കൊല്ലം: ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്നത് നിഷേധിച്ച് പ്രതി സൂരജ്. ഉത്രയുടെ വീട്ടില്‍ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോഴാണ് പ്രതി കൃത്യം നിഷേധിച്ചത്. പാമ്പിനെ കൊണ്ടുവരുന്നതിനായി സൂരജ് ഉപയോഗിച്ച കുപ്പി നേരത്തേ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഉത്രയുടെ വീടിനടുത്തെ ഒഴിഞ്ഞ കെട്ടിടത്തില്‍ നിന്നാണ് കുപ്പി കണ്ടെടുത്തത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇത് നിര്‍ണായകമാകുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.
സ്വത്ത് തിരികെ നല്‍കേണ്ടി വരുമെന്ന് ഭയന്നിട്ടാണ് താന്‍ ഉത്രയെ വകവരുത്തിയതെന്ന് സൂരജ് പൊലീസിനോട് സമ്മതിച്ചിരുന്നു. തെളിവെടുപ്പിനെത്തിച്ചപ്പോള്‍ ഈ വാക്കുകളാണ് പ്രതി നിഷേധിച്ചത്.
മേയ് 7ന് പുലര്‍ച്ചെയാണ് ഒരു വയസുള്ള കുഞ്ഞിന്റെ അമ്മയായ ഉത്ര അഞ്ചലിലെ വീട്ടില്‍ കിടന്നുറങ്ങുന്നതിനിടെ പാമ്പ് കടിയേറ്റ് മരിക്കുന്നത്. മാര്‍ച്ച് 2ന് ഭര്‍തൃവീട്ടില്‍ വച്ചും പാമ്പ് കടിയേറ്റിരുന്നു. തുടര്‍ച്ചയായുള്ള പാമ്പ് കടിയില്‍ സംശയം തോന്നി മാതാപിതാക്കള്‍ നല്‍കിയ പരാതിയോടെയാണ് കൊലപാതകമെന്നു തെളിഞ്ഞത്.