയ്യുന്നതെങ്കില്‍ കണിമംഗലം ശാസ്താവ് തെക്കേ ഗോപുരം വഴി അകത്തേക്ക് കടക്കുകയാണ് ചെയ്യുക.
കണിമംഗലം ശാസ്താവിന്റെ പൂരമാണ് ആദ്യം നടക്കുന്നത്. ശ്രീമൂലസ്ഥാനത്ത് ഏഴാനകളുടെ അകമ്പടിയോടെയാണ് കണിമംഗലം ശാസ്താവ് എഴുന്നള്ളിയത്. പൂരദിനത്തിലെ ആദ്യമേളം കൊട്ടിക്കയറി. വെയില്‍ കനക്കുന്നതിന് മുമ്പേ കണിമംഗലം ശാസ്താവ് തിരികെ പോകും.
കാരമുക്ക് ഭഗവതി, പനമുക്കംപള്ളി ശാസ്താവ്, അയ്യന്തോള്‍ ഭഗവതി, ളാലൂര്‍ ഭഗവതി തുടങ്ങി എട്ടോളം ഘടകപൂരങ്ങള്‍ ഇനി വടക്കുംനാഥ ക്ഷേത്രത്തിലേക്ക് എത്തും. ഇതിനൊപ്പം ശ്രീമൂലസ്ഥാനത്ത് ഓരോ പൂരത്തിനും മേളം കൊട്ടിക്കയറും. ഇതാണ് തൃശ്ശൂര്‍ പൂരത്തിനെ മറ്റ് പൂരങ്ങളില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നതും.
11.30-ന് നടക്കുന്ന മഠത്തില്‍വരവും രണ്ടുമണിയോടെ ആരംഭിക്കുന്ന ഇലഞ്ഞിത്തറമേളവും നാദ, താളവൈവിധ്യങ്ങളൊരുക്കും. അഞ്ചരയോടെ തെക്കേഗോപുരനടയില്‍ കുടമാറ്റം തുടങ്ങും. ചൊവ്വാഴ്ച ഉച്ചയ്ക്ക് തിരുവമ്പാടി, പാറമേക്കാവ് ദേവിമാര്‍ ഉപചാരംചൊല്ലി പിരിയുന്നതോടെ പൂരം പൂര്‍ണമാവും. വലിയൊരു പുരുഷാരത്തെയാണ് തൃശ്ശൂരില്‍ കാണാന്‍ സാധിക്കുന്നത്. കര്‍ശന സുരക്ഷാ ക്രമീകരണങ്ങളാണ് പൂരത്തോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്.