ഹര്‍ത്താലും പ്രതിഷേധവും നടത്തുന്നതില്‍ തെറ്റില്ല; എന്നാല്‍ മറ്റുള്ളവരും അതില്‍ ചേരണമെന്ന് നിര്‍ബന്ധിക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: ഹര്‍ത്താല്‍ ആര്‍ക്കും ഉപകാരപ്പെടുന്നില്ലെന്ന് ഹൈക്കോടതി. പെരിയ ഇരട്ടക്കൊലപാതകത്തെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് ആഹ്വാനം ചെയ്ത മിന്നല്‍ ഹര്‍ത്താലിന് എതിരെ എടുത്ത കോടതിയലക്ഷ്യ കേസ് പരിഗണിക്കവേയാണ് ഹര്‍ത്താലിനെതിരെ ഹൈക്കോടതി വീണ്ടും പ്രതികരിച്ചത്.

ഹര്‍ത്താലും പ്രതിഷേധപ്രകടനങ്ങളും നടത്തുന്നതില്‍ തെറ്റില്ലെന്നും അത് ജനാധിപത്യപരമായ അവകാശമാണെന്നും കോടതി പറഞ്ഞു. പ്രതിഷേധിക്കാനുള്ള അവകാശം സുപ്രീം കോടതി വരെ അംഗീകരിച്ചതാണ്. എന്നാല്‍ മറ്റുള്ളവരും അതില്‍ ചേരണമെന്ന് നിര്‍ബന്ധിക്കാന്‍ പാടില്ല. മറ്റുള്ളവരുടെ ഭരണഘടനാ അവകാശങ്ങളെ ഹനിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് കോടതി പറഞ്ഞു.

പ്രകോപനം എന്തായാലും നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അധികാരമില്ല. ആര് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു എന്നതല്ല, മിന്നല്‍ ഹര്‍ത്താല്‍ നടന്നു എന്നതാണ് പ്രശ്നമെന്നും കോടതി പറഞ്ഞു. ഡീന്‍ കുര്യാക്കോസിനെതിരെ കേസെടുക്കണമെന്ന് കോടതി ഉത്തരവില്‍ ഇല്ലായിരുന്നുവെന്നും എന്നാല്‍ ആ രീതിയില്‍ മാധ്യമങ്ങളില്‍ വന്നുവെന്നും കോടതി വിമര്‍ശിച്ചു.

അതേസമയം കോടതിയലക്ഷ്യ കേസില്‍ ഡീന്‍ കുര്യാക്കോസ് സമര്‍പ്പിച്ച സത്യവാങ്മൂലം ചീഫ് ജസ്റ്റിസിന്റെ ബഞ്ചില്‍ എത്തിയില്ല. ഇത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. സത്യവാങ്മൂലത്തിന്റെ വിശദാംശങ്ങള്‍ മാധ്യമങ്ങളില്‍ വന്നിരുന്നു. കാസര്‍കോട് യുഡിഎഫ് ജില്ലാ ഭാരവാഹിയായ കമറുദ്ദീന്റെ സത്യവാങ്മൂലം മാത്രമാണ് ബഞ്ചിലെത്തിയത്.

കമറുദ്ദീന്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. മരണം നടന്ന ദിവസം ശരത്ലാലിന്റേയും കൃപേഷിന്റേയും മൃതദേഹം ഉണ്ടായിരുന്ന താലൂക്ക് ആശുപത്രിയിലായിരുന്നു താനെന്ന് കമറുദ്ദീന്‍ കോടതിയെ അറിയിച്ചു. പിതൃത്വമില്ലാത്ത ഹര്‍ത്താലാണോ യുഡിഎഫിന്റേതെന്ന് കോടതി ചോദിച്ചു.

യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തുവെന്ന് പത്രങ്ങളില്‍ വന്നിരുന്നുവെന്ന് കോടതി പറഞ്ഞു. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കോടതി സ്വമേധയാ കോടതിയലക്ഷ്യ കേസെടുത്തതെങ്കില്‍ അത് തെറ്റാണ് എന്നായിരുന്നു കമറുദ്ദീന്റെവാദം. ഹര്‍ത്താല്‍ ആഹ്വാനം ഉണ്ടായിരുന്നില്ലെങ്കില്‍ യുഡിഎഫ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തുവെന്ന പത്രവാര്‍ത്തകള്‍ എന്തുകൊണ്ട് നിഷേധിച്ചില്ലെന്ന് കോടതി ചോദിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7