കൊച്ചി: ക്ഷേത്രത്തിനകത്ത് ഷര്‍ട്ട് ധരിച്ച് പ്രവേശിക്കാന്‍ അനുവാദം വേണമെന്ന നിവേദനത്തില്‍ സര്‍ക്കാര്‍ തന്ത്രിമാരുടെ അഭിപ്രായം തേടി. തൃശ്ശൂര്‍ സ്വദേശി കെ.ജി. അഭിലാഷാണ് രണ്ടുമാസംമുമ്പ് ദേവസ്വം ബോര്‍ഡിന് നിവേദനം നല്‍കിയത്. ആവശ്യത്തെക്കുറിച്ച് അറിയില്ലെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
നിവേദനം സര്‍ക്കാര്‍ തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡുകള്‍ക്ക് കൈമാറി. തന്ത്രിമാരുടെ അഭിപ്രായം ക്ഷേത്ര ഭരണാധികാരികള്‍ മുഖേന ശേഖരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. സംസ്ഥാനത്തെ മിക്ക ക്ഷേത്രങ്ങളിലും ക്ഷേത്രത്തിനകത്തോ നാലമ്പലത്തിലോ പുരുഷന്‍മാര്‍ക്ക് ഷര്‍ട്ടിട്ട് പ്രവേശിക്കാന്‍ അനുവാദമില്ല.
വിഷയത്തില്‍ ക്ഷേത്രം ഭാരവാഹികളുടെ കത്ത് ചര്‍ച്ചചെയ്തതായി അഖിലകേരള തന്ത്രിസമാജം മേഖലാ സെക്രട്ടറി പുടയൂര്‍ ജയനാരായണന്‍ നമ്പൂതിരി പറഞ്ഞു. ക്ഷേത്രാചാരങ്ങളില്‍ മാറ്റം വരുത്തുന്നത് ശരിയല്ലെന്നാണ് മേഖലാ യൂണിറ്റ് ഭാരവാഹികളുടെ അഭിപ്രായം. ക്ഷേത്രം പൊതുസ്ഥലമല്ല. നിയന്ത്രണങ്ങളും ആചാരങ്ങളും വിശ്വാസങ്ങളും ചേരുമ്പോഴാണ് അത് ക്ഷേത്രമാവുന്നത്. അതുകൊണ്ട് ഇക്കാര്യത്തില്‍ ആരും വാശിപിടിക്കുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല യുവതീപ്രവേശംപോലെ ക്ഷേത്രത്തിനകത്ത് ഷര്‍ട്ട് ധരിച്ചുള്ള പുരുഷപ്രവേശം വിവാദമാകുമോ എന്ന ഭയം സര്‍ക്കാരിനുണ്ട്. അതിനാലാണ് ഇക്കാര്യത്തില്‍ തന്ത്രിമാരുടെ അഭിപ്രായം തേടിയത്.
ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഒ.കെ. വാസു പറഞ്ഞു. അതേസമയം മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണറുടെ അറിയിപ്പിന്റെ സൂചന സര്‍ക്കാര്‍ കത്തിന്റെ അടിസ്ഥാനത്തിലാണുള്ളത്.